SignIn
Kerala Kaumudi Online
Tuesday, 19 May 2026 10.40 AM IST

യു.പി.ഐ ഇടപാടുകൾക്ക് പുതിയ പണി വരുന്നു

upi

പുതിയ നീക്കവുമായി റിസർവ് ബാങ്ക്

ആദ്യ ഇടപാടുകളിൽ കൈമാറ്റ സമയം ഒരു മണിക്കൂറാകും

കൊച്ചി: ഉയർന്ന തുകയുള്ള യു.പി.ഐ ഇടപാടുകളിൽ പണം കൈമാറ്റത്തിന് സുരക്ഷാ സമയം ഏർപ്പെടുത്താനുള്ള റിസർവ് ബാങ്ക് നിർദ്ദേശത്തിൽ ബാങ്കിംഗ് മേഖലയ്‌ക്ക് ആശങ്ക. ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ ആപ്പുകളിലൂടെ 10,000 രൂപയിലധികം ആദ്യമായി പുതിയ ഉപഭോക്താവിന് അയയ്‌ക്കുമ്പോൾ പണം ക്രെഡിറ്റാകാനുള്ള സമയം ഒരു മണിക്കൂറായി ഉയർത്താനാണ് റിസർവ് ബാങ്ക് ഒരുങ്ങുന്നത്. ഇത് രാജ്യത്തെ ഡിജിറ്റൽ പേയ്‌മെന്റ് മേഖലയുടെ വളർച്ചയ്‌ക്ക് കനത്ത വെല്ലുവിളിയാകുമെന്ന് ബാങ്കുകളും ഫിൻടെക്ക് സ്ഥാപനങ്ങളും പറയുന്നു. വ്യാപാര സ്ഥാപനങ്ങൾക്കും, നേരത്തേ ഇടപാട് നടത്തിയിട്ടുള്ളവർക്കും നിയന്ത്രണം ബാധകമല്ലാത്തതിനാൽ പണം ഉടൻ ലഭിക്കും.

ഡിജിറ്റൽ പേയ്‌മെന്റ് രംഗത്ത് തട്ടിപ്പുകൾ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് പുതിയ നിയന്ത്രണം. ബാങ്ക് ഇടപാടുകളായ ഐ.എം.പി.എസ്, നെഫ്‌റ്റ് തുടങ്ങിയ ഡിജിറ്റൽ ഇടപാടുകൾക്കും ഒരു മണിക്കൂർ സാവകാശം ബാധകമാക്കും. ഇത്തരം ഇടപാടുകളിൽ പണം ലഭിക്കുന്നയാളുടെ(പേയി) ബാങ്ക് അക്കൗണ്ട്, ഐ.എഫ്.എസ്.സി കോഡ്, ഉപഭോക്താവിന്റെ പേര് എന്നിവ ചേർക്കേണ്ടതുണ്ട്.

ലക്ഷ്യം മുതിർന്ന പൗരന്മാരുടെ ഡിജിറ്റൽ സുരക്ഷ

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഡിജിറ്റൽ തട്ടിപ്പുകളിലൂടെ ഇന്ത്യൻ ഉപഭോക്താക്കൾക്ക് നഷ്‌ടമായത് 35,000 കോടി രൂപയാണ്. ഇത്തരം തട്ടിപ്പുകളിൽ പെടുന്നവർ കൂടുതലും മുതിർന്ന പൗരന്മാരായതിനാലാണ് അവരുടെ ആശങ്ക കണക്കിലെടുത്ത് പുതിയ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഡിജിറ്റൽ തട്ടിപ്പുകളിൽ 99 ശതമാനവും 10,000 രൂപയിലധികമുള്ള ഇടപാടുകളാണ്. ഇതോടൊപ്പം 70 വയസിന് മുകളിൽ പ്രായമുള്ള ഉപഭോക്താക്കളും ഭിന്നശേഷിക്കാരും 50,000 രൂപയ്ക്ക് മുകളിൽ ഓൺലൈനായി പണം കൈമാറുമ്പോൾ പുതിയ സുരക്ഷാ സംവിധാനവും ഏർപ്പെടുത്തിയേക്കും.

വില്ലൻ യു.പി.ഐ അല്ല, നിക്ഷേപ തട്ടിപ്പുകൾ

ഡിജിറ്റൽ തട്ടിപ്പുകളിൽ ബഹുഭൂരിപക്ഷത്തിനും യു.പി.ഐയുമായി ബന്ധമില്ലെന്നതാണ് വാസ്തവം. തട്ടിപ്പ് നിക്ഷേപ പദ്ധതികളിലൂടെയാണ് ഉപഭോക്താക്കൾക്ക് വ്യാപകമായി പണം നഷ്‌ടപ്പെടുന്നതെന്ന് ബാങ്കിംഗ് രംഗത്തുള്ളവർ പറയുന്നു. ഈ ഇടപാടുകൾ പലപ്പോഴും ദിവസങ്ങൾ നീളുന്നതാണ്. ഒരു മണിക്കൂർ പരിധി അതിനാൽ പ്രയോജനം ചെയ്യില്ലെന്നും അവർ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360