SignIn
Kerala Kaumudi Online
Tuesday, 20 October 2026 1.10 AM IST

ദീ​പാ​വ​ലി​ കച്ചവടത്തെ​ ​പൊ​ള്ളി​ച്ച് ​വി​ല​ക്ക​യ​റ്റം

di

കൊച്ചി: വിലക്കയറ്റം കുടുംബ ബഡ്‌ജറ്റുകളുടെ താളംതെറ്റിച്ചതോടെ ദീപാവലി വിപണിയിൽ തളർച്ച ശക്തമാകുന്നു. ഭക്ഷ്യവസ്‌തുക്കളുടെയും ഗതാഗതത്തിന്റെയും ചെലവ് വർദ്ധിച്ചതിനൊപ്പം ഉപഭോക്തൃ ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെയും കാറുകളുടെയും വിലയ ഉയർന്നതും ഉത്സവകാല വാങ്ങലുകളെ ബാധിക്കുന്നു. ഉള്ളി മുതൽ സോപ്പ് വരെയുള്ള അവശ്യ സാധനങ്ങളുടെ വില ഉയർന്നതോടെ ഇത്തവണ ദീപാവലി പർച്ചസുകൾക്ക് കുടുംബങ്ങൾ നിയന്ത്രണം ഏർപ്പെടുത്തുന്നതാണ് പ്രധാന വെല്ലുവിളി. വരുമാനത്തിൽ കാര്യമായ വർദ്ധനയില്ലാതെ ചെലവുകൾ കൂടുന്നത് കുടുംബങ്ങളെ ഷോപ്പിംഗ് നിയന്ത്രിക്കാൻ പ്രേരിപ്പിക്കുന്നുവെന്നാണ് വിപണിയിൽ നിന്നുള്ള സൂചന.

മാർച്ച് മുതൽ എ.സി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, എൽ.ഇ.ഡി ടി.വി തുടങ്ങിയ ഉത്പന്നങ്ങളുടെ വില പലതവണ ഉയർത്തിയതോടെ ഉപഭോക്താക്കൾ വാങ്ങൽ തീരുമാനങ്ങൾ നീട്ടിവയ്ക്കുകയാണെന്ന് കൊച്ചിയിലെ പ്രമുഖ ഹോം അപ്ലയൻസ് ബ്രാൻഡിന്റെ മേധാവി പറയുന്നു. ഓണക്കാലത്ത് വിപുലമായ പരസ്യപ്രചാരണം നടത്തിയിട്ടും പ്രതീക്ഷിച്ച വിൽപ്പന വളർച്ച കൈവരിക്കാനായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓണം മുതൽ ദീപാവലി വരെയുള്ള ഉത്സവകാലം രാജ്യത്തെ പ്രധാന വിൽപ്പന സീസണുകളിലൊന്നാണ്. എന്നാൽ വിലക്കയറ്റവും പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുള്ള ചെലവുവർദ്ധനയും ഇത്തവണ വിപണിയുടെ വളർച്ചയ്ക്ക് വെല്ലുവിളിയാകുന്നു.

ടൂറിസം രംഗത്തും തിരിച്ചടി

എണ്ണക്കമ്പനികൾ ഏവിയേഷൻ ടർബൻ ഫ്യൂവൽ വില കൂട്ടിയതിന് ആനുപാതികമായി വിമാന ടിക്കറ്റുകളുടെ നിരക്ക് ഉയർന്നതാണ് ടൂറിസം മേഖലയ്ക്ക് വെല്ലുവിളി സൃഷ്‌ടിക്കുന്നത്. പ്രധാന റൂട്ടുകളിൽ വിമാന ടിക്കറ്റുകളുടെ നിരക്ക് മുൻവർഷത്തേക്കാൾ ഇരട്ടിയിലധികം ഉയർന്നുവെന്ന് ടൂറിസം രംഗത്തുള്ളവർ പറയുന്നു.

ഇ കൊമേഴ്‌സിലും മാന്ദ്യം

ഷോപ്പിംഗ് ഫെസ്‌റ്റിവലിന്റെ ആദ്യ ദിവസങ്ങളിൽ ഇ കൊമേഴ്‌സ് സൈറ്റുകളിൽ കാര്യമായ വിൽപ്പന വളർച്ച ദൃശ്യമല്ല. ഉത്പന്നങ്ങളുടെ ഉയർന്ന വിലയും ഡിസ്‌കൗണ്ടുകൾ പരിമിതമായതുമാണ് വിൽപ്പന ബാധിക്കുന്നത്. ഇപ്പോഴത്തെ വിപണി സാഹചര്യങ്ങളാൽ വിപുലമായ വില ഇളവുകൾ പ്രഖ്യാപിക്കാൻ കമ്പനികൾക്ക് പരിമിതിയുണ്ട്.

സ്‌മാർട്ട് ഫോൺ വിൽപ്പനയിൽ ഇടിവ്

ഇന്ത്യയിൽ സ്‌മാർട്ട് ഫോൺ വിൽപ്പനയും മന്ദഗതിയിലാകുന്നു. വിലവർദ്ധനയും ചിപ്പുകളുടെ ക്ഷാമവും ഉപഭോക്താക്കളുടെ വാങ്ങൽശേഷിയെ ബാധിക്കുന്നു. ഇത്തവണ ഉത്സവകാലത്ത് സ്‌മാർട്ട് ഫോൺ വിൽപ്പനയിൽ 12 ശതമാനം ഇടിവുണ്ടാകുമെന്നാണ് പ്രമുഖ ഏജൻസിയായ കൗണ്ടർപോയിന്റ് റിസർച്ചിന്റെ പ്രവചനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DIWALI, LATESTNEWS, BUSINESS NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360