SignIn
Kerala Kaumudi Online
Wednesday, 24 June 2026 9.35 AM IST

ഇന്ധന തീരുവ കുറഞ്ഞിട്ടും ആശ്വാസമില്ലാതെ കമ്പനികൾ

pet

കൊച്ചി: ഉപഭോക്താക്കൾക്ക് ആശ്വാസമേകാൻ കേന്ദ്ര സർക്കാർ പെട്രോൾ, ഡീസൽ എന്നിവയുടെ എക്‌സൈസ് തീരുവ കുറച്ചിട്ടും രാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികളുടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുയരുന്നതിനാൽ കമ്പനികളുടെ ഉത്പാദന നഷ്‌ടമേറുന്നതാണ് വെല്ലുവിളി. പെട്രോൾ, ഡീസൽ എക്‌സൈസ് തീരുവ ലിറ്ററിന് പത്ത് രൂപ കുറച്ചതിലൂടെ നേരിയ ആശ്വാസം മാത്രമേ ലഭിക്കൂവെന്ന് കമ്പനി വൃത്തങ്ങൾ പറയുന്നു. ഇന്നലെ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് വീണ്ടും 111 ഡോളർ കടന്നു. ഇന്ത്യൻ ബാസ്‌കറ്റിന് വില 128 ഡോളറിന് അടുത്താകും. ക്രൂഡ് വില വർദ്ധനയ്ക്കൊപ്പം ചരക്കുകൈമാറ്റ ചെലവും കൂടിയതാണ് തിരിച്ചടിയാകുന്നത്.

വിലവർദ്ധനയുടെ ഭാരം ഉപഭോക്താക്കൾക്ക് കൈമാറുന്നത് തടയാനും കമ്പനികൾക്ക് സാമ്പത്തിക ആശ്വാസം പകരാനുമാണ് സർക്കാർ തീരുവ കുറച്ചത്.

യുദ്ധം അനിശ്ചിതമായി നീണ്ടാൽ പെട്രോൾ, ഡീസൽ, പാചക വാതകം എന്നിവയുടെ റീട്ടെയിൽ വില വർദ്ധിപ്പിക്കാൻ നിർബന്ധിതരാകുമെന്ന് പ്രമുഖ എണ്ണക്കമ്പനിയുടെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

1.15 ലക്ഷം കോടിയുടെ വരുമാന നഷ്‌ടം

എക്സൈസ് തീരുവ കുറച്ചതിലൂടെ കേന്ദ്ര സർക്കാരിന് പ്രതിവർഷം 1.15 ലക്ഷം കോടി രൂപയുടെ വരുമാന നഷ്‌ടമുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. മൊത്തം ധനകമ്മി 0.3 ശതമാനം കൂടാൻ നടപടി കാരണമാകും. അടുത്ത സാമ്പത്തിക വർഷത്തെ ബഡ്‌ജറ്റ് എസ്‌റ്റിമേറ്റിന്റെ 2.2 ശതമാനം തുകയാണിത്. സർക്കാരിന്റെ മൂലധന നിക്ഷേപത്തെയും ക്ഷേമ പദ്ധതികളെയും വരുമാന ഇടിവ് ബാധിച്ചേക്കും.

കമ്പനികൾക്ക് കനത്ത നഷ്‌ടം

ഒരു മാസത്തിനിടെ ക്രൂഡോയിൽ വില 70 ഡോളറിൽ നിന്ന് 126 ഡോളറിലേക്ക് കുതിച്ചുയർന്നതോടെ പൊതുമേഖല കമ്പനികളുടെ ഉത്പാദന നഷ്‌ടം കുമിഞ്ഞുകൂടുന്നു. നിലവിൽ ഒരു ലിറ്റർ പെട്രോളിന്റെ വിൽപ്പനയിൽ 26 രൂപയുടെ നഷ്‌ടമാണ് കമ്പനികൾ നേരിടുന്നത്. ഡീസലിന്റെ വിൽപ്പന നഷ്‌ടം ലിറ്ററിന് 82 രൂപയാണ്. ലിറ്ററിന് പത്ത് രൂപ വീതം നഷ്‌ടം കുറയാൻ എക്സൈസ് തീരുവ ഇളവ് സഹായിക്കും. ഉത്പാദന ചെലവിലും കുറഞ്ഞ വിലയിൽ ഉത്പന്നങ്ങൾ വിൽക്കുന്നതു മൂലം പ്രതിദിനം 2,400 കോടി രൂപയുടെ നഷ്‌ടം എണ്ണ വിതരണ കമ്പനികൾക്കുണ്ടാകും.

വിൽപ്പന നഷ്‌ടം(ലിറ്ററിന്)

പെട്രോൾ 26 രൂപ

ഡീസൽ 82 രൂപ

കമ്പനികളുടെ പ്രതിദിന നഷ്‌ടം 2,400 കോടി രൂപ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360