
കൊച്ചി: ഫെബ്രുവരിയിൽ ഇന്ത്യയുടെ മൊത്തം ചരക്ക് സേവന നികുതി(ജി.എസ്.ടി) വരുമാനം മുൻവർഷം ഇതേകാലയളവിനേക്കാൾ 9.1 ശതമാനം ഉയർന്ന് 1.84 ലക്ഷം കോടി രൂപയിലെത്തി. ജനുവരിയിൽ ജി.എസ്.ടി ഇനത്തിൽ 1.96 ലക്ഷം കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്. തുടർച്ചയായ പന്ത്രണ്ടാം മാസമാണ് ജി.എസ്.ടി വരുമാനം 1.7 ലക്ഷം കോടി രൂപ കവിയുന്നത്. നടപ്പു സാമ്പത്തിക വർഷത്തെ നാലാം ത്രൈമാസക്കാലയളവിൽ സാമ്പത്തിക മേഖല മികച്ച ഉണർവ് നേടിയെന്നാണ് ജി.എസ്.ടി വരുമാനത്തിലെ വർദ്ധന സൂചിപ്പിക്കുന്നത്. ആഭ്യന്തര വരുമാനം കഴിഞ്ഞ മാസം 10.2 ശതമാനം വർദ്ധനയോടെ 1.42 ലക്ഷം കോടി രൂപയിലെത്തി. ഇറക്കുമതി വരുമാനം 5.4 ശതമാനം ഉയർന്ന് 41,702 കോടി രൂപയായി. ഇക്കാലയളവിൽ കേന്ദ്ര സർക്കാരിന് 35,204 കോടി രൂപയും സംസ്ഥാന സർക്കാരുകൾക്ക് 43,704 കോടി രൂപയും ജി.എസ്.ടി വരുമാനം ലഭിച്ചു. സംയോജിത ജി.എസ്.ടി വരുമാനം 90,870 കോടി രൂപയും നഷ്‌ടപരിഹാര സെസ് 13,868 കോടി രൂപയുമാണ്.
ധനകമ്മി ഉയരുന്നു
നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ജനുവരി വരെയുള്ള പത്ത് മാസക്കാലയളവിൽ ഇന്ത്യയുടെ ധനകമ്മി 11.7 ലക്ഷം കോടി രൂപയായി ഉയർന്നു. സാമ്പത്തിക വർഷത്തിൽ മൊത്തം ലക്ഷ്യമിടുന്നതിന്റെ 74.5 ശതമാനമാണിത്. ഇക്കാലയളവിലെ നികുതി വരുമാനം മൊത്തം ലക്ഷ്യത്തിന്റെ 74.4 ശതമാനമായ 19.4 ലക്ഷം കോടി രൂപയാണ്. മുൻവർഷം ഇതേകാലയളവിൽ നികുതി വരുമാനം 18.8 ലക്ഷം കോടി രൂപയായിരുന്നു.
ആദ്യ പത്ത് മാസക്കാലയളവിൽ ഇന്ത്യയുടെ മൊത്തം ചെലവ് വാർഷിക ലക്ഷ്യത്തിന്റെ 75.7 ശതമാനമായ 35.7 ലക്ഷം കോടി രൂപയാണ്. ഇതിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള മൂലധന ചെലവ് 7.57 ലക്ഷം കോടി രൂപയായി ഉയർന്നു. നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ ധനകമ്മി മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 4.8 ശതമാനമായി കുറയ്യുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ഇത്തവണത്തെ കേന്ദ്ര ബഡ്‌ജറ്റിൽ വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെ പൊതു കടം ഘട്ടം ഘട്ടമായി കുറച്ചുകൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |