SignIn
Kerala Kaumudi Online
Tuesday, 19 May 2026 10.29 AM IST

കരുത്താർജിച്ച് ഓഹരിയും സ്വർണവും

share

സമാധാന ചർച്ചകളിൽ ആവേശം

കൊച്ചി: പശ്ചിമേഷ്യയിലെ സമാധാന ചർച്ചകളുടെ പ്രതീക്ഷയിൽ ക്രൂഡോയിൽ വില കുത്തനെ കുറഞ്ഞതോടെ ഓഹരി, സ്വർണ വിപണികൾ ശക്തമായി തിരിച്ചുകയറി. യുദ്ധ ഭീതി ഒഴിഞ്ഞതിനാൽ നിക്ഷേപകർ അമേരിക്കൻ ഡോളർ, ബോണ്ടുകൾ എന്നിവയിൽ നിന്ന് പണം മികച്ച സാദ്ധ്യതകളുള്ള സ്വർണത്തിലേക്കും ഓഹരിയിലേക്കും മാറ്റി. ഇന്നലെ യു.എസ് വിപണികളിൽ ദൃശ്യമായ അനുകൂല ചലനങ്ങളുടെ ചുവടു പിടിച്ച് ഏഷ്യൻ സൂചികകൾ മികച്ച നേട്ടമുണ്ടാക്കി. ഏഷ്യയിലെ പ്രമുഖ ഓഹരി സൂചികകളായ ദക്ഷിണ കൊറിയയിലെ കോസ്‌പി, ജപ്പാനിലെ നിക്കി, ചൈനയിലെ ഷാംഗ്‌ഹായി കോമ്പോസിറ്റ്, ഹോങ്കോംഗിലെ ഹാംഗ് സെംഗ് എന്നിവയും മുന്നേറി. വിദേശ നിക്ഷേപകർ വീണ്ടും സജീവമായതാണ് ഇന്ത്യൻ വിപണിക്ക് കരുത്തായത്. മുഖ്യ സൂചികയായ സെൻസെക്‌സ് 1,205 കുതിച്ച് 75,273.45ൽ അവസാനിച്ചു. ദേശീയ സൂചികയായ നിഫ്‌റ്റി 394.05 പോയിന്റ് നേട്ടത്തോടെ 23,306.45ൽ എത്തി. ചെറുകിട, ഇടത്തരം ഓഹരികളും കുതിച്ചു.

ഓഹരി നിക്ഷേപകരുടെ ആസ്തിയിലെ വർദ്ധന

8 ലക്ഷം കോടി രൂപ

ക്രൂഡോയിൽ വിലയിടിവ് പ്രതീക്ഷ

ക്രൂഡോയിൽ വിലയിടിവ് സാമ്പത്തിക മേഖലയ്ക്ക് കരുത്താകുമെന്ന പ്രതീക്ഷയിൽ സ്വർണ വില വീണ്ടും കുതിച്ചുയർന്നു. രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 4,580 ഡോളറിലെത്തി. നാണയപ്പെരുപ്പം കുറയുമെന്ന പ്രതീക്ഷയാണ് സ്വർണത്തിന് കരുത്തായത്. കേരളത്തിൽ ഇന്നലെ പവൻ വില രണ്ടുതവണയായി 3,400 രൂപ ഉയർന്ന് 1,08,200 രൂപയിലെത്തി. ഗ്രാമിന്റെ വില 425 രൂപ ഉയർന്ന് 13525 രൂപയായി. വെള്ളി വില നാല് ശതമാനം ഉയർന്ന് കിലോഗ്രാമിന് 2.5 ലക്ഷം രൂപയിലെത്തി.

മൂന്ന് ദിവസത്തിൽ പവൻ വിലയിലെ വർദ്ധന

7,120 രൂപ

വിപണിക്ക് ആവേശമാകുന്നത്

1. അമേരിക്കയും ഇറാനും വെടിനിറുത്തലിനൊരുങ്ങുന്നതോടെ ആഗോള ഇന്ധന പ്രതിസന്ധി ഒഴിവായേക്കും

2. ക്രൂഡോയിൽ വില കുത്തനെ കുറഞ്ഞതിനാൽ നിക്ഷേപകർ സുരക്ഷിത മേഖലയായ സ്വർണത്തിലേക്ക് പണമൊഴുക്കുന്നു

3. നാണയപ്പെരുപ്പം കുറഞ്ഞാൽ കേന്ദ്ര ബാങ്കുകൾ പലിശ കുറയ്ക്കുമെന്ന പ്രതീക്ഷയിൽ സ്വർണത്തിന് വീണ്ടും പ്രിയമേറുന്നു

രൂപ റെക്കാഡ് താഴ്ചയിൽ

വിദേശ നിക്ഷേപകർ വീണ്ടും വിപണിയിൽ സജീവമായിട്ടും രൂപയുടെ മൂല്യത്തകർച്ചയ്ക്ക് അറുതിയില്ല. ഇന്നലെ ഡോളറിനെതിരെ രൂപ 29 പൈസ നഷ്‌ടത്തോടെ 94.06ൽ അവസാനിച്ചു. ഇറക്കുമതിക്കാർ വൻതോതിൽ ഡോളർ വാങ്ങിയതാണ് രൂപയ്ക്ക് തിരിച്ചടിയായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360