SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.24 AM IST

യുദ്ധത്തിൽ ഉലഞ്ഞ് വിദേശ വ്യാപാരം

export

ഫെബ്രുവരിയിൽ വ്യാപാര കമ്മി കുറഞ്ഞു

കൊച്ചി: പശ്ചിമേഷ്യയിലെ സംഘർഷം ചരക്കുനീക്കത്തിൽ തടസം സൃഷ്‌ടിച്ചതിനാൽ ഇന്ത്യയുടെ വിദേശ വ്യാപാരം ഉലയുന്നു. കയറ്റുമതി തളർച്ചയും ഇറക്കുമതിയിലെ ഇടിവും ഫെബ്രുവരിയിൽ ഇന്ത്യയുടെ വ്യാപാര കമ്മി 2,710 കോടി ഡോളറിലേക്ക് കുറച്ചു. ജനുവരിയിൽ വ്യാപാര കമ്മി 3,468 കോടി ഡോളറായിരുന്നു. ഇറാനും അമേരിക്കയുമായി രാഷ്ട്രീയ സംഘർഷം രൂക്ഷമായതോടെ ഷിപ്പിംഗ് ചെലവും ഇൻഷ്വറൻസ് പ്രീമിയവും ഉയർന്നതാണ് ഇറക്കുമതിക്ക് തിരിച്ചടിയായത്. എന്നാൽ ഇന്ധനം, സ്വർണം, ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെ ഇറക്കുമതി ഫെബ്രുവരിയിൽ ഉയർന്ന തലത്തിലാണ്. മുൻവർഷം ഇതേകാലയളവിൽ വ്യാപാര കമ്മി 1,442 കോടി ഡോളറായിരുന്നു.

ഉത്പന്നങ്ങളുടെ കയറ്റുമതി 0.8 ശതമാനം കുറഞ്ഞ് 3,661 കോടി ഡോളറായി. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ 3,691 കോടി ഡോളറിന്റെ ഉത്പന്നങ്ങളാണ് ഇന്ത്യ കയറ്റിഅയച്ചത്. ജനുവരിയിലേക്കാൾ കയറ്റുമതി 0.14 ശതമാനം ഉയർന്നു.

ഇറക്കുമതി കഴിഞ്ഞ വർഷം ഫെബ്രുവരിയിലെ 5,133 കോടി ഡോളറിൽ നിന്ന് 6,371 കോടി ഡോളറായി ഉയർന്നു. ജനുവരിയിൽ 7,124 കോടി ഡോളറിന്റെ ഉത്പന്നങ്ങളാണ് ഇന്ത്യ ഇറക്കുമതി നടത്തിയത്.

പശ്ചിമേഷ്യയിൽ യുദ്ധം ശക്തമായതിനാൽ വിദേശ വ്യാപാരം കടുത്ത അനിശ്ചിതത്വങ്ങളിലേക്ക് നീങ്ങുകയാണ്.

പ്രതിസന്ധി രൂക്ഷമാകും

ഹോർമൂസ് ഇടനാഴി ഇറാൻ അടച്ചതോടെ കയറ്റുമതി, ഇറക്കുമതി ഗണ്യമായി കുറഞ്ഞു. ഗൾഫിൽ നിന്ന് രണ്ടാഴ്ചയ്ക്കിടെ രണ്ട് കപ്പൽ മാത്രമാണ് ഹോർമുസ് വഴിയെത്തിയത്. രാജ്യത്തെ മൊത്തം ഇറക്കുമതിയിൽ 20 ശതമാനവും ഹോർമുസ് വഴിയാണ് നടക്കുന്നത്. ഗൾഫിലേക്കുള്ള കയറ്റുമതിയിലും കനത്ത ഇടിവാണ് മാർച്ചിലുണ്ടായത്.

കയറ്റുമതി ലക്ഷ്യം നേടാനാവില്ല

നടപ്പു സാമ്പത്തിക വർഷം രാജ്യം ലക്ഷ്യമിടുന്ന കയറ്റുമതി ലക്ഷ്യം നേടാനാവില്ലെന്ന ആശങ്കയും ശക്തമാണ്. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഫെബ്രുവരി വരെയുള്ള 11 മാസത്തിൽ ഉത്പന്ന കയറ്റുമതി 40,293 കോടി ഡോളറായി. മുൻവർഷം ഇതേകാലയളവിലെ കയറ്റുമതി 39,566 കോടി ഡോളറായിരുന്നു.

11 മാസത്തെ മൊത്തം ഇറക്കുമതി

71,353 കോടി ഡോളർ

സേവന കയറ്റുമതി ടോപ്പ് ഗിയറിൽ

സേവന രംഗത്തെ കയറ്റുമതി മൂല്യം ഫെബ്രുവരിയിൽ 3,953 കോടി ഡോളറായി ഉയർന്നു. മുൻവർഷം ഇതേകാലയളവിൽ 3,165 കോടി ഡോളറായിരുന്നു കയറ്റുമതി മൂല്യം.

ഫെബ്രുവരിയിലെ മൊത്തം കയറ്റുമതി

7,613 കോടി ഡോളർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360