SignIn
Kerala Kaumudi Online
Monday, 12 October 2026 1.53 AM IST

ആശ്വാസ റാലി പ്രതീക്ഷിച്ച് ഓഹരി നിക്ഷേപകർ

sen

ആശ്വാസ റാലി പ്രതീക്ഷിച്ച് ഓഹരി നിക്ഷേപകർ

ക്രൂഡ് വിലയിലെ ചലനങ്ങൾ നിർണായകം

കൊച്ചി: കഴിഞ്ഞ ആഴ്ചകളിലുണ്ടായ കനത്ത തകർച്ചയ്ക്ക് ശേഷം ഇന്ത്യൻ ഓഹരി വിപണിയിൽ ആശ്വാസ മുന്നേറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ. രണ്ടാം പാദത്തിലെ കമ്പനികളുടെ പ്രവർത്തന ഫലങ്ങൾ, പണപ്പെരുപ്പ കണക്കുകൾ, ക്രൂഡ് വിലയിലെ മാറ്റങ്ങൾ എന്നിവയാകും വിപണിയുടെ നീക്കത്തെ സ്വാധീനിക്കുക. അമേരിക്കയുടെ 10 വർഷ ബോണ്ടുകളുടെ യീൽഡ് ഇനിയും ഉയർന്നാൽ വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ വിൽപ്പന സമ്മർദ്ദമേറുമെന്ന ആശങ്കയും ശക്തമാണ്. വെള്ളിയാഴ്ച സെൻസെക്‌സും നിഫ്‌റ്റിയും മികച്ച നേട്ടമുണ്ടായെങ്കിലും തിരിച്ചുകയറ്റത്തിന്റെ സൂചനയാണെന്ന് ഉറപ്പായിട്ടില്ല.

ഇന്ന് പുറത്തുവരുന്ന സെപ്തംബറിലെ പണപ്പെരുപ്പ കണക്കുകളാണ് പ്രധാന പരീക്ഷണം. ആഗസ്റ്റിൽ പണപ്പെരുപ്പം 4.82 ശതമാനമായിരുന്നു. ഭക്ഷ്യ, ഇന്ധന വിലകളിലെ കുതിപ്പിന്റെ പശ്ചാത്തലത്തിൽ പണപ്പെരുപ്പം 5.40 ശതമാനമായി ഉയരുമെന്നാണ് വിലയിരുത്തൽ. മൊത്തവില സൂചികയും ഈ വാരം പുറത്തുവരും. പണപ്പെരുപ്പം ഇനിയും ഉയർന്നാൽ റിസർവ് ബാങ്ക് വീണ്ടും പലിശ വർദ്ധിപ്പിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. ബാങ്കിംഗ്, വാഹന, റിയൽറ്റി മേഖലകളിൽ ഇതിന്റെ ആഘാതമുണ്ടാകും.

ഐ.ടി ഓഹരികൾ മുൾമുനയിൽ

ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ പ്രതീക്ഷിച്ചതിലും മികച്ച പ്രവർത്തന ഫലം കഴിഞ്ഞ ആഴ്ച ഐ.ടി ഓഹരികളിൽ വാങ്ങൽ താൽപ്പര്യം ഉയർത്തിയിരുന്നു. എച്ച്.സി.എൽ ടെക്നോളജീസ്, വിപ്രോ, ടെക് മഹീന്ദ്ര എന്നിവയുടെ പ്രവർത്തന ഫലങ്ങളാണ് വിപണി കാത്തിരിക്കുന്നത്. ആഗോള അനിശ്ചിതത്വങ്ങൾ മറികടന്നും മികച്ച പ്രകടനം കാഴ്ചവെക്കാൻ കമ്പനികൾക്ക് കഴിഞ്ഞാൽ മികച്ച മുന്നേറ്റം ഓഹരി വിലകളിലുണ്ടാകുമെന്ന് അനലിസ്‌റ്റുകൾ പറയുന്നു. എ.ഐ സേവനങ്ങളിലെ വരുമാന വളർച്ചയും അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ കരാറുകളും നിർണായകമാണ്.

ക്രൂഡ് വില്ലനാകുമോ?

പശ്ചിമേഷ്യയിലെ സംഘർഷ സാദ്ധ്യത ശക്തമായി തുടരുന്നതാണ് നിക്ഷേപകരെ വലയ്ക്കുന്നത്. സൗദി അറേബ്യയ്ക്കെതിരെ ഹൂതികൾ ആക്രമണം ശക്തമാക്കുന്നതും ഇറാനും യു.എസുമായി ചർച്ചകൾ വൈകുന്നതും ക്രൂഡ് വിപണിയിൽ സമ്മർദ്ദം ശക്തമാക്കുന്നു. വാരാന്ത്യത്തിൽ ബ്രെന്റ് ക്രൂഡ് വില ബാരലിന് 104 ഡോളറിന് മുകളിലെത്തിയിരുന്നു. എണ്ണ വിലയിലെ കുതിപ്പ് ഇന്ത്യയുടെ ഇറക്കുമതി ചെലവും കമ്പനികളുടെ ഉത്പാദന, ഗതാഗത ചെലവും ഉയർത്തും.

വിപണി ചലനങ്ങളെ ബാധിക്കുന്നത്

1. സെപ്തംബറിലെ പണപ്പെരുപ്പ കണക്കുകൾ

2. കമ്പനികളുടെ രണ്ടാം പാദ പ്രവർത്തനഫലങ്ങൾ

3. ക്രൂഡോയിൽ വിലയിലെ ചലനങ്ങൾ

4. വിദേശ നിക്ഷേപകരുടെ നീക്കങ്ങൾ

5. രൂപയുടെ മൂല്യത്തിലുണ്ടാകുന്ന മാറ്റം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OHARI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360