SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.38 AM IST

തീച്ചൂളയിൽ ഇന്ത്യൻ സാമ്പത്തിക രംഗം

indian-oil

ഇന്ധന വിലക്കയറ്റം പൊള്ളിക്കുന്നു

കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധം അനിശ്ചിതമായി നീളുന്നതിനാൽ രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് നെഞ്ചിടിപ്പേറുന്നു. സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഇറാൻ ഹോർമുസ് ഇടനാഴി വീണ്ടുംഅടച്ചതോടെ ഇന്ധന വില ഉയർന്ന തലത്തിൽ തുടരുന്നതാണ് രാജ്യത്തെ ഉത്പാദന, സേവന മേഖലകൾക്ക് വെല്ലുവിളി. കഴിഞ്ഞ വാരം ബ്രെന്റ് ക്രൂഡിന്റെ വില 105 ഡോളറിലേക്ക് തിരിച്ചുകയറിയതിനാൽ ഇന്ധന പ്രതിസന്ധി അതിരൂക്ഷമാണ്. നിലവിൽ ഇന്ത്യൻ ബാസ്‌കറ്റ് ക്രൂഡോയിലിന്റെ ശരാശരി വില 135 ഡോളറിന് മുകളിലാണ്. ഇതോടെ വ്യവസായ രംഗത്ത് ഉത്പാദന ചെലവ് കുതിച്ചുയർന്നു. ഇതോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നതും ഇറക്കുമതി ചെലവ് കൂട്ടുകയാണ്. അസംസ്‌കൃത സാധനങ്ങളുടെ ലഭ്യത ഗണ്യമായി കുറയുന്നതിനാൽ നിർമ്മാണ സാമഗ്രികൾ, രാസവളം, കെമിക്കലുകൾ, ലോഹങ്ങൾ എന്നിവയുടെ വില വർദ്ധിപ്പിക്കാൻ കമ്പനികൾ ഒരുങ്ങുകയാണ്. ഫാസ്‌റ്റ് മൂവിംഗ് കൺസ്യൂമർ ഉത്പന്നങ്ങൾ(എഫ്.എം.സി.ജി) രംഗത്തും വിലക്കയറ്റ ഭീതി ശക്തമാണ്. ഒരു മാസത്തിനിടെ ഉത്പാദന ചെലവിൽ 30 ശതമാനം വർദ്ധനയുണ്ടെന്ന് വ്യവസായികൾ പറയുന്നു.

ഇറക്കുമതി ആശ്രയത്വം വിനയാകും

ഇറാൻ യുദ്ധം ഏറ്റവുമധികം വെല്ലുവിളി സൃഷ്‌ടിക്കുന്ന സാമ്പത്തിക മേഖല ഇന്ത്യയാണ്. ക്രൂഡോയിൽ, പ്രകൃതി വാതകം, രാസവളം, പെട്രോകെമിക്കലുകൾ തുടങ്ങിയവയ്ക്ക് ഇന്ത്യ പ്രധാനമായും ഗൾഫ് മേഖലയെയാണ് ആശ്രയിക്കുന്നത്. യൂറോപ്പ്, യു.എസ്, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ നിന്നും ഈ ഉത്പന്നങ്ങൾ എത്തുന്നതിന് അധിക സമയമെടുക്കുമെന്നതും ചരക്കുനീക്ക ചെലവ് കൂടുതലാണെന്നതുമാണ് വെല്ലുവിളി.

പെട്രോൾ, ഡീസൽ വില ഉയർത്താൻ സമ്മർദ്ദം

ക്രൂഡോയിൽ ദീർഘകാലമായി ബാരലിന് നൂറ് ഡോളറിന് മുകളിൽ തുടരുന്നതിനാൽ പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ ആഭ്യന്തര റീട്ടെയിൽ വില ഉയർത്താൻ പൊതുമേഖല കമ്പനികൾ സമ്മർദ്ദം ശക്തമാക്കുന്നു. ഇന്ത്യയൊഴികെ ലോകത്തുള്ള പ്രധാന രാജ്യങ്ങളെല്ലാം ഇന്ധന വില കഴിഞ്ഞ ദിവസങ്ങളിൽ കുത്തനെ വർദ്ധിപ്പിച്ചിരുന്നു. ഉത്പാദന ചെലവിലും കുറഞ്ഞ വിലയിൽ ഇന്ധനം വിൽക്കുന്നതിനാൽ കമ്പനികളുടെ നഷ്‌ടം കുതിച്ചുയരുകയാണ്. ഡീസലിന് ലിറ്ററിന് 100 രൂപയും പെട്രോളിന് 20 രൂപയുമാണ് കമ്പനികൾ വിൽപ്പന നഷ്‌ടം നേരിടുന്നത്. വില വർദ്ധിപ്പിച്ചില്ലെങ്കിൽ കമ്പനികളുടെ നിലനിൽപ്പ് അവതാളത്തിലാകുമെന്ന് വിദഗദ്ധർ ചൂണ്ടിക്കാട്ടുന്നു.

ക്രൂഡോയിൽ ആഭ്യന്തര ഉത്പാദനം(പ്രതിദിനം)

7,00,000 ബാരൽ

ക്രൂഡോയിൽ ഇറക്കുമതി(പ്രതിദിനം)

50,00,000 ബാരൽ

ഇറക്കുമതി ആശ്രയത്വം

88.5 ശതമാനം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360