SignIn
Kerala Kaumudi Online
Thursday, 24 September 2026 8.15 PM IST

ആരാംകോ നിക്ഷേപം, ജിയോ ഫോൺ: വൻ പ്രഖ്യാപനങ്ങളുമായി റിലയൻസ്

ril

മുംബയ്: വാർഷിക പൊതുയോഗത്തിൽ വമ്പൻ പ്രഖ്യാപനങ്ങൾ നടത്തുകയെന്ന പതിവ് റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഇക്കുറിയും തെറ്റിച്ചില്ല. റിലയൻസിന്റെ ഇന്നലെ ചേർന്ന 44-ാമത് വാർഷിക പൊതുയോഗത്തിൽ സൗദി ആരാംകോ നിക്ഷേപം, 75000 കോടി രൂപയുടെ വമ്പൻ 'ഗ്രീൻ എനർജി" പദ്ധതി, ജിയോ ഫോൺ നെക്‌സ്റ്റ്, 5ജി സേവനം തുടങ്ങിയ പ്രഖ്യാപനങ്ങളുണ്ടായി.

 ധീരുഭായ് അംബാനി ഗ്രീൻ എനർജി ജിഗാ കോംപ്ളക്‌സ്: അച്‌ഛൻ ധീരുഭായി അംബാനിയുടെ പേരിൽ ഗുജറാത്തിലെ ജാംനഗറിൽ 5,000 ഏക്കറിൽ സ്ഥാപിക്കുന്ന പദ്ധതിയാണ് ധീരുഭായ് അംബാനി ഗ്രീൻ എനർജി ജിഗാ കോംപ്ളക്‌സ്. 60,000 കോടി രൂപ മൂന്നുവർഷത്തിനകം നിക്ഷേപിക്കും. ആദ്യഘട്ടത്തിൽ നാല് ജിഗാ ഫാക്‌ടറികൾ നിർമ്മിക്കും. ലോകത്തെ ഏറ്റവും വലിയ സംയോജിത റിന്യൂവബിൾ എനർജി ഉത്‌പാദന സൗകര്യം സജ്ജമാക്കുകയാണ് ലക്ഷ്യം. വാല്യു ചെയിൻ, സഹകരണം, ഭാവി സാങ്കേതികവിദ്യ എന്നിവയ്ക്കായി 15,000 കോടി രൂപയുടെ അധിക നിക്ഷേപവും നടത്തും.

 ആരാംകോ ഇടപാട് ഈ വർഷം: 2019ൽ പ്രഖ്യാപിച്ച സൗദി ആരാംകോ നിക്ഷേപ ഇടപാട് ഈ വർഷം പൂർത്തിയാകും. റിലയൻസ് ഇൻഡസ്‌ട്രീസിന്റെ 20 ശതമാനം ഓഹരികൾ 1,500 കോടി ഡോളറിനാണ് (1.11 ലക്ഷം കോടി രൂപ) ആരാംകോ ഏറ്റെടുക്കുന്നത്. ആരാംകോ ചെയർമാനും സൗദിയുടെ പബ്ളിക് ഇൻവെസ്‌റ്റ്മെന്റ് ഫണ്ട് ഗവർണറുമായ യാസിർ അൽ-റുമയ്യാൻ റിലയൻസിന്റെ സ്വതന്ത്ര ഡയറക്‌ടറുമാകും. റിലയൻസിന്റെ അന്താരാഷ്‌ട്രവത്കരണത്തിന്റെ തുടക്കമാണിതെന്ന് മുകേഷ് പറഞ്ഞു.

 ജിയോ ഫോൺ നെക്‌സ്‌റ്റ്: ഗൂഗിളുമായി ചേർന്ന് ജിയോ നിർമ്മിച്ച ജിയോ ഫോൺ നെക്‌സ്‌റ്റ് 4ജി സ്മാർട്ട്ഫോൺ സെപ്‌തംബർ 10ന് വിപണിയിലെത്തും. വില കുറവാണെങ്കിലും വെളിപ്പെടുത്തിയിട്ടില്ല. ബുക്കിംഗ് വൈകാതെ തുടങ്ങും. 30 കോടിയോളം വരുന്ന ഫീച്ചർ ഫോൺ ഉപഭോക്താക്കളാണ് ഉന്നം. ആധുനിക ഫീച്ചറുകളുള്ള ഫോൺ കൂടുതൽ ഇന്ത്യക്കാരെ ഡിജിറ്റൽ ലോകത്തേക്ക് നയിക്കുമെന്ന് ഗൂഗിൾ മേധാവി സുന്ദർ പിച്ചൈ പറഞ്ഞു.

 2ജി മുക്ത്-5ജി യുക്ത് : ഗൂഗിൾ ക്ളൗഡുമായി ചേർന്ന് ജിയോ 5ജി സേവനം ഉടൻ ലഭ്യമാക്കും. ഒരു ജി.ബി.പി.എസ് വേഗവുമായി നവി മുംബയിൽ പരീക്ഷണത്തിന് ജിയോ തുടക്കമിട്ടു. 42 കോടി വരിക്കാർ ജിയോയ്ക്കുണ്ട്.

 ജിയോ മാർട്ട്: ഫേസ്‌ബുക്കിന്റെ കീഴിലുള്ള വാട്സ്ആപ്പുമായി സഹകരിച്ച് ഓൺലൈൻ വില്പനസേവനം ജിയോമാർട്ട് ശക്തമാക്കും. 150 നഗരങ്ങളിൽ ജിയോ മാർട്ടിന് സാന്നിദ്ധ്യമുണ്ട്. മൂന്നുലക്ഷം വിതരണക്കാരുമുണ്ട്.

 ജിയോ ഫൈബർ: ജിയോയുടെ അതിവേഗ ബ്രോഡ്ബാൻഡായ ജിയോ ഫൈബറിന് വരിക്കാർ 30 ലക്ഷം; സാന്നിദ്ധ്യം 100 നഗരങ്ങളിൽ.

 മൂലധന സമാഹരണം: ജിയോ പ്ളാറ്റ്‌ഫോംസിന്റെ ഉൾപ്പെടെ ഓഹരി വില്പനയിലൂടെ റെക്കാഡ് 3.24 ലക്ഷം കോടി രൂപയുടെ മൂലധന സമാഹരണം റിലയൻസ് നടത്തി.

 റീട്ടെയിൽ: റിലയൻസ് റീട്ടെയിൽ 65,000 പുതിയ തൊഴിലുകൾ സൃഷ്‌ടിച്ചു; അഞ്ചുവർഷത്തിനകം മൂന്ന് മടങ്ങ് വളർച്ച റീട്ടെയിൽ നേടും

 കൊവിഡ് പ്രതിരോധം: പ്രതിദിനം 1,100 എം.ടി ലിക്വിഡ് മെഡിക്കൽ ഓക്‌സിജൻ റിലയൻസ് ലഭ്യമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, RIL, MUKESH AMBANI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360