SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.22 AM IST

ക്രൂഡ് വിലയിൽ മുട്ടിടിച്ച് ആഗോള വിപണികൾ

gold

യുദ്ധം രൂക്ഷമാകുമെന്ന് ആശങ്ക

കൊച്ചി: അമേരിക്കയുടെ പടക്കപ്പലുകളെ ഹോർമുസിൽ ഇറാൻ ആക്രമിച്ചെന്ന വാർത്തകളുടെ ചുവടുപിടിച്ച് രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില അഞ്ച് ശതമാനം ഉയർന്നു. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 113 ഡോളറിലേക്കും വെസ്‌റ്റ് ടെക്‌സസ് ക്രൂഡ് 103 ഡോളറിലേക്കും ഉയർന്നു. ഇതോടെ ആഗോള വിപണികൾ കടുത്ത സമ്മർദ്ദം നേരിട്ടു. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ ഓഹരി വിപണികൾ നഷ്‌ടത്തിലാണ് വ്യാപാരം നടത്തുന്നത്. സ്വർണ വില ഔൺസിന് 4560 ഡോളറിലെത്തി.

ആഗോള അനിശ്ചിതത്വങ്ങൾ രൂക്ഷമായതോടെ വിദേശ നിക്ഷേപകർ ഓഹരി, സ്വർണം വിപണികളിൽ നിന്ന് വലിയ തോതിൽ പണം പിൻവലിച്ച് ഡോളർ, യു.എസ് ബോണ്ടുകൾ എന്നിവയിലേക്ക് മാറ്റി. പ്രമുഖ ക്രിപ്‌റ്റോ നാണയമായ ബിറ്റ്കോയിന്റെ വില വീണ്ടും 80,000 ഡോളറിലെത്തി.

ക്രൂഡോയിൽ വിലയിലെ കുതിപ്പ് ലോകമൊട്ടാകെ നാണയപ്പെരുപ്പം രൂക്ഷമാക്കുമെന്ന ആശങ്ക ശക്തമാണ്. ഇതിനാൽ ലോകത്തിലെ പ്രമുഖ കേന്ദ്ര ബാങ്കുകൾ മുഖ്യ പലിശ നിരക്ക് ഉയർത്താൻ നിർബന്ധിതരാകുമെന്നും വിലയിരുത്തുന്നു.

റെക്കാഡ് താഴ്ചയിൽ രൂപ

ക്രൂഡോയിൽ വിലയിലെ കുതിപ്പും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ഡോളറിനെതിരെ രൂപ മൂല്യം റെക്കാഡ് താഴ്ചയിലെത്തിച്ചു. ഇന്നലെ വിദേശ നാണയ വിപണിയിലെ രൂപയുടെ മൂല്യം 95.23ലേക്കാണ് മൂക്കുകുത്തിയത്. എണ്ണ വിലയിലെ വർദ്ധന ഇന്ത്യയുടെ കറന്റ് അക്കൗണ്ട്, വ്യാപാര കമ്മി കുത്തനെ ഉയർത്തുമെന്ന ആശങ്കയാണ് രൂപയ്ക്ക് തിരിച്ചടിയായത്.

സ്വർണം താഴേക്ക്

ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളറും യു.എസ് ബോണ്ടുകളും ശക്തിയാർജിച്ചതോടെ നിക്ഷേപകർ സ്വർണത്തിൽ നിന്ന് പണം പിൻവലിച്ചു. കേരളത്തിൽ പവൻ വില 960 രൂപ കുറഞ്ഞ് 1.02,720 രൂപയായി. ഗ്രാമിന്റെ വില 120 രൂപ കുറഞ്ഞ് 13,715 രൂപയിലെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360