
ട്രംപിന്റെ തീരുവ വർദ്ധന തിരിച്ചടിയാകും
കൊച്ചി: ഏപ്രിൽ മുതൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് പകരച്ചുങ്കം ഏർപ്പെടുത്താനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കം ഇന്ത്യൻ വജ്ര, സ്വർണാഭരണ കയറ്റുമതി മേഖലയ്ക്ക് വെല്ലുവിളി ഉയർത്തുന്നു. ഇന്ത്യയുടെ മൊത്തം വജ്ര, സ്വർണാഭരണ കയറ്റുമതിയിൽ പകുതിയിലധികം വിഹിതമുള്ള അമേരിക്ക പൊടുന്നനെ തീരുവ ഉയർത്തിയാൽ ഇന്ത്യൻ സ്വർണാഭരണ കയറ്റുമതി മേഖലയുടെ നിലനിൽപ്പ് അപകടത്തിലാകുമെന്ന് ജെം ആൻഡ് ജുവലറി എക്‌സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ ചെയർമാൻ കിരിത് ഭൻസാലി പറയുന്നു. അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയുടെ സ്വർണാഭരണ കയറ്റുമതി 7,000 കോടി ഡോളറായി ഉയർത്താൻ ലക്ഷ്യമിടുന്നതിനിടെ ഇറക്കുമതി തീരുവയിൽ വർദ്ധനയുണ്ടായാൽ തിരിച്ചടി ശക്തമാകും. നിലവിൽ പ്രതിവർഷം 3,500 കോടി ഡോളറിന്റെ സ്വർണാഭരണങ്ങളാണ് ഇന്ത്യ കയറ്റി അയക്കുന്നത്.
ഫെബ്രുവരിയിൽ ഇന്ത്യയുടെ വജ്ര, സ്വർണാഭരണ കയറ്റുമതി 23.49 ശതമാനം ഇടിഞ്ഞ് 242.29 കോടി ഡോളറിലെത്തിയിരുന്നു. വിലയിലുണ്ടായ കുതിച്ചുചാട്ടം വിദേശ വിപണികളിൽ സ്വർണാഭരണ ഉപഭോഗത്തെ പ്രതികൂലമായി ബാധിച്ചതാണ് കയറ്റുമതിയിൽ ഇടിവുണ്ടാക്കിയത്. മുൻവർഷം ഇതേകാലയളവിൽ സ്വർണാഭരണ കയറ്റുമതി 316.66 കോടി ഡോളറായിരുന്നു.
പുതിയ വിപണികൾ കണ്ടെത്തുന്നു
അമേരിക്കയിലെ തീരുവ വർദ്ധന കണക്കിലെടുത്ത് ലാറ്റിൻ അമേരിക്ക, വിയറ്റ്‌നാം, സൗദി അറേബ്യ തുടങ്ങിയ മേഖലകളിൽ പുതിയ വിപണി കണ്ടെത്താനാണ് കയറ്റുമതി സ്ഥാപനങ്ങൾ ഒരുങ്ങുന്നത്. രാജ്യത്തെ സ്വർണാഭരണ നിർമ്മാണ മേഖലയുടെ സംരംക്ഷണത്തിന് കേന്ദ്ര സർക്കാർ ഉചിതമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് ജെം ആൻഡ് ജുവലറി എക്സ്‌പോർട്ട് സ്ഥാപനങ്ങൾ പറയുന്നു.
പ്രതികൂല സാഹചര്യങ്ങൾ
1. അമേരിക്ക, ചൈന എന്നിവിടങ്ങളിലെ സാമ്പത്തിക മാന്ദ്യം ഉപഭോഗം കുറയ്ക്കുന്നു
2. ആഗോള രാഷ്‌ട്രീയ സംഘർഷങ്ങളും ഡയമണ്ട് വിലയിലെ തിരുത്തലും ഉപഭോഗം ഇടിക്കുന്നു
3. സ്വർണത്തിന്റെ റെക്കാഡ് വിലക്കുതിപ്പ് ഉപഭോക്താക്കളുടെ വാങ്ങൽ താത്പര്യം കുറയ്‌ക്കുന്നു
നടപ്പു സാമ്പത്തിക വർഷം 11 മാസങ്ങളിലെ സ്വർണാഭരണ കയറ്റുമതി
2,17,148.26 കോടി രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |