SignIn
Kerala Kaumudi Online
Friday, 23 October 2026 9.11 AM IST

തളർച്ചയൊഴിയാതെ റബർ, കുരുമുളക് കുതിക്കുന്നു

tapping

കോട്ടയം: വേനൽ ശക്തമായതോടെ ടാപ്പിംഗ് കുത്തനെ കുറഞ്ഞെങ്കിലും റബർ വിലയിൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായില്ല. കഴിഞ്ഞ വാരം ഒരു രൂപയുടെ കുറവാണ് കിലോയ്ക്ക് ഉണ്ടായത്. തായ്ലൻഡ് അടക്കമുള്ള രാജ്യങ്ങൾ ഓഫ് സീസണിലേക്ക് നീങ്ങിയതോടെ രാജ്യാന്തര വില ഉയർന്നു. ചൈന, ടോക്കിയോ ആർ.എസ്.എസ് ഫോർ വില 212 രൂപയിലെത്തി. ബാങ്കോക്കിൽ 210 രൂപയാണ്. വ്യാപാരി വില 183 രൂപയിലാണ്. ആഭ്യന്തര, രാജ്യാന്തര വിലകൾ തമ്മിലെ അന്തരം 27 രൂപയാണ്. ഇറക്കുമതി ചെയ്ത ചരക്ക് സ്റ്റോക്കുള്ളതിനാൽ ടയർ ലോബി വിപണിയിൽ നിന്ന് വിട്ടു നിൽക്കുന്നതാണ് വില ഉയരുന്നതിന് തടസം.

ടയർ കമ്പനികൾ മുൻപ് വാങ്ങിയ ഷീറ്റുകൾ വിവിധ ഗോഡൗണുകളിലാണ്. ഇത് ഫാക്‌ടറികളിലേക്ക് കയറിപോയാൽ മാത്രമേ വ്യാപാരികൾ വില ഉയർത്താൻ തയ്യാറാകൂവെന്ന് കർഷകർ പറയുന്നു.

കുരുമുളക് ലഭ്യത കുറയുന്നു

കുരുമുളകിന് ക്ഷാമം നേരിടുന്നതിനാൽ വില മുന്നേറുകയാണ്. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഈസ്റ്ററിന് മുൻപായി കുരുമുളക് സംഭരിക്കുന്നതിനാൽ വില ഇനിയും ഉയർന്നേക്കും. ഇന്ത്യൻ വിപണിയിൽ കഴിഞ്ഞ ആഴ്ച കിലോയ്‌ക്ക് നാല് രൂപ ഉയർന്നു. ഒലിയോറസിൻ കമ്പനികൾക്കായി അന്തർ സംസ്ഥാന കച്ചവടക്കാർ വാങ്ങൽ തുടർന്നാൽ വില ഇനിയും ഉയരും.

എട്ടു ശതമാനം ഇറക്കുമതി തീരുവയുള്ള . ശ്രീലങ്കൻ കുരുമുളക് വിപണിയിൽ സുലഭമാണ്. സത്തു കൂടുതലുള്ളതിനാൽ മസാല കമ്പനികൾ താത്പര്യം കാണിച്ചതോടെ ഉത്തരേന്ത്യൻ വ്യാപാരികൾ ശ്രീലങ്കൻ കുരുമുളകാണ് വാങ്ങുന്നത്.

കയറ്റുമതി വില കുറയുന്നു

ഇന്ത്യയുടെ കയറ്റുമതി നിരക്ക് ടണ്ണിന് 7850 ഡോളറിൽ നിന്ന് 7800 ഡോളറായി കുറഞ്ഞു. ശ്രീലങ്ക, വിയറ്റ്നാം, ബ്രസീൽ, ഇന്തോനേഷ്യ എന്നിവിടങ്ങളിലും വില കുറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360