SignIn
Kerala Kaumudi Online
Saturday, 19 September 2026 7.54 PM IST

ഏഴാം ദിനവും ഓഹരികളിൽ ആവേശപ്പെരുമഴ, തീരുവ യുദ്ധം ഒഴിവാകുമെന്ന പ്രതീക്ഷ നേട്ടമായി

market

കൊച്ചി: വ്യാപാര യുദ്ധത്തിൽ ഡൊണാൾഡ് ട്രംപ് നിലപാട് മയപ്പെടുത്തിയതോടെ ആഗോള വിപണികളിൽ വീണ്ടും ആവേശമേറി. ആഗോള മേഖലയിലെ അനുകൂല സാഹചര്യങ്ങളുടെ കരുത്തിൽ ഏഴാം ദിവസവും ഇന്ത്യൻ ഓഹരി വിപണി മുന്നേറി. ബി.എസ്.ഇ സെൻസെക്സ് 548 പോയിന്റ് നേട്ടവുമായി 80,255ൽ അവസാനിച്ചു. നിഫ്‌റ്റി 162 പോയിന്റ് ഉയർന്ന് 24,329ൽ എത്തി. ധനകാര്യ, എഫ്.എം.സി.ജി മേഖലകളിലെ ഓഹരികളാണ് ഇന്നലെ മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. വിപണിയിൽ പണ ലഭ്യത ഉയർത്താൻ റിസർവ് ബാങ്ക് സ്വീകരിച്ച നടപടികളും വിദേശ നിക്ഷേപകരുടെ വർദ്ധിത പങ്കാളിത്തവുമാണ് ഓഹരികൾക്ക് കരുത്ത് പകർന്നത്.

അമേരിക്കയുമായി വ്യാപാര കരാറിൽ ഏർപ്പെട്ടാൽ ചൈനീസ് ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ തീരുവ ഗണ്യമായി കുറയ്ക്കുമെന്ന് ഡൊണാൾഡ് ട്രംപ് സൂചിപ്പിച്ചതാണ് ലോകമെമ്പാടുമുള്ള ഓഹരി നിക്ഷേപകർക്ക് ആവേശം പകർന്നത്. അമേരിക്കൻ ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിനെതിരെയുള്ള എതിർപ്പ് ട്രംപ് മയപ്പെടുത്തിയതും വിപണിക്ക് കരുത്തായി. ഐ.ടി, വാഹന, ബാങ്കിംഗ് ഓഹരികളാണ് ഇന്നലെ മുന്നേറിയത്. ഏഷ്യ, യു.എസ്, യൂറോപ്പ് എന്നിവിടങ്ങളിലെ ഓഹരി വിപണികളും കുതിച്ചുയർന്നു.

എച്ച്.സി.എൽ ടെക്‌നോളജീസ്, ഇൻഫോസിസിസ്, ടെക്ക് മഹീന്ദ്ര, ടി.സി.എസ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയവയാണ് ഇന്നലെ മികച്ച നേട്ടമുണ്ടാക്കിയത്.

തലയുയർത്തി ഇന്ത്യ

സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടെയിലും ലോക വിപണികളിൽ തലയുയർത്തി ഇന്ത്യൻ ഓഹരി വിപണി. ട്രംപിന്റെ പകരച്ചുങ്കത്തിന് ശേഷം ലോക വിപണികൾ മുഴുവൻ അടിപതറിയപ്പോഴും ഇന്ത്യൻ ഓഹരികൾ ചരിത്രക്കുതിപ്പ് നടത്തി. യു.എസിലെയും യൂറോപ്പിലെയും ഏഷ്യയിലെയും വിപണികളെല്ലാം പകരച്ചുങ്കത്തിന് ശേഷം അഞ്ച് മുതൽ 12 ശതമാനം വരെയാണ് നഷ്‌ടം നേരിട്ടത്. എന്നാൽ ഇക്കാലയളവിൽ സെൻസെക്സും നിഫ്‌റ്റിയും നാല് ശതമാനം നേട്ടമുണ്ടാക്കി.

ബാങ്കിംഗ് രംഗം ശക്തം

ആഗോള മേഖലയിലെ പ്രതിയോഗികളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ ബാങ്കുകൾ ഡിജിറ്റലൈസേഷനിലും സേവന തത്പരതയിലും ബഹുദൂരം മുന്നിലാണെന്ന് പ്രമുഖ രാജ്യാന്തര ഏജൻസിയായ ഡെലോയിറ്റിന്റെ റിപ്പോർട്ട്. ഡിജിറ്റൽ ബാങ്കിംഗ് മെച്ചുരിറ്റി സൂചികയിലാണ് ഇന്ത്യൻ ബാങ്കുകൾ നിലവാരം മെച്ചപ്പെടുത്തിയത്.

രൂപ ദുർബലമായി

രാജ്യാന്തര വിപണിയിൽ ഡോളർ സൂചിക ശക്തിയാർജിച്ചതോടെ രൂപയുടെ മൂല്യം ഇന്നലെ 24 പൈസ നഷ്‌ടത്തോടെ 85.44ലേക്ക് താഴ്ന്നു. ട്രംപിന്റെ നയ സ്ഥിരതയിൽ സംശയമേറിയതോടെ ലോകത്തിലെ കേന്ദ്ര ബാങ്കുകളും വൻകിട ഫണ്ടുകളും കഴ്ര് ദിവസങ്ങളിൽ ഡോളർ വിറ്റുമാറിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360