SignIn
Kerala Kaumudi Online
Tuesday, 19 May 2026 10.29 AM IST

നഷ്‌ടക്കയത്തിൽ വലഞ്ഞ് ഓഹരി നിക്ഷേപകർ

share

വിപണിയിൽ തകർച്ച തുടരുന്നു

കൊച്ചി: പശ്ചിമേഷ്യയിൽ യുദ്ധം കടുത്തതോടെ രാജ്യത്തെ ഓഹരി വിപണി തുടർച്ചയായ രണ്ടാം ദിവസവും തകർന്നടിഞ്ഞു. രണ്ട് വ്യാപാര ദിനങ്ങളിലായി സെൻസെക്സിൽ 3,326 പോയിന്റ് ഇടിവാണുണ്ടായത്. രൂപയുടെ മൂല്യത്തകർച്ചയും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ക്രൂഡോയിൽ വില വർദ്ധനയുമാണ് നിക്ഷേപകർക്ക് വെല്ലുവിളിയാകുന്നത്. രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 116 ഡോളറിലേക്ക് നീങ്ങിയതിനാൽ സാമ്പത്തിക രംഗത്ത് വിലക്കയറ്റ ഭീതി രൂക്ഷമാണ്. വിദേശ ഫണ്ടുകൾ ഇന്ത്യൻ വിപണിയിൽ കനത്ത വിൽപ്പന സമ്മർദ്ദം സൃഷ്‌ടിക്കുകയാണ്. സെൻസെക്‌സ് ഇന്നലെ 1,636 പോയിന്റ് ഇടിഞ്ഞ് 71,947.55ൽ അവസാനിച്ചു. നിഫ്‌റ്റി 488.20 പോയിന്റ് തകർന്ന് 22,331.40ൽ എത്തി. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരി സൂചികയിൽ ഇന്നലെ 2.5 ശതമാനം ഇടിവുണ്ടായി. 2020 മാർച്ചിലെ കൊവിഡ് കാലത്തിന് ശേഷം വിപണിയിലുണ്ടാകുന്ന ഏറ്റവും വലിയ പ്രതിമാസ ഇടിവാണ് ദൃശ്യമാകുന്നത്. ഇറാൻ യുദ്ധം ധനകാര്യ മേഖലയിൽ ദൂരവ്യാപക പ്രത്യാഘാതം സൃഷ്‌ടിക്കുമെന്ന ആശങ്കയിൽ ഇന്ത്യയിലെ സ്വകാര്യ, പൊതുമേഖല ബാങ്കുകളുടെ ഓഹരി വില ഇന്നലെ 2.5 ശതമാനം ഇടിഞ്ഞു.

രണ്ട് ദിവസത്തിനിടെ നിക്ഷേപകരുടെ ആസ്തിയിലുണ്ടായ ഇടിവ്

18 ലക്ഷം കോടി രൂപ

ഇന്ധന പ്രതിസന്ധി അതിരൂക്ഷം

ലോകത്തിലെ മൊത്തം ചരക്കുഗതാഗതത്തിന്റെ 20 ശതമാനം കൈകാര്യം ചെയ്യുന്ന ഹോർമുസ് ഇടനാഴി ഒരു മാസമായി അടഞ്ഞു കിടക്കുന്നതിനാൽ ആഗോള സാമ്പത്തിക മേഖല കടുത്ത വിലക്കയറ്റ ഭീഷണിയിലാണ്. എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും വ്യാപാരം തടസപ്പെട്ടതിനാൽ കമ്പനികളുടെ ഉത്പാദന ചെലവേറുകയാണ്. മാർച്ച് മാസത്തിൽ എണ്ണവിലയിൽ 60 ശതമാനം വർദ്ധനയുണ്ട്. ക്രൂഡോയിൽ വില ഓരോ ഡോളർ കൂടുമ്പോഴും ഇന്ത്യയുടെ ഇറക്കുമതി ബിൽ 1,600 കോടി രൂപ ഉയരും.

ഇന്ത്യയുടെ വിപണി വിഹിതം കുറഞ്ഞു

ആഗോള മേഖലയിൽ ഇന്ത്യയുടെ വിപണി മൂല്യത്തിന്റെ വിഹിതം മൂന്ന് ശതമാനത്തിന് താഴെയെത്തി. മാർച്ചിൽ വിദേശ ധനകാര്യ സ്ഥാപനങ്ങൾ 1,200 കോടി ഡോളറിന്റെ ഓഹരികൾ വിറ്റുമാറിയതാണ് ഇന്ത്യൻ വിപണിക്ക് തിരിച്ചടിയായത്.

നിക്ഷേപകർക്ക് നെഞ്ചിടിപ്പ് ഉയർത്തുന്നത്

1. പശ്ചിമേഷ്യയിലെ യുദ്ധം അതിവേഗം വ്യാപിക്കുന്നു

2. ക്രൂഡോയിൽ വില തുടർച്ചയായി ഉയരുന്നു

3. ഡോളറിനെതിരെ രൂപയുടെ റെക്കാഡ് മൂല്യത്തകർച്ച

4. വിദേശ ഫണ്ടുകൾ മത്സരിച്ച് പണം പിൻവലിക്കുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360