
കൊച്ചി: ഇന്ത്യൻ കയറ്റുമതിക്കാർക്ക് ആഗോള ഉപഭോക്താക്കളിൽ നിന്ന് പേയ്‌മെന്റുകൾ സ്വീകരിക്കാൻ സഹായിക്കുന്ന പുതിയ രാജ്യാന്തര പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ജിയോ പേയ്‌മെന്റ് സൊല്യൂഷൻസ്. ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണിത്. പുതിയ സംവിധാനത്തിലൂടെ രാജ്യത്തെ കയറ്റുമതിക്കാർക്ക് വിവിധ മാർഗങ്ങളിലൂടെ വിദേശ പേയ്‌മെന്റുകൾ സ്വീകരിക്കാനാകും. വെർച്വൽ അക്കൗണ്ടുകൾ, അന്താരാഷ്ട്ര കാർഡുകൾ, പ്രാദേശിക പേയ്‌മെന്റ് സംവിധാനങ്ങൾ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. ആഗോള വിപണിയിൽ ഇന്ത്യൻ കയറ്റുമതിക്കാരുടെ മത്സരക്ഷമത വർദ്ധിപ്പിക്കുകയും അന്താരാഷ്ട്ര ഇടപാടുകൾ കൂടുതൽ സുഗമമാക്കുകയും ചെയ്യുകയാണ് പുതിയ പ്ലാറ്റ്‌ഫോമിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചു. രാജ്യാന്തര ഇടപാടുകൾക്കായി പേയ്‌മെന്റ് അഗ്രിഗേറ്ററായി പ്രവർത്തിക്കുന്നതിന് റിസർവ് ബാങ്കിൽ നിന്ന് ലഭിച്ച അനുമതിക്ക് പിന്നാലെയാണ് ജിയോ പേയ്‌മെന്റ്‌സ് പുതിയ സേവനം അവതരിപ്പിച്ചത്. കയറ്റുമതിക്കും ഇറക്കുമതിക്കും ഉൾപ്പെടെയുള്ള ഇടപാടുകൾ കൈകാര്യം ചെയ്യാനാകും. അന്താരാഷ്ട്ര വ്യാപാര രംഗത്ത് ഇന്ത്യൻ ബിസിനസുകൾക്ക് കൂടുതൽ കാര്യക്ഷമമായ പേയ്‌മെന്റ് സൗകര്യങ്ങൾ ലഭ്യമാക്കുന്നതിലൂടെ ആഗോള തലത്തിലുള്ള വളർച്ചയ്ക്ക് പിന്തുണ നൽകാനാണ് ജിയോയുടെ ലക്ഷ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |