SignIn
Kerala Kaumudi Online
Friday, 23 October 2026 2.12 AM IST

ഓഹരി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപ ഒഴുക്ക് കുറഞ്ഞു

fund

ആഭ്യന്തര നിക്ഷേപകരും പിന്മാറ്റ പാതയിൽ

കൊച്ചി: വിപണിയിൽ അനിശ്ചിതത്വം ശക്തമായതോടെ ആഭ്യന്തര നിക്ഷേപകർക്കും ഓഹരിയിൽ പ്രിയം കുറയുന്നു. അസോസിയേഷൻ ഒഫ് മ്യൂച്വൽ ഫണ്ട്‌സ് ഇൻ ഇന്ത്യയുടെ(എ.എം.എഫ്.ഐ) കണക്കുകളനുസരിച്ച് ഡിസംബറിൽ ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള പണമൊഴുക്ക് ആറ് ശതമാനം കുറഞ്ഞ് 28,054 കോടി രൂപയിലെത്തി. നവംബറിൽ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ 29,911 കോടി രൂപയുടെ നിക്ഷേപം ലഭിച്ചിരുന്നു. അതേസമയം കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് വൻതോതിൽ പണം പിൻവലിക്കുകയാണ്. ഡിസംബറിൽ മാത്രം ഡെറ്റ് മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് 1.32 ലക്ഷം കോടി രൂപയാണ് നിക്ഷേപകർ പിൻവലിച്ചത്. ഇതോടെ മൊത്തം മ്യൂച്വൽ ഫണ്ടുകളിലെ വില്പന 66,571 കോടി രൂപയായി.

ഡിസംബർ വരെയുള്ള കണക്കനുസരിച്ച് ഇന്ത്യൻ മ്യൂച്വൽ ഫണ്ട് മേഖല കൈകാര്യം ചെയ്യുന്ന ആസ്തി (എ.യു.എം) 80.23 ലക്ഷം കോടി രൂപയിലേക്ക് താഴ്ന്നുവെന്ന് എ.എം.എഫ്.ഐ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ വെങ്കട് ചലാസണി പറഞ്ഞു. മുൻവർഷത്തേക്കാൾ എ.യു.എമ്മിൽ നേരിയ ഇടിവുണ്ടെങ്കിലും നിക്ഷേപ പങ്കാളിത്തം മെച്ചപ്പെടുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മുൻവർഷത്തേക്കാൾ മ്യൂച്വൽ ഫണ്ട് ഇൻഡസ്‌ട്രി കൈകാര്യം ചെയ്യുന്ന ആസ്തിയിൽ 19.99 ശതമാനം വർദ്ധനയുണ്ടായി.

ഹൈബ്രിഡ് സ്കീമുകളിൽ കഴിഞ്ഞ മാസം 10,756 കോടി രൂപയുടെ നിക്ഷേപമാണ് ലഭിച്ചത്. എക്‌സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിൽ(ഇ.ടി.എഫ്) ഉൾപ്പെടെ ഹൈബ്രിഡ് ഫണ്ടുകളിൽ 26,723 കോടി രൂപയുടെ നിക്ഷേപം ഒഴുകിയെത്തി.

സ്വർണ ഇ.ടി.എഫുകൾക്ക് പ്രിയമേറുന്നു

കഴിഞ്ഞ മാസം ഗോൾഡ് ഇ.ടി.എഫുകളിൽ 11,647 കോടി രൂപയുടെ നിക്ഷേപം ലഭിച്ചു. നവംബറിലെ 3,742 കോടി രൂപയുടെ നിക്ഷേപത്തേക്കാൾ മികച്ച വളർച്ചയാണുണ്ടായത്. ഫ്ളെക്‌സി കാപ്പ് ഫണ്ടുകളിൽ 10,019 കോടി രൂപയാണ് നിക്ഷേപകർ മുടക്കിയത്.

എസ്.ഐ.പി റെക്കാഡ് ഉയരത്തിൽ

സിസ്‌റ്റമാറ്റിക് ഇൻവെസ്‌റ്റ് പ്ളാനുകളിലേക്കുള്ള(എസ്.ഐ.പി) നിക്ഷേപ ഒഴുക്ക് ഡിസംബറിൽ റെക്കാഡ് ഉയരത്തിലാണ്. ഡിസംബറിലെ എസ്.ഐ.പി നിക്ഷേപം ചരിത്രത്തിലാദ്യമായി 31,000 കോടി ഡോളർ കവിഞ്ഞു. ഇതോടെ എസ്.ഐ.പിയുടെ കീഴിലെ മൊത്തം നിക്ഷേപം 16.63 ലക്ഷം കോടി രൂപയായി ഉയർന്നു. ചെറുകിട, ഇടത്തരം ഓഹരികളിൽ നിക്ഷേപിക്കുന്ന ഫണ്ടുകളിലേക്ക് പണമൊഴുക്ക് നേരിയ തോതിൽ കുറഞ്ഞു.

ഓഹരി മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപം

മാസം നിക്ഷേപം(കോടി രൂപയിൽ)

സെപ്തംബർ 30,442

ഒക്ടോബർ 24,690

നവംബർ 29,991

ഡിസംബർ 28,054

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360