
ഓഹരി, രൂപ, ക്രിപ്‌റ്റോ മൂല്യമിടിയുന്നു
കൊച്ചി: ഡൊണാൾഡ് ട്രംപിന്റെ തീരുവ ഭീഷണി ലോകമെമ്പാടുമുള്ള ധന വിപണികളിൽ നിക്ഷേപകരുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നു. അമേരിക്കയും ചൈനയും യൂറോപ്പും അടക്കമുള്ള രാജ്യങ്ങൾ ഇറക്കുമതി ഉത്പന്നങ്ങൾക്ക് തീരുവ വർദ്ധിപ്പിക്കാൻ നീക്കം നടത്തുന്നതാണ് അനിശ്ചിതത്വം ശക്തമാക്കുന്നത്. ഡൊണാൾഡ് ട്രംപിന്റെ തീരുവ യുദ്ധത്തിന് തിരിച്ചടി നൽകുന്നതിനായി അമേരിക്കയിൽ നിന്നുള്ള കാർഷിക ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് ചൈന അധിക നികുതി ഏർപ്പെടുത്തിയ നടപടി ഇന്നലെ പ്രാബല്യത്തിൽ വന്നിരുന്നു. അമേരിക്കൻ ഉത്പന്നങ്ങളുടെ തീരുവ വർദ്ധിപ്പിക്കാൻ യൂറോപ്യൻ യൂണിയനും തയ്യാറെടുക്കുകയാണ്.
ആഗോള വിപണിയിലെ പ്രതികൂല ചലനങ്ങൾ ഇന്നലെ ഇന്ത്യൻ ഓഹരികൾക്കും സമ്മർദ്ദം ശക്തമാക്കി. ഇന്നലെ തുടക്കത്തിൽ മുന്നേറിയ മുഖ്യ സൂചികകൾക്ക് നേട്ടം നിലനിറുത്താനായില്ല. ഏഷ്യയിലെയും അമേരിക്കയിലെയും ഓഹരി വിപണികളും കനത്ത നഷ്‌ടം നേരിട്ടു.
സെൻസെക്സ് 217 പോയിന്റും നിഫ്‌റ്റി 92.2 പോയിന്റും ഇടിഞ്ഞു
വാഹന തീരുവ കുറയ്ക്കാൻ ഇന്ത്യ
ഏപ്രിൽ രണ്ട് മുതൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് പാരസ്പര്യ തീരുവ നടപ്പാകുമെന്ന ഡൊണാൾഡ് ട്രംപിന്റെ അന്ത്യശാസനം കണക്കിലെടുത്ത് സമാശ്വാസ നടപടികൾക്ക് ഇന്ത്യ ഒരുങ്ങുന്നു. അമേരിക്കയിൽ നിന്നുള്ള വാഹനങ്ങളുടെ തീരുവ കുറച്ച് ഉഭയകക്ഷി ചർച്ചകൾക്ക് അനുകൂല സാഹചര്യം സൃഷ്‌ടിക്കാനാണ് ശ്രമം.
അടിതെറ്റി രൂപ
ക്രൂഡോയിൽ വിലയിലെ ചാഞ്ചാട്ടവും വ്യാപാര യുദ്ധ ആശങ്കകളും ശക്തമായതോടെ ഡോളറിനെതിരെ രൂപ 38 പൈസ നഷ്‌ടവുമായി 87.33ലേക്ക് മൂക്കുകുത്തി. ചൈനീസ് യുവാന്റെ മൂല്യയിടിവും രൂപയ്ക്ക് സമ്മർദ്ദം സൃഷ്‌ടിച്ചു. ഒരു മാസത്തിനിടെയിലെ ഏറ്റവും വലിയ പ്രതിദിന മൂല്യയിടിവാണ് രൂപയിലുണ്ടായത്. വിദേശ നിക്ഷേപകരുടെ പിന്മാറ്റവും തിരിച്ചടിയായി.
ബിറ്റ്‌കോയിൻ വില മൂക്കുകുത്തി
അമേരിക്കയുടെ വിദേശ നാണയ ശേഖരത്തിൽ ക്രിപ്‌റ്റോ നാണയങ്ങൾ ഉൾപ്പെടുത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനം നിക്ഷേപകരെ നിരാശരാക്കിയതോടെ ബിറ്റ്കോയിൻ വില അഞ്ച് ശതമാനം ഇടിവോടെ 82,310 ഡോളറിലേക്ക് താഴ്ന്നു. വിപണി മൂല്യം ഇതോടെ 1.63 ലക്ഷം കോടി ഡോളറായി മൂക്കുകുത്തി. എതേറിയം, എ.ഡി.എ തുടങ്ങിയ ക്രിപ്‌റ്റോകളും വിലയിടിവ് നേരിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |