SignIn
Kerala Kaumudi Online
Saturday, 03 October 2026 12.38 AM IST

ലോകത്തിലെ ഏറ്റവും വലിയ സ്‌പോർ‌ട്‌സ് ബ്രാൻഡിന് കനത്ത തിരിച്ചടി,​ 20.9 ലക്ഷം കോടി രൂപയുടെ നഷ്ടം

nike
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ലോകമെമ്പാടുമുള്ള കായിക പ്രേമികളുടെ പ്രിയപ്പെട്ട ബ്രാൻഡായ നൈക്കി കനത്ത പ്രതിസന്ധിയിൽ. വൻകിട കായിക താരങ്ങളുടെ പിന്തുണയും 'ജസ്റ്റ് ഡു ഇറ്റ്' എന്ന ഒറ്റ വാചകം കൊണ്ടും വിപണി കീഴടക്കിയ കമ്പനി നിലവിൽ വൻതോതിലുള്ള തൊഴിൽ വെട്ടിക്കുറയ്ക്കലിലേക്കും ബിസിനസ് പുനഃസംഘടനയിലേക്കും നീങ്ങുകയാണ്. തുടർച്ചയായ വിലയിടിവും വിൽപ്പനയിലെ ഇടിവുമാണ് നൈക്കിയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.

കമ്പനിയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഓഗസ്റ്റ് 31ന് വരുമാനം നാല് ശതമാനം കുറഞ്ഞ് 1,120 കോടി ഡോളറിലെത്തി. ലാഭം രണ്ട് ശതമാനം ഇടിഞ്ഞ് 712 മില്യൺ ഡോളറായപ്പോൾ, നിക്ഷേപകരെ ആശങ്കപ്പെടുത്തുന്നത് കമ്പനിയുടെ ഭാവിയാണ്. അടുത്ത സാമ്പത്തിക വർഷത്തിൽ വരുമാനത്തിൽ വലിയ തോതിലുള്ള ഇടിവുണ്ടാകുമെന്നാണ് കമ്പനിയുടെ മുന്നറിയിപ്പ്.

വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ നൈക്കിയുടെ ഓഹരി വിപണിയിൽ 8.5 ശതമാനം വരെ ഇടിഞ്ഞു. ഇതുവരെ വിപണി മൂല്യത്തിൽ നിന്ന് കോടിക്കണക്കിന് ഡോളറാണ് ചോർന്നുപോയത്. കായിക ഉപകരണങ്ങൾക്കും വസ്ത്രങ്ങൾക്കും വിപണിയിൽ ആവശ്യക്കാരില്ലാത്തതല്ല യഥാർത്ഥ പ്രശ്നം. ഉപഭോക്താക്കൾക്ക് എപ്പോഴും വാങ്ങണമെന്ന് തോന്നുന്ന തരത്തിലുള്ള പുതുമയുള്ള ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നതിൽ നൈക്കി പരാജയപ്പെട്ടതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

nike

റണ്ണിംഗ് പോലുള്ള പെർഫോമൻസ് വിഭാഗങ്ങൾ മെച്ചപ്പെടുന്നുണ്ടെങ്കിലും, നൈക്കിയുടെ ലൈഫ് സ്റ്റൈൽ ബിസിനസ് കനത്ത സമ്മർദ്ദത്തിലാണ്. എയർ ഫോഴ്സ് 1, ഡങ്ക്, എയർ ജോർദാൻ തുടങ്ങിയ പ്രശസ്തമായ ബ്രാൻഡുകൾക്ക് വിപണിയിൽ ആവശ്യക്കാർ കുറയുന്നു. 'ഓൺ ക്ലൗഡ്', 'ഹോക' തുടങ്ങിയ പുതിയ ബ്രാൻഡുകളിൽ നിന്നുള്ള കടുത്ത മത്സരമാണ് നൈക്കിക്ക് തിരിച്ചടിയായത്.

നൈക്കിയെ ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിച്ച വിപണിയാണ് ചൈന. ചൈനയിലെ വരുമാനം 22 ശതമാനമാണ് ഇടിഞ്ഞത്. പ്രാദേശിക കായിക ബ്രാൻഡുകളുടെ കടന്നുവരവും ഉപഭോക്താക്കളുടെ താത്പര്യങ്ങളിലെ മാറ്റവുമാണ് ചൈനയിൽ തിരിച്ചടിയായത്. ഓൺലൈൻ വഴിയുള്ള നേരിട്ടുള്ള വിൽപ്പനയ്ക്ക് കമ്പനി അമിത പ്രാധാന്യം നൽകിയതും വിപണിയിൽ തിരിച്ചടിയായി. പരമ്പരാഗത ചില്ലറ വിൽപ്പനക്കാരെ അവഗണിച്ച തന്ത്രം പാളിയതോടെ, കമ്പനി ഇപ്പോൾ ആ രീതി മാറ്റാൻ നിർബന്ധിതരായിരിക്കുകയാണ്.

എല്ലാ പ്രതിസന്ധികളെയും മറികടക്കാൻ 'പേസ്' എന്ന പേരിൽ പുതിയ ബിസിനസ് പുനഃസംഘടനയ്ക്ക് നൈക്കി തുടക്കമിട്ടിട്ടുണ്ട്. വിതരണ ശൃംഖലയിലെ മാറ്റങ്ങൾ, ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കൽ എന്നിവയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2031ഓടെ ഇതിലൂടെ 2.5 ബില്യൺ ഡോളറിന്റെ ലാഭമാണ് കമ്പനി ലക്ഷ്യമിടുന്നത്.

nike

കൂടാതെ, യുഎസിലെ ഒറിഗണിലുള്ള ആസ്ഥാനത്തിന് പുറമെ ഇന്ത്യയിൽ പുതിയ കാമ്പസ് ആരംഭിക്കാനും നൈക്കി പദ്ധതിയിടുന്നുണ്ട്. ജോർദാൻ ബ്രാൻഡ്, കോൺവേഴ്സ് എന്നിവയുടെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി ബംഗളൂരുവിൽ പുതിയ കാമ്പസ് യാഥാർത്ഥ്യമാക്കാനാണ് നീക്കം. ഏഷ്യൻ വിപണിയിലെ സാന്നിദ്ധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്തൃ ബ്രാൻഡുകളിൽ ഒന്നായ നൈക്കി ഇതുവരെ ഉപഭോക്താക്കളോട് 'ചെയ്തു തീർക്കൂ' (DO IT) എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ഇന്നത്തെ അവസ്ഥയിൽ എന്തൊക്കെ ഒഴിവാക്കണം, എങ്ങനെയൊക്കെ മാറ്റങ്ങൾ വരുത്തണം എന്ന് പുനർവിചിന്തനം ചെയ്യേണ്ട അവസ്ഥയിലാണ് കമ്പനിയെന്ന് ഒരു പ്രമുഖ വ്യാവസായ വിദഗ്ദ്ധൻ അഭിപ്രായപ്പെട്ടു.

English Summary

Nike is facing a severe crisis with declining sales, reduced revenue, and profit, alongside an 8.5% stock drop. The company attributes this to a lack of innovation, fierce competition, and a faltering direct-to-consumer strategy, particularly in China. Nike plans significant job cuts and a business reorganization, aiming to save $2.5 billion, while also expanding its presence in the Asian market.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NIKE, BUSINESS NEWS, SPORTS BRAND, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360