
സാമൂഹ്യമാദ്ധ്യമ പ്രചരണം വിനയായി
കൊച്ചി:നാടെങ്ങും റമ്പുട്ടാന്റെ ലഭ്യതയുണ്ടായിട്ടും ന്യായമായ വില നേടാനാകാതെ കർഷകർ വലയുന്നു. പഴം വാങ്ങാൻ ആളില്ലാത്തതിനാൽ വില കുത്തനെ ഇടിഞ്ഞെന്ന സാമൂഹിക മാദ്ധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചാരണമാണ് വിനയായത്. എന്നാൽ വിളവ് എത്രയുണ്ടെങ്കിലും നല്ല വിലയ്‌ക്ക് വാങ്ങാമെന്ന വാഗ്ദാനവുമായി കേരള റമ്പുട്ടാൻ ഫാർമേഴ്സ് അസോസിയേഷൻ രംഗത്തെത്തി. ചെറുകിട കച്ചവടക്കാർ നേരിട്ട് മാർക്കറ്റിൽ വിൽക്കുമ്പോൾ കിലോക്ക് 60 രൂപ വരെയാണ് പരമാവധി ലഭിക്കുന്നത്. ഇതാണ് വ്യാജപ്രചാരണത്തിന് കാരണമെന്നും അസോസിയേഷൻ പറയുന്നു.
ഏക്കർ കണക്കിനുള്ള തോട്ടങ്ങൾ മൊത്തമായി മുൻകൂർ ഏറ്റെടുക്കാൻ തമിഴ്നാട് വ്യാപാരികൾ രംഗത്തുണ്ട്. ചെറുകിട കർഷകരെ സഹായിക്കാൻ അസോസിയേഷൻ തയ്യാറാണ്. കിലോയ്ക്ക് 120 മുതൽ 200 രൂപ വരെ വിലയിൽ വൻകിടതോട്ടങ്ങൾ റമ്പുട്ടാൻ വിൽക്കുന്നത്.
മികച്ച വില നേടാം
വിളവെടുപ്പിന് രണ്ടുമാസം മുൻപായി വ്യാപാരികൾ അഡ്വാൻസ് നൽകി കച്ചവടം ഉറപ്പിക്കും. വവ്വാലും പക്ഷികളും അണ്ണാനുമൊക്കെ പഴങ്ങൾ നശിപ്പിക്കാതിരിക്കാൻ വലയിട്ട് അവർ സംരക്ഷിക്കും. പാകമാകുമ്പോൾ പഴം പറിച്ച് ബാക്കി തുകയും നൽകും. മരത്തിൽ നിന്ന് പാകമായി പഴുത്താലേ മധുരവും രുചിയുമുണ്ടാകൂ. പറിച്ചെടുത്ത് മൂന്ന് ദിവസത്തിനകം ഉപയോഗിക്കണം. എൻ-18 എന്ന ഇനത്തിനാണ് ഡിമാൻഡും വിലയും.
പ്രധാന കൃഷി മേഖല
പത്തനംതിട്ട മുതൽ തൃശൂർ വരെ നൂറുകണക്കിന് ഏക്കർ സ്ഥലത്ത് റബർ മരങ്ങൾ വെട്ടിമാറ്റി റമ്പുട്ടാൻ കൃഷി നടത്തുന്നു. മൂന്നാം വർഷം മുതൽ ആദായം ലഭിക്കും.
എൻ-18
ഒരു കിലോയിൽ 18 പഴങ്ങൾ ലഭിക്കുന്ന ഇനമാണ് എൻ-18.
വിപണിയിലെ വിലത്തകർച്ച കെട്ടുകഥയാണ്. അഞ്ച് മരങ്ങൾ മുതലുള്ള കർഷകർക്ക് റമ്പുട്ടാൻ വിൽപ്പനയ്ക്ക് അസോസിയേഷനെ സമീപിക്കാം
എം.സി. സാജു, വൈസ് പ്രസിഡന്റ്
കേരള റമ്പുട്ടാൻ ഫാർമേഴ്സ് അസോസിയേഷൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |