SignIn
Kerala Kaumudi Online
Friday, 23 October 2026 12.04 PM IST

സാമ്പത്തിക രംഗത്ത് പ്രതീക്ഷാ കിരണങ്ങൾ

gdp-growth

മൂന്നാം പാദത്തിൽ ജി.ഡി.പിയിൽ 6.2% വളർച്ച

കൊച്ചി: ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസത്തിൽ ഇന്ത്യയുടെ ആഭ്യന്തര മൊത്തം ഉത്പാദനത്തിലെ(ജി.ഡി.പി) വളർച്ച 6.2 ശതമാനമായി മെച്ചപ്പെട്ടു. ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങൾക്കിടെയിലും ഇന്ത്യ ശക്തമായി പിടിച്ചുനിൽക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ജൂലായ് മുതൽ സെപ്തംബർ വരെയുള്ള രണ്ടാം പാദത്തിൽ വളർച്ച നിരക്ക് രണ്ട് വർഷത്തിനിടെയിലെ കുറഞ്ഞ തലമായ 5.6 ശതമാനത്തിലേക്ക് ഇടിഞ്ഞിരുന്നു. നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ ജി.ഡി.പി വളർച്ച 6.5 ശതമാനമാകുമെന്നും കേന്ദ്ര സ്‌റ്റാറ്റിസ്‌റ്റിക്‌സ് മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.

ഡിസംബർ പാദത്തിൽ 8.6 ശതമാനം വളർച്ചയുമായി നിർമ്മാണ മേഖലയാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. ധനകാര്യം, റിയൽ എസ്‌റ്റേറ്റ്, പ്രൊഫഷണൽ സർവീസുകൾ എന്നിവയടങ്ങിയ സേവന രംഗം 7.2 ശതമാനവും ഹോട്ടൽ, വ്യാപാരം, ഗതാഗതം, വാർത്താവിതരണം തുടങ്ങിയ മേഖലകൾ 6.4 ശതമാനവും വളർച്ച നേടി.

കരുത്തോടെ കാർഷിക, സേവന മേഖലകൾ

രാജ്യത്തെ കാർഷിക, സേവന മേഖലകൾ പ്രതികൂല സാഹചര്യങ്ങളിലും കരുത്തോടെ മുന്നേറുന്നുവെന്നാണ് മൂന്നാം ത്രൈമാസക്കാലയളവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. കാർഷിക മേഖല ഇക്കാലയളവിൽ 5.6 ശതമാനം വളർച്ച നേടി. രണ്ടാം പാദത്തിൽ കാർഷിക വളർച്ച 4.1 ശതമാനമായിരുന്നു. വ്യാവസായിക ഉത്പാദന മേഖലയിലെ വളർച്ച 2.1 ശതമാനത്തിൽ നിന്ന് 3.5 ശതമാനമായി ഉയർന്നെങ്കിലും പ്രതീക്ഷ കാത്തില്ല.

ഊർജം പകരുന്നത്

1. ഗ്രാമീണ മേഖലയിൽ വരുമാനം കൂടിയതോടെ ഉപഭോഗം ഉയർന്നു

2. കാലാവസ്ഥ അനുകൂലമായതോടെ കാർഷിക ഉത്പാദനം മെച്ചപ്പെട്ടു

3. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കൂടുതൽ പണം വിപണിയിൽ ചെലവഴിച്ചത്

കഴിഞ്ഞ പാദങ്ങളിലെ വളർച്ച

ഏപ്രിൽ-ജൂൺ : 6.7 ശതമാനം

ജൂലായ്-സെപ്ത‌ംബർ : 5.4 ശതമാനം

ഒക്ടോബർ-ഡിസംബർ: 6.2 ശതമാനം

നടപ്പു സാമ്പത്തികവർഷം പ്രതീക്ഷിക്കുന്ന വളർച്ച

6.5 ശതമാനം

മഹാകുംഭമേളയോടനുബന്ധിച്ചുണ്ടായ ഉണർവ് നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ച നിരക്ക് 6.5 ശതമാനമായി ഉയരാൻ സഹായിക്കും

വി. അനന്ത നാഗേശ്വരൻ

മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360