
കൊച്ചി: പവൻ വില പുതിയ ഉയരങ്ങൾ കീഴടക്കി കുതിച്ചതോടെ കേരളത്തിൽ സ്വർണ പണയ വിപണി ചരിത്ര മുന്നേറ്റം നടത്തുന്നു. ബാങ്കുകളും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളും സ്വർണ പണയ വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തനം വിപുലീകരിക്കാനുള്ള ശ്രമത്തിലാണ്. നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ ഒൻപത് മാസക്കാലയളവിൽ ബാങ്കുകളുടെ സ്വർണ വായ്പകൾ 71.3 ശതമാനം വർദ്ധിച്ച് 1.72 ലക്ഷം കോടി രൂപയായി ഉയർന്നു. ഈടില്ലാ വായ്പകളുടെ വിതരണത്തിന് റിസർവ് ബാങ്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും സ്വർണ പണയത്തിന് താത്പര്യം വർദ്ധിപ്പിക്കുകയാണ്.
നടപടിക്രമങ്ങളുടെ സങ്കീർണതകളിലല്ലാതെ അതിവേഗം വായ്പ വിതരണം സാദ്ധ്യമാക്കാനാകുന്നതാണ് ഉപഭോക്താക്കൾക്കൊപ്പം ബാങ്കുകൾക്കും സ്വർണ പണയത്തിനോട് പ്രിയം കൂട്ടുന്നത്. വ്യക്തിഗത വായ്പകളുമായി താരതമ്യം ചെയ്യുമ്പോൾ സ്വർണ പണയങ്ങളിൽ കിട്ടാക്കടങ്ങൾ താരതമ്യേന കുറവാണെന്ന് ബാങ്കിംഗ് രംഗത്തുള്ളവർ പറയുന്നു. വില കുത്തനെ കൂടിയതോടെ സ്വർണ വായ്പകൾ പുതുക്കുമ്പോൾ അധിക തുക ലഭിക്കുന്നതും ഉപഭോക്താക്കൾക്ക് അനുഗ്രഹമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |