SignIn
Kerala Kaumudi Online
Tuesday, 09 June 2026 2.32 AM IST

എണ്ണയിൽ ഉരുകി ഓഹരി വിപണി

crude

മാന്ദ്യ ഭീതിയിൽ നിക്ഷേപകർ

കൊച്ചി: ഇറാൻ യുദ്ധം നീളുമെന്ന ആശങ്കയും എണ്ണവിലയിലെ കുതിപ്പും രാജ്യത്തെ ഓഹരി വിപണിയിൽ ഇന്നലെ കനത്ത തകർച്ച സൃഷ്‌ടിച്ചു. വെടിനിറുത്തൽ കരാർ ലംഘിച്ച് ഇസ്രയേലിനെതിരെ ഇറാൻ ആക്രമണം നടത്തിയതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡ് വില ബാരലിന് മൂന്ന് ഡോളർ ഉയർന്നു. ഉയർന്ന ഇന്ധന വില സാമ്പത്തിക മാന്ദ്യം രൂക്ഷമാക്കുമെന്ന ആശങ്കയിൽ വിദേശ നിക്ഷേപകർ പിന്മാറ്റം ശക്തമാക്കിയതാണ് തിരിച്ചടിയായത്. ബ്രെന്റ് ക്രൂഡിന്റെ വില ഇന്നലെ ബാരലിന് 98 ഡോളറിലേക്കാണ് വീണ്ടും ഉയർന്നത്. അതിരൂക്ഷമായ വിലക്കയറ്റമാണ് ഇന്ധന പ്രതിസന്ധി ആഭ്യന്തര വിപണിയിൽ സൃഷ്‌ടിക്കുന്നത്.

മുഖ്യ ഓഹരി സൂചികയായ സെൻസെക്‌സ് ഇന്നലെ 719.08 പോയിന്റ് ഇടിഞ്ഞ് 73,524.26ൽ അവസാനിച്ചു. നിഫ്‌റ്റി 243 പോയിന്റ് നഷ്‌ടത്തോടെ 23,123ൽ എത്തി. ചെറുകിട, ഇടത്തരം ഓഹരികളുടെ വിലയിലും കനത്ത വിൽപ്പന സമ്മർദ്ദമുണ്ടായി.

നിക്ഷേപകരുടെ ആസ്തിയിലെ ഇടിവ്

5 ലക്ഷം കോടി രൂപ

സ്വർണവും താഴേക്ക്

യുദ്ധ ഭീതി ശക്തമായി നിലനിൽക്കുന്നതിനാൽ രാജ്യാന്തര വിപണിയിൽ സ്വർണ വില വീണ്ടും ഇടിഞ്ഞു. സിംഗപ്പൂർ വിപണിയിൽ സ്വർണ വില ഔൺസിന് 10 ഡോളർ കുറഞ്ഞ് 4,320 ഡോളറിലേക്ക് എത്തി. സുരക്ഷിതത്വം തേടി നിക്ഷേപകർ സ്വർണത്തെ കൈയൊഴിഞ്ഞ് യു.എസ് കടപ്പത്രങ്ങളും ഡോളറും വാങ്ങിയതാണ് വിലയിൽ ഇടിവുണ്ടാക്കിയത്. കേരളത്തിൽ പവൻ വില 760 രൂപ ഇടിഞ്ഞ് 1,11,240 രൂപയിലെത്തി. ഗ്രാമിന്റെ വില 95 രൂപ കുറഞ്ഞ് 13,905 രൂപയായി.

രൂപയ്ക്ക് സമ്മർദ്ദം

ക്രൂഡോയിൽ വിലയിലെ വർദ്ധനയ്ക്കൊപ്പം ഡോളർ കരുത്താർജിച്ചതോടെ രൂപയുടെ മൂല്യം ഇന്നലെ 56 പൈസ നഷ്‌ടത്തോടെ 95.74ൽ എത്തി. വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് പിന്മാറ്റം ശക്തമാക്കിയതും തിരിച്ചടിയായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360