SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.43 AM IST

#പശ്ചിമേഷ്യൻ സംഘർഷം# കൂട്ടത്തോടെ മടങ്ങി പ്രവാസികൾ

pravasi

കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിൽ സാമ്പത്തിക പ്രതിസന്ധിയിലായ ഗൾഫ് രാജ്യങ്ങളിൽ നിന്നും മലയാളികളടക്കമുള്ള പ്രവാസികൾ കൂട്ടത്തോടെ മടങ്ങുന്നു. ഹോട്ടൽ, ലോജിസ്റ്റിക്‌സ്, ടൂറിസം, വ്യാപാരം തുടങ്ങിയ മേഖലകളിൽ ജോലിയെടുക്കുന്നവരാണ് നാട്ടിലേക്ക് പോകുന്നത്. പിരിച്ചുവിടൽ അല്ലെന്നും, പ്രശ്‌നങ്ങൾ തീരുമ്പോൾ തിരികെ വിളിക്കാമെന്നും തൊഴിലുടമകൾ പറയുന്നുണ്ടെങ്കിലും ഗൾഫ് മേഖല എപ്പോൾ ശാന്തമാകുമെന്ന അനിശ്ചിതത്വം തുടരുകയാണ്. യുദ്ധം തീർന്നാലും സാമ്പത്തിക രംഗം സാധാരണ നിലയിലെത്താൻ സമയമെടുത്തേക്കാം. നിലവിലെ ശമ്പളം കിട്ടണമെന്നുമില്ല.
ടൂറിസം മേഖല ഏറെക്കുറെ നിശ്ചലമായതോടെ ഹോട്ടൽ മുറികൾ ഒഴിഞ്ഞുകിടക്കുകയാണ്. റസ്റ്റോറന്റുകൾ, കഫറ്റീരിയകൾ, ഗ്രോസറികൾ എന്നിവിടങ്ങളിലും ജീവനക്കാരെ കൂട്ടത്തോടെ ഒഴിവാക്കി. പല സ്ഥാപനങ്ങളിലും ശമ്പളമില്ലാതെ അവധിയെടുക്കാൻ ജീവനക്കാർ നിർബന്ധിതരായി. ഓവർടൈംമോ പുതിയ നിയമനങ്ങളോ ഇല്ല. കൊവിഡ്കാലത്തേക്കാൾ രൂക്ഷമായ സാഹചര്യമാണെന്ന് പ്രവാസികൾ പറയുന്നു.

പ്രതിസന്ധിയേറുന്നു
ജോലിയില്ലെങ്കിലും വലിയൊരു തുക വാടകയ്ക്കും വൈദ്യുതിക്കും വെള്ളത്തിനും നൽകേണ്ടിവരുന്നതാണ് പ്രവാസികളെ വലയ്ക്കുന്നത്. പലരും കുടുംബത്തെ നാട്ടിലേക്ക് അയച്ചു. കുട്ടികളെ നാട്ടിൽ പഠിപ്പിക്കാനാണ് തീരുമാനം. യു.എ.ഇയിൽ മാത്രം 36 ലക്ഷത്തിലേറെ ഇന്ത്യക്കാരാണുള്ളത്.

പിടിച്ചുനിറുത്താൻ സർക്കാർ ശ്രമം

ലൈസൻസ് ഫീസടക്കം കുറച്ചും കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചും സഞ്ചാരികളെ ആകർഷിച്ച് ടൂറിസം മേഖലകളെ പിടിച്ചുനിറുത്താൻ യു.എഇ സർക്കാർ ശ്രമം തുടങ്ങി. മ്യൂസിയങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ പ്രവേശന നിരക്ക് ഒഴിവാക്കി. എന്റർടെയിൻമെന്റ് രംഗം പൂർണമായും നിശ്ചലമായി. പാർക്കുകളിലും മറ്റ് വിനോദകേന്ദ്രങ്ങളിലും തീരെ തിരക്കില്ല. ഓഫീസുകളും കടകളുമെല്ലാം തുറന്നെങ്കിലും യു.എ.ഇ ഉൾപ്പെടെയുള്ള ആറ് ജി.സി.സി രാജ്യങ്ങളിലും നിരത്തുകൾ ഒഴിഞ്ഞുകിടക്കുകയാണ്. സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കി പൊതുവാഹനങ്ങളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടി. തദ്ദേശിയരടക്കം ചെലവ് കുറച്ചതോടെ ഷോപ്പിംഗ് മാളുകളിൽ ആളില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360