
കൊച്ചി: പാർക്കുകളുടെ അടിസ്ഥാനസൗകര്യങ്ങൾ വിപുലീകരിച്ചും ശക്തമാക്കിയും കൂടുതൽ ആഗോളകമ്പനികളെ ആകർഷിച്ചും പുതിയ സാദ്ധ്യതകൾക്കനുസരിച്ച് തൊഴിൽ നൈപുണ്യം വർദ്ധിപ്പിച്ചും ഐ.ടി മേഖലയ്ക്ക് കുതിപ്പേകാൻ സർക്കാർ താങ്ങാകണമെന്ന ആവശ്യവുമായി സംരംഭകരും ജീവനക്കാരും. ഐ.ടിയിൽ കേരളം വൻനേട്ടങ്ങൾ കൈവരിച്ചെങ്കിലും ആഗോളസാദ്ധ്യതകൾ പൂർണമായി വിനിയോഗിച്ചിട്ടില്ലെന്നും ഏറ്റവും മികച്ച മനുഷ്യവിഭവശേഷിയുണ്ടെങ്കിലും ഫലപ്രദമായി ഉപയോഗിക്കാനാകുന്നില്ലെന്നും അവർ പറയുന്നു.
സർക്കാർ നിയന്ത്രണത്തിലുള്ള ടെക്നോപാർക്ക്, ഇൻഫോപാർക്ക്, സൈബർ പാർക്ക് എന്നിവയുടെ വികസനത്തിന് അടിയന്തരപ്രാധാന്യം നൽകണമെന്ന് നിർദ്ദേശം ഉയർന്നു. സ്‌മാർട്ട്സിറ്റി കൊച്ചിയെ ഏറ്റെടുത്ത് ഇൻഫോപാർക്കിന്റെ ഭാഗമാക്കണം. ഇൻഫോപാർക്കിന്റെ മൂന്ന്, നാല് ഘട്ടങ്ങൾക്ക് സ്ഥലം ഏറ്റെടുത്താൽ വികസനം വേഗത്തിലാക്കാൻ കഴിയും.
ഐ.ബി.എം., അക്സഞ്ചർ എന്നിവയൊഴിച്ചാൽ കഴിഞ്ഞ നാലുവർഷത്തിനിടെ അന്താരാഷ്ട്ര ഐ.ടി ഭീമന്മാരായ ഒരു കമ്പനിയും കേരളത്തിൽ എത്തിയിട്ടില്ല. ആവശ്യത്തിന് സ്ഥലവും അനുബന്ധസൗകര്യങ്ങളും ലഭിക്കാത്തതാണ് പ്രധാനകാരണം.
നികുതി ഒഴിവാക്കണം
പാർക്കുകളുടെ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കണം, നയപരവും നിയമപരവുമായ നടപടികൾ വേഗത്തിലാക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ സംരംഭകർ മുന്നോട്ടു വയ്ക്കുന്നു.
ഐ.ടി പാർക്കുകൾക്കും വകുപ്പുകൾക്കും കൂടുതൽ അധികാരം വേണം
ഐ.ടി മേഖലയ്‌ക്ക് പ്രത്യേക നോഡൽ ഏജൻസി രൂപീകരിക്കണം
സർക്കാർ പദ്ധതികളിൽ സ്റ്റാർട്ടപ്പുകൾക്ക് മുൻഗണന നൽകണം
സ്ഥാപന ആരംഭത്തിനും തുടർച്ചയ്‌ക്കും ഏകജാലകം ശക്തമാക്കണം
ഐ.ടി പാർക്കുകൾക്ക് നികുതി ഒഴിവാക്കുകയോ ഇളവോ നൽകണം
സർക്കാരും മേഖലയുമായി നിരന്തരബന്ധം നിലനിറുത്തുക
നിക്ഷേപകരെ ആകർഷിക്കാനും യുവനൈപുണ്യം നാട്ടിൽ നിലനിറുത്താനും സുരക്ഷിതവും വിപുലവുമായ പൊതു അടിസ്ഥാനസൗകര്യവും സാമൂഹിക അന്തരീക്ഷവും ഉറപ്പാക്കണം.
വി. ശ്രീകുമാർ
സെക്രട്ടറി
ജി.ടെക് (ഐ.ടി കമ്പനികളുടെ കൂട്ടായ്‌മ )
പാർക്കുകളുടെ വികസനവും നവീകരണവും ഉൾപ്പെടെ നടപടികളും മികച്ച തൊഴിൽ സാഹചര്യവും ഒരുക്കിയാൽ സാങ്കേതികവിദ്യ, നിക്ഷേപം, നൈപുണ്യം എന്നിവയുടെ കേന്ദ്രമായി കേരളത്തെ മാറ്റാൻ കഴിയും.
വിനീത് ചന്ദ്രൻ, സെക്രട്ടറി
പ്രതിധ്വനി (ജീവനക്കാരുടെ കൂട്ടായ്മ)
ടെക്നോപാർക്ക്
ഐ.ടിക്ക് മാത്രമായി മന്ത്രിയും പാർക്കുകളിൽ കൂടുതൽ പൊതുകെട്ടിടങ്ങളും വളർച്ചയ്‌ക്ക് ആവശ്യമാണ്.
അനീഷ് പന്തലാനി
പ്രോഗ്രസീവ് ടെക്കീസ് (ജീവനക്കാരുടെ കൂട്ടായ്മ)
ഇൻഫോപാർക്ക്
സാങ്കേതികവിദ്യാ വിദഗ്ദ്ധരായ യുവാക്കളെ കേരളത്തിൽ നിലനിറുത്താൻ കഴിയുന്ന ഇക്കോസിസ്‌റ്റം സൃഷ്‌ടിക്കാൻ സർക്കാർ ശ്രദ്ധിക്കണം.
ദീപ സരോജാമ്മാൾ
എക്സിക്യുട്ടീവ് ചെയർപേഴ്സൺ
റിഫ്‌ളക്ഷൻസ്, ടെക്‌നോപാർക്ക്
സ്‌പേസ് ടെക്‌നോളജിയിലെ സാദ്ധ്യതകൾക്ക് കൂടുതൽ പരിഗണന നൽകണം. സ്‌പേസ് പാർക്ക് നിർമ്മാണം വേഷത്തിലാക്കണം.
എം.ബി. അരവിന്ദ്
ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ
ഹെക്‌സ 20, ടെക്‌നോപാർക്ക്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |