SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.24 AM IST

ഓഹരി നിക്ഷേപകർക്ക് പരീക്ഷണ കാലം

stock

യുദ്ധ തീവ്രതയിൽ വിപണി മൂക്കുകുത്തുന്നു

കൊച്ചി: ഇറാൻ യുദ്ധം അതിവേഗം വ്യാപിക്കുന്നതിനാൽ രാജ്യത്തെ ഓഹരി നിക്ഷേപകരുടെ ആത്മവിശ്വാസം ചോരുന്നു. ഗൾഫ് രാജ്യങ്ങൾക്കെതിരെ ഇറാൻ ആക്രമണം കടുപ്പിക്കുന്നതും ഇസ്രയേൽ, യു.എസ് സേനകളുടെ സംയുക്ത സൈനിക നീക്കവും ലോകത്തിലെ ഇന്ധന വിപണി കലുഷിതമാക്കുന്നതാണ് പ്രധാന ആശങ്ക. വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിക്കുമ്പോൾ ക്രൂഡോയിൽ വില ബാരലിന് 93.8 ഡോളർ വരെ ഉയർന്നിരുന്നു. യു.എ.ഇയും കുവൈത്തും ഇറാഖും ഖത്തറുമടക്കമുള്ള രാജ്യങ്ങൾ ക്രൂഡോയിലിന്റെയും പ്രകൃതിവാതകത്തിന്റെയും ഉത്പാദനം ഗണ്യമായി കുറച്ചിരുന്നു. ഇതോടെ ആഗോള തലത്തിൽ അവശ്യ സാധനങ്ങളുടെ വിലക്കയറ്റം വരും ദിവസങ്ങളിൽ രൂക്ഷമാകുമെന്ന് വിലയിരുത്തുന്നു.

ഇന്ന് ഓഹരി വിപണിയിൽ രക്തച്ചൊരിച്ചിൽ തുടർന്നേക്കും. ഇന്ധന അനിശ്ചിതത്വം കമ്പനികളുടെ വിറ്റുവരവിനെയും ലാഭക്ഷമതയെയും പ്രതികൂലമായി ബാധിക്കും. യുദ്ധം തുടങ്ങിയതിന് ശേഷം ഒരു ദിവസമൊഴികെ ഇന്ത്യയിലെ പ്രധാന ഓഹരി സൂചികകൾ കനത്ത നഷ്‌ടമാണ് നേരിട്ടത്.

ആഗോള രംഗത്തെ ചലനങ്ങളും വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ വാങ്ങൽ തീരുമാനവുമാണ് വിപണിയെ സ്വാധീനിക്കുക. നടപ്പുവാരം പുറത്തുവരുന്ന ഫെബ്രുവരിയിലെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പ കണക്കുകളും നിക്ഷേപകർ കരുതലോടെ കാത്തിരിക്കുന്നു.

നഷ്‌ടക്കച്ചവടം തുടർന്നേക്കും

ഓഹരി വിപണിയിൽ നടപ്പുവാരവും നഷ്‌ടം രൂക്ഷമായേക്കും. കഴിഞ്ഞ വാരം സെൻസെക്‌സ് 2,368.29 പോയിന്റും നിഫ്‌റ്റി 728.27 പോയിന്റും നഷ്‌ടമാണ് നേരിട്ടത്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ചയും ശക്തമായേക്കും. കഴിഞ്ഞ വാരം ഒരവസരത്തിൽ രൂപ റെക്കാഡ് താഴ്ചയായ 92.16 വരെ എത്തിയിരുന്നു.

വിദേശ നിക്ഷേപകർ മടങ്ങുന്നു

നാല് ദിവസത്തിനിടെ വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് 21,000 കോടി രൂപയാണ് പിൻവലിച്ചത്. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യങ്ങളിൽ വ്യക്തതയുണ്ടാവുന്നതു വരെ വിദേശ നിക്ഷേപകരുടെ വാങ്ങൽ ഉണ്ടാവില്ലെന്ന് വിദഗ്ദ്ധർ പറയുന്നു.

ക്രൂഡോയിൽ 100 ഡോളറിലേക്കോ?

ഗൾഫ് മേഖലയിലെ സംഘർഷവും ഹോർമുസ് കടലിടുക്കിലെ ചരക്ക് ഗതാഗത തടസവും തുടരുന്നതിനാൽ നടപ്പു വാരം ക്രൂഡോയിൽ വില ബാരലിന് നൂറ് ഡോളർ കടന്നേക്കുമെന്ന ആശങ്ക ശക്തമാകുന്നു. വിവിധ രാജ്യങ്ങൾ ഉത്പാദനം നിറുത്തിവച്ചതും മറ്റ് വിപണികളിൽ ഡിമാൻഡ് കൂടുന്നതുമാണ് പ്രധാന വെല്ലുവിളി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360