SignIn
Kerala Kaumudi Online
Thursday, 23 July 2026 11.32 AM IST

'എനിക്ക് പാക് അധിനിവേശ കാശ്‌മീരിന്റെ പ്രധാനമന്ത്രിയാകണം'; പുതിയ ആഗ്രഹവുമായി നവാസ് ഷരീഫ്

nawaz-sharif
പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫ്

ഇസ്‌ലാമാബാദ്: പാക് അധിനിവേശ കാശ്‌മീരിന്റെ (പിഒകെ) പ്രധാനമന്ത്രിയാകണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫ്. പാകിസ്ഥാൻ മുസ്ളീം ലീഗ് നവാസ് (പിഎംഎൽഎൻ) പാ‌ർട്ടിയുടെ മേധാവിയായ ഷെരീഫ് മുസഫറാബാദിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് ആഗ്രഹം പ്രകടിപ്പിച്ചത്. പാക് അധിനിവേശ കാശ്‌മീരിന്റെ തലസ്ഥാനമാണ് മുസഫറാബാദ്.

'പാക് അധിനിവേശ കാശ്‌മീർ എന്റെ രണ്ടാമത്തെ വീടാണ്. കാശ്‌മീരിൽ നിന്ന് കുടിയേറിയവരാണ് എന്റെ പൂർവികർ. എന്റെ പാർട്ടി ജയിക്കുകയാണെങ്കിൽ എന്നെ കാശ്‌‌മീരിന്റെ (പിഒകെ) പ്രധാനമന്ത്രിയാക്കണമെന്ന് ഞാൻ പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫിനോടാവശ്യപ്പെടും. അപ്പോഴെനിക്ക് മേഖലയുടെ വികസനകാര്യങ്ങളിൽ നേരിട്ട് മേൽനോട്ടം വഹിക്കാൻ സാധിക്കും'-എന്നായിരുന്നു നവാസ് ഷെരീഫ് പറഞ്ഞത്.

ജൂലായ് 27നും ഓഗസ്റ്റ് പത്തിനും ഇടയിലാണ് പിഒകെയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പിൽ പിഎംഎൽഎൻ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയെയാണ് (പിപിപി) നേരിടുന്നത്. മേഖലയിൽ പ്രതിഷേധ സമരങ്ങളും സംഘർഷങ്ങളും നിലനിൽക്കെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ജമ്മു കാശ്‌മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിയുടെ (ജെഎഎസി) നേതൃത്വത്തിലാണ് പാക് സർക്കാരിനെതിരെ സമരം നടക്കുന്നത്. പ്രക്ഷോഭങ്ങളിൽ 30 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കാൻ ജൂലായ് 21വരെ സർക്കാരിന് ജെഎഎസി സമയം നൽകിയിരുന്നു. ഇന്നുമുതൽ വീണ്ടും പ്രക്ഷോഭം പുനഃരാരംഭിക്കുമെന്നാണ് പ്രതിഷേധക്കാർ അറിയിച്ചിരിക്കുന്നത്. അമിതമായ പണപ്പെരുപ്പം, വൈദ്യുതി നിരക്കുകൾ, ഉന്നതർക്ക് ലഭിക്കുന്ന പ്രത്യേക ആനുകൂല്യങ്ങൾ എന്നിവയ്ക്കെതിരെയാണ് ജെഎഎസിയുടെ നേതൃത്വത്തിൽ സമരം നടക്കുന്നത്.

English Summary

Former Pakistani Prime Minister Nawaz Sharif expressed his desire to become the Prime Minister of Pakistan-Occupied Kashmir (PoK) during an election rally in Muzaffarabad. Sharif stated he would ask current PM Shehbaz Sharif to appoint him if his party wins, aiming to oversee development. This comes amidst upcoming PoK elections and ongoing protests over inflation and electricity prices.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PAK OCCUPIED KASHMIR, POK, NAWAZ SHARIF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360