SignIn
Kerala Kaumudi Online
Monday, 12 October 2026 2.01 PM IST

ആത്മനിർഭർ പാക്കേജ്: എം.എസ്.എം.ഇ വായ്‌പ ഒരുലക്ഷം കോടി കടന്നു

msme

ന്യൂഡൽഹി: കൊവിഡും ലോക്ക്ഡൗണും സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ എം.എസ്.എം.ഇകൾക്കായി പ്രധാനമന്ത്രിയുടെ ആത്മനിർഭർ പാക്കേജിലുൾപ്പെടുത്തി ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച പ്രത്യേക വായ്‌പയുടെ വിതരണം ഒരുലക്ഷം കോടി രൂപ കടന്നു. 23.4 ലക്ഷം സംരംഭകർക്കായി പൊതു-സ്വകാര്യ ബാങ്കുകൾ ചേർന്ന് 1.02 ലക്ഷം കോടി രൂപയാണ് ഇതിനകം വിതരണം ചെയ്‌തതെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.

56,483 കോടി രൂപ പൊതുമേഖലാ ബാങ്കുകളും 45,762 കോടി രൂപ സ്വകാര്യ ബാങ്കുകളാണ് വിതരണം ചെയ്‌തത്. 17,095 കോടി രൂപയുടെ വായ്‌പ നൽകി എസ്.ബി.ഐയാണ് മുന്നിലുള്ളത്. പഞ്ചാബ് നാഷണൽ ബാങ്ക് 7,197 കോടി രൂപയും കനറാ ബാങ്ക് 6,556 കോടി രൂപയും വായ്‌പ നൽകി യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. എസ്.ബി.ഐ 2.99 ലക്ഷം പേർക്കും പഞ്ചാബ് നാഷണൽ ബാങ്ക് 1.73 ലക്ഷം പേർക്കും കനറാ ബാങ്ക് 3.84 ലക്ഷം പേർക്കുമാണ് വായ്പ നൽകിയത്.

മുന്നിൽ മഹാരാഷ്‌ട്ര

1.66 ലക്ഷം സംരംഭകർ മൊത്തം 6,007 കോടി രൂപ വായ്‌പ നേടിയ മഹാരാഷ്‌ട്രയാണ് ആത്മനിർഭർ വായ്‌പാ പദ്ധതിയിൽ മുന്നിലുള്ളത്. തമിഴ്നാട്ടിലെ 2.26 ലക്ഷം പേർ ചേർന്ന് 5,694 കോടി രൂപയും ഉത്തർപ്രദേശിലെ 2.28 ലക്ഷം പേർ ചേർന്ന് 5,554 കോടി രൂപയും നേടി.

ആശ്വാസ വായ്പ

നാഷണൽ ക്രെഡിറ്റ് ഗ്യാരന്റി ട്രസ്‌റ്റീ കമ്പനിയാണ് (എൻ.സി.ജി.ടി.സി) ബാങ്കുകൾ, എൻ.ബി.എഫ്.സി., മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവ വഴി 'എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരന്റി" സ്‌കീം (ഇ.സി.എൽ.ജി.എസ്) എന്ന പ്രത്യേക എം.എസ്.എം.ഇ വായ്പാ പദ്ധതി നടപ്പാക്കുന്നത്. 100 ശതമാനം ഈടുരഹിതമാണ് വായ്‌പ. നിലവിൽ ഒരു ബാങ്കിലോ വിവിധ ധനകാര്യ സ്ഥാപനങ്ങളിലോ ആയി 2020 ഫെബ്രുവരി 29നകം പരമാവധി 25 കോടി രൂപയുടെ വായ്‌പാത്തിരിച്ചടവ് ബാക്കിയുള്ളവരും 2019-20 പ്രകാരം 100 കോടി രൂപവരെ വാർഷിക വിറ്റുവരവുള്ളവരുമാണ് യോഗ്യർ. വ്യക്തിഗത വായ്പ ഇതിന് പരിഗണിക്കില്ല. നിലവിലെ വായ്‌പാ ബാദ്ധ്യതയുടെ 20 ശതമാനം തുകയാണ് ഈ പദ്ധതി പ്രകാരം ലഭിക്കുക.

ഇവർക്ക് നേടാം

പ്രൊപ്രൈറ്റർഷിപ്പ്, പാർട്‌ണർഷിപ്പ്, രജിസ്‌റ്റർ ചെയ്‌ത കമ്പനികൾ, ട്രസ്‌റ്റുകൾ, ലിമിറ്റഡ് ലയബിലിറ്റി പാർട്‌ണർഷിപ്പുകൾ (എൽ.എൽ.പി) എന്നിവയ്ക്ക് വായ്‌പ നേടാം. വായ്‌പ തേടുന്ന സംരംഭം ജി.എസ്.ടിയിൽ രജിസ്‌റ്റർ ചെയ്‌തിരിക്കണം. അല്ലെങ്കിൽ, ജി.എസ്.ടി ബാധകമല്ലാത്ത മേഖലയിൽ പ്രവർത്തിക്കുന്നതാകണം. 60 ദിവസത്തിനുമേൽ വായ്‌പാ കുടിശികയുള്ളവർക്ക് പദ്ധതി പ്രകാരം വായ്പ കിട്ടില്ല.

തിരിച്ചടവിന് 4 വർഷം

നിലവിലെ വായ്പാ ബാദ്ധ്യതയുടെ 20 ശതമാനം തുകയാണ് ഇ.സി.എൽ.ജി.എസ് വഴി സംരംഭകന് ലഭിക്കുക. നിലവിൽ ഒരു കോടി രൂപയുടെ വായ്‌പാ ബാദ്ധ്യതയുണ്ടെങ്കിൽ 20 ലക്ഷം രൂപ കിട്ടും. നാലുവർഷമാണ് തിരിച്ചടവ് കാലാവധി. മുതൽ തിരിച്ചടയ്ക്കാൻ ആദ്യ ഒരുവർഷം മോറട്ടോറിയം ലഭിക്കുമെങ്കിലും ഇക്കാലയളവിലെ പലിശ ഈടാക്കും. ഈവർഷം ഒക്‌ടോബർ 31വരെയാണ് വായ്‌പാ വിതരണം.

9.25%

ഈടുരഹിത വായ്‌പയിന്മേൽ ബാങ്കുകൾക്ക് ഈടാക്കാവുന്നത് പരമാവധി 9.25 ശതമാനം പലിശയാണ്. എൻ.ബി.എഫ്.സികൾക്ക് 14 ശതമാനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, MSME LOANS, ATMANIRBHAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360