
മുതിർന്ന പൗരന്മാർക്കും ഹ്രസ്വകാല നിക്ഷേപകർക്കും നേട്ടമാകും
തിരുവനന്തപുരം: പ്രാഥമിക സഹകരണ സംഘങ്ങളിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ പരിഷ്‌കരിച്ചു. 15 മുതൽ 90 ദിവസം വരെയും 180 മുതൽ 364 ദിവസം വരെയുമുള്ള നിക്ഷേപത്തിന് പലിശ കാൽ ശതമാനം കൂടും. 91 മുതൽ 179 ദിവസത്തേക്കും രണ്ടു വർഷത്തിലധികമുള്ള നിക്ഷേപങ്ങൾക്കും നിരക്കിൽ മാറ്റമില്ല. ഒന്നുമുതൽ രണ്ടുവർഷം വരെയുള്ളതിന് കാൽശതമാനം കുറച്ചു. മുതിർന്ന പൗരൻമാരുടെ നിക്ഷേപങ്ങൾക്ക് അര ശതമാനം വർദ്ധിപ്പിച്ചു.
കറന്റ്, സേവിംഗ്സ് അക്കൗണ്ടുകളുടെ നിരക്കിൽ മാറ്റമില്ല. കേരള ബാങ്ക് പ്രാഥമിക സംഘങ്ങളിൽ നിന്ന് സ്വീകരിക്കുന്ന നിക്ഷേപങ്ങളുടെ പലിശയിലും മാറ്റമുണ്ടാകും. നിക്ഷേപ സമാഹരണ കാലത്ത് വാഗ്ദാനം ചെയ്ത പലിശ തുടർന്നും ലഭിക്കും. ഇതര ബാങ്കുകളെക്കാൾ കൂടുതലാണ് സഹകരണ ബാങ്കിലെ പുതിയ നിരക്ക്. പുതുക്കിയ നിരക്ക് ഇന്നലെ പ്രാബല്യത്തിലായി.
മന്ത്രി വി.എൻ.വാസവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗമാണ് പലിശനിരക്ക് പരിഷ്കരിച്ചത്. സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻനായർ, കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ, പാക്സ് അസോസിയേഷൻ പ്രസിഡന്റ് വി. ജോയി എം.എൽ.എ, സഹകരണവകുപ്പ് സെക്രട്ടറി ഡോ.വീണ.എൻ. മാധവൻ, സഹകരണസംഘം രജിസ്ട്രാർ ഡോ.ഡി.സജിത്ത് ബാബു, കേരളബാങ്ക് സി.ഇ.ഒ ജോർട്ടി എം.ചാക്കോ എന്നിവർ പങ്കെടുത്തു.
സ്ഥിര നിക്ഷേപങ്ങളുടെ
പുതുക്കിയ പലിശ നിരക്ക്
(ശതമാനത്തിൽ, ബ്രാക്കറ്റിൽ പഴയത്)
15 മുതൽ 45 ദിവസം വരെ....................................................6.25 (6)
46 മുതൽ 90 ദിവസം.............................................................6.75 (6.50)
91 മുതൽ 179 ദിവസം...........................................................7.25(7.25)
180 മുതൽ 364 ദിവസം........................................................ 7.75 (7.50)
ഒന്നു മുതൽ രണ്ടുവർഷം................................................... 8(8.25)
രണ്ടു വർഷത്തിൽ കൂടുതൽ............................................. 8(8)
മുതിർന്ന പൗരൻമാർക്ക്.....................................................8.50(8)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |