
കൊച്ചി: വൈദ്യുതി വാഹനങ്ങളുടെ വിൽപ്പന രണ്ട് ലക്ഷം കവിഞ്ഞ സാഹചര്യത്തിൽ രാജ്യമെമ്പാടും ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനുകളുടെ എണ്ണം വിപുലീകരിക്കാനൊരുങ്ങി ടാറ്റ. 2027ഓടുകൂടി നാല് ലക്ഷം ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ചാർജ് പോയിന്റ് ഓപ്പറേറ്റർമാരുടെയും (സി.പി.ഒ) എണ്ണ വിപണന കമ്പനികളുടെയും (ഒ.എം.സി) സഹകരണത്തോടെ (ഓപ്പൺ കൊളാബറേഷൻ 2.0) ഹൈവേകൾ കേന്ദ്രീകരിച്ച് 30,000ലധികം പൊതു ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും. വിവിധ ഇടങ്ങളിലായി ഒന്നരലക്ഷത്തിലധികം സ്വകാര്യ/ ഭവന ചാർജിംഗ് പോയിന്റുകൾക്ക് പുറമെ 2500 കമ്മ്യൂണിറ്റി ചാർജിംഗ് സെന്ററുകളും സ്ഥാപിക്കും. എല്ലാ വൈദ്യുതി വാഹന മോഡലുകൾക്കും അനുയോജ്യമായ രീതിയിലായിരിക്കും ചാർജിംഗ് സ്റ്റേഷനുകൾ നിർമ്മിക്കുക. വൈദ്യുതി വാഹന വിപണിയുടെ വളർച്ചയ്ക്ക് ആനുപാതികമായി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുകയാണ് ഓപ്പൺ കൊളാബറേഷൻ 2.0യിലൂടെ ലക്ഷ്യമിടുന്നതെന്ന് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് മാനേജിംഗ് ഡയറക്ടർ ശൈലേഷ് ചന്ദ്ര പറഞ്ഞു. കുറഞ്ഞ സമയത്തിനുള്ളിൽ, പരമാവധി വേഗതയോടെ ചാർജ് ചെയ്യാവുന്ന സ്റ്റേഷനുകളാണ് നിർമ്മിക്കുന്നത്. ഇതിനായി വിവിധ ചാർജ് പോയിന്റ് ഓപ്പറേറ്റർമാരുടെ സേവനം തേടും. രാജ്യത്തെ കൂടുതൽ ഇടങ്ങളിലേക്ക് ചാർജിംഗ് സ്റ്റേഷനുകൾ വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |