SignIn
Kerala Kaumudi Online
Saturday, 27 June 2026 11.41 PM IST

മൈതോസ് ഭീതിയിൽ ഉരുകി ബാങ്കുകൾ

mythos

സൈബർ സുരക്ഷയിൽ ആശങ്കയേറുന്നു

കൊച്ചി: ആഗോള ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എ.ഐ) കമ്പനിയായ ക്ളോദിന്റെ പുതിയ ഉത്പന്നമായ അന്ത്രോപിക് മൈതോസ് സൈബർ സുരക്ഷയ്ക്ക് ഭീഷണി ശക്തമാക്കിയതോടെ രാജ്യത്തെ ബാങ്കുകൾ സാങ്കേതികവിദ്യ രംഗത്ത് നിക്ഷേപം വർദ്ധിപ്പിക്കുന്നു. ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ മുതൽ ബാങ്കുകളുടെ ഐ.ടി ശൃംഖല വരെ അപകടത്തിലാക്കാൻ മൈതോസിന് ശേഷിയുണ്ടെന്ന വിലയിരുത്തൽ കണക്കിലെടുത്ത് സൈബർ സുരക്ഷ ശക്തമാക്കുന്നതിന് ബാങ്കുകൾ തിരക്കിട്ട് നീക്കം തുടങ്ങി. മൈതോസിന്റെ അത്യന്താധുനിക കോഡിംഗ് ശേഷിക്ക് ബാങ്കുകളുടെ സൈബർ സെക്യൂരിറ്റിയിലെ ദൗർബല്യങ്ങൾ വേഗത്തിൽ തിരിച്ചറിഞ്ഞ് സിസ്‌റ്റം അവതാളത്തിലാക്കാനാകുമെന്ന വെളിപ്പെടുത്തലാണ് ആശങ്ക.

ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്താൻ മൈതോസിന് ശേഷിയുണ്ടെന്നതിനാൽ ഐ.ടിയിൽ അധിക നിക്ഷേപം നടത്താൻ ബാങ്കുകൾ നിർബന്ധിതരാണെന്ന് പഞ്ചാബ് ആൻഡ് സിൻഡ് ബാങ്ക് മാനേജിംഗ് ഡയറക്‌ടറും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ സ്വരൂപ് കുമാർ സാഹ പറഞ്ഞു.

പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് ഐ.ടിയെന്നതിന് പകരം നിലനിൽപ്പിന് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താനാണ് ബാങ്കുകൾ ശ്രദ്ധിക്കുന്നതെന്ന് ധനകാര്യ വിദഗ്ദ്ധർ പറയുന്നു.

അതി ജാഗ്രതയിൽ ധനമന്ത്രാലയം

ബാങ്കിംഗ് മേഖലയിൽ മൈതോസ് സൃഷ്‌ടിക്കുന്ന വെല്ലുവിളികൾ നേരിടാനുള്ള കരുതൽ നടപടികൾക്ക് കേന്ദ്ര ധനമന്ത്രാലയം തുടക്കമിട്ടു. യുദ്ധ സമാന സാഹചര്യമാണ് മൈതോസ് ഉയർത്തുന്നതെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി. മൈതോസ് ഉയർത്തുന്ന അപകട സാദ്ധ്യതകൾ വിലയിരുത്തുന്നതിനും ആവശ്യമായ കരുതൽ നടപടികളും സ്വീകരിക്കുന്നതിനും എസ്.ബി.ഐ ചെയർമാൻ സി.എസ് ഷെട്ടിയുടെ നേതൃത്വത്തിൽ പുതിയ സമിതിയെ കേന്ദ്ര സർക്കാർ നിയമിച്ചു.

പ്രധാന വെല്ലുവിളി

രാജ്യത്തെ ബാങ്കുകൾ ഏറെയും പരമ്പരാഗത ബാങ്കിംഗ് സോഫ്‌റ്റ്‌വെയറുകളാണ് ഉപയോഗിക്കുന്നത്. ഇതോടൊപ്പം ബാങ്കുകളുടെ സിസ്‌റ്റങ്ങൾ പരസ്‌പര ബന്ധിതവുമാണ്. ഏതെങ്കിലും ഒരു ബാങ്കിന്റെ സൈബർ സുരക്ഷയിലെ വീഴ്ച മൈതോസ് കണ്ടെത്തിയാൽ രാജ്യത്തെ ബാങ്കിംഗ് മേഖല മൊത്തത്തിൽ അവതാളത്തിലാകും. പേയ്മെന്റ് ഇടപാടുകൾ, വിപണികൾ, ക്ളിയറിംഗ് സിസ്‌റ്റം എന്നിവയുടെ പ്രവർത്തനത്തെസൈബർ ആക്രമണം ബാധിക്കും.

ലോക വിപണികൾ നിശ്ചലമാകും

മൈതോസ് ഉപയോഗിച്ച് നടത്തുന്ന ഒരു സൈബർ ആക്രമണം വിജയിച്ചാൽ ഫോറക്‌സ്, ഓഹരി, ഡെപ്പോസിറ്ററി സേവനങ്ങൾ, പേയ്‌മെന്റ് ഗേറ്റ്‌വേ എന്നിവ ആഗോള തലത്തിൽ നിശ്ചലമാകും. തീവ്രവാദ സംഘടനകൾ ഈ സാദ്ധ്യതകൾ ഉപയോഗിക്കുമെന്നതാണ് വെല്ലുവിളി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360