SignIn
Kerala Kaumudi Online
Friday, 23 October 2026 2.13 AM IST

ആയിരങ്ങൾ ലക്ഷങ്ങളാക്കുന്ന അത്ഭുത വിദ്യ

money

പണം ഇരട്ടിപ്പിക്കുന്ന സ്കീമുകൾ അന്വേഷിക്കുന്നവർക്ക് വിരൽത്തുമ്പിൽ ലഭ്യമായ ഒരു നിക്ഷേപ പദ്ധതിയാണ് റെക്കറിംഗ് ഡെപ്പോസിറ്റ്. മൊബൈൽ ബാങ്കിംഗ് ആപ്പിൽ നാല് ക്ലിക്കിലൂടെ തുടങ്ങാം. രാജ്യത്ത് ഏകദേശം 250 കോടി ബാങ്ക് അക്കൗണ്ടുകളുണ്ടെങ്കിലും നാലിലൊന്ന് ഉപഭോക്താക്കൾക്ക് പോലും ആർ.ഡി എന്നറിയപ്പെടുന്ന റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ടുകളില്ല. അറിവില്ലായ്മയാണ് കാരണം. ബിറ്റ്കോയിനും ഡിജിറ്റൽ കറൻസിയും ഫ്യൂച്ചേഴ്സും തിളങ്ങുന്ന വിപണിയിൽ ആർ.ഡിക്ക് എന്ത് പ്രസക്തിയെന്ന് തോന്നാം. എന്നാൽ ഇത്രയും സുരക്ഷിതവും ശക്തവും ലളിതവുമായ മറ്റൊരു നിക്ഷേപ പദ്ധതിയില്ല.

എപ്പോൾ വേണമെങ്കിലും അക്കൗണ്ട് ക്ലോസ് ചെയ്ത് പണം പിൻവലിക്കാം. പണത്തിന് അത്യാവശ്യം വന്നാൽ അക്കൗണ്ട് ക്ലോസ് ചെയ്യാതെ വായ്പയും എടുക്കാം. റെക്കറിംഗ് ഡെപ്പോസിറ്റിൽ മാസംതോറും ഒരു ചെറിയ തുക നിശ്ചിത വർഷക്കാലത്തേക്ക് സ്ഥിരമായി മുടങ്ങാതെ നിക്ഷേപിക്കണം. ഫിക്‌സഡ് ഡെപ്പോസിറ്റിനുള്ള പലിശ ഇവയ്‌ക്കും ലഭിക്കും. ഒരുവർഷം മുതൽ 10 വർഷം വരെയാണ് നിക്ഷേപ കാലാവധി. തവണ മുടങ്ങിയാൽ ചെറിയ ഒരു തുക പിഴ ഈടാക്കും.

എവിടെ ചേരാം

ബാങ്കുകളിലും സഹകരണ ബാങ്കുകളിലും പോസ്റ്റോഫീസിലും റെക്കറിംഗ് ഡെപ്പോസിറ്റ് തുടങ്ങാം. പ്രതിമാസം 100 രൂപ മുതൽ എത്ര തുകവേണമെങ്കിലും അടയ്ക്കാം. ഒരിക്കൽ തുകയും കാലാവധിയും നിശ്ചയിച്ചാൽ പിന്നീട് മാറ്റാനാകില്ല. എല്ലാ മാസവും പണം ബാങ്കുകളിൽ നേരിട്ട് അടയ്ക്കാം. ചെക്ക് നൽകാം. ഓട്ടോ ഡെബിറ്റ് വഴിയും അടയ്ക്കാം.

ശ്രദ്ധിക്കേണ്ടത്

ശമ്പള അക്കൗണ്ടുള്ള ബാങ്കിൽ റെക്കറിംഗ് ഡെപ്പോസിറ്റ് ചേരുന്നതാണ് നല്ലത്. ശമ്പള ദിനത്തിൽ പണം ഡെബിറ്റ് ചെയ്യാനുള്ള ഓട്ടോ ഡെബിറ്റ് ഏർപ്പെടുത്തിയാൽ നിശ്ചിത തുക ഓട്ടോമാറ്റിക്കായി റെക്കറിംഗ് ഡെപ്പോസിറ്റിലേക്ക് മാറും. അഞ്ചോ പത്തോ വർഷം കഴിയുമ്പോൾ വലിയ ഒരു തുകയായി അക്കൗണ്ടിൽ തിരിച്ചെത്തും.

പണം പെരുകുന്ന വഴി

നിക്ഷേപത്തിന് 6.25 ശതമാനം വാർഷിക പലിശ നൽകുന്ന ഒരു ബാങ്കിന്റെ റെക്കറിംഗ് ഡെപ്പോസിറ്റിൽ പ്രതിമാസം 1000 രൂപ വീതം അഞ്ചുവർഷം നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ 70,525 രുപ ലഭിക്കും. 10 വർഷം നിക്ഷേപിച്ചാൽ ലഭിക്കുക 1.66 ലക്ഷം രൂപയാണ്. ഇക്കാലയളവിൽ നിങ്ങൾ യഥാർത്ഥത്തിൽ മുടക്കുന്നത് യഥാക്രമം 60,000 രൂപയും 1.20 ലക്ഷം രൂപയും മാത്രമാണ്. പ്രതിമാസം 5,000 രൂപ നിക്ഷേപിച്ചാൽ 10 വർഷം കഴിയുമ്പോൾ 8.33 ലക്ഷം രൂപ ലഭിക്കും. ഇക്കാലയളവിൽ മുടക്കുന്നത് ആറുലക്ഷം രൂപമാത്രം. പ്രതിമാസ നിക്ഷേപം 10,000 രൂപയാണെങ്കിൽ 10 വർഷത്തിൽ 16.66 ലക്ഷമായി വളരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360