ആംസ്റ്റർഡാം: മൃഗശാലയിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ മൃഗപരിപാലകയ്ക്ക് ഗുരുതര പരിക്ക്. ശനിയാഴ്ച രാവിലെ നെതർലൻഡ്സിലുള്ള ബെക്സെ ബെർഗൻ സഫാരി പാർക്കിലാണ് സംഭവം. വന്യമൃഗങ്ങളുമായി ഏകദേശം 25 വർഷത്തെ പ്രവൃത്തി പരിചയമുള്ള 50 വയസുള്ള സ്ത്രീക്ക് ആണ് പുലിയുടെ ആക്രമണത്തിന് ഇരയായതെന്ന് അധികൃതർ അറിയിച്ചു.
പതിവ് സുരക്ഷാ നടപടിക്രമങ്ങൾ പാലിച്ചാണ് ഇവർ ഒറ്റയ്ക്ക് പുലിക്കൂട്ടിലേക്ക് കയറിയതെന്ന് അധികൃതർ വ്യക്തമാക്കി. വോക്കി ടോക്കിയിലൂടെ സ്ത്രീയുടെ നിലവിളി കേട്ട സഹപ്രവർത്തകർ ഉടൻ തന്നെ സ്ഥലത്തെത്തുകയായിരുന്നു. കൂട്ടിനുള്ളിൽ പാർക്കിലെ പേർഷ്യൻ പുള്ളിപ്പുലിക്കൊപ്പമാണ് പരിക്കേറ്റ നിലയിൽ ഇവരെ കണ്ടെത്തിയത്. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ സ്ത്രീയെ ഹെലികോപ്ടർ മാർഗം ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.
അതേസമയം പുലി ആക്രമിക്കാൻ ഇടയായ സാഹചര്യം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെ തുടർന്ന് അധികൃതരും ഡച്ച് തൊഴിൽ ഇൻസ്പെക്ടറേറ്റും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും ആക്രമണം എങ്ങനെ സംഭവിച്ചുവെന്നും അന്വേഷിച്ചുവരികയാണ്.
A 50-year-old zookeeper suffered serious head injuries after being attacked by a leopard at Beekse Bergen Safari Park in the Netherlands on Saturday. She was airlifted for surgery after colleagues found her in the enclosure. Authorities and the Dutch Labor Inspectorate are investigating the incident and potential safety protocol breaches. The park confirmed no action will be taken against the leopard.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |