SignIn
Kerala Kaumudi Online
Thursday, 24 September 2026 4.01 AM IST

സിയാൽ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സർവീസ്

cial

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ബാങ്കോക്കിലേക്ക് ആഴ്ചയിൽ നാല് സർവീസുകൾ കൂടി ഉൾപ്പെടുത്തി സിയാലിൽ ശീതകാല സമയക്രമം. ഒക്ടോബർ 26 മുതൽ 2027 മാർച്ച് 28 വരെയുള്ള ശീതകാല സമയക്രമത്തിൽ തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള കണക്ടിവിറ്റി കൂടുതൽ ശക്തമാക്കും.

എയർ ഇന്ത്യ എക്സ‌്പ്രസാണ് ബാങ്കോക്കിലേയ്ക്ക് സർവീസ് നടത്തുന്നത്. നിലവിലുള്ള സർവീസുകൾക്ക് പുറമേ നാല് പ്രതിവാര സർവീസുകൾ കൂടി വരുന്നതോടെ ബാങ്കോക്കിലേക്കുള്ള യാത്രാസൗകര്യം കൂടും. ഗൾഫ് മേഖലയിലേക്കും ആഭ്യന്തര മേഖലയിലേക്കും കൂടുതൽ സർവീസുകളുണ്ട്. ഇൻഡിഗോ ഫുജൈറയിലേക്ക് ദിവസേന സർവീസുണ്ടാകും. ആകാശ എയർ ദുബായ്, ദമ്മാം, കുവൈത്ത് എന്നിവിടങ്ങളിലേക്കും ദിവസേന സർവീസുകളുണ്ടാകും.

ബാങ്കോക്ക് എയർപോർട്ടിലേക്കുള്ള നാല് പ്രതിവാര സർവീസുകൾ സിയാലിന്റെ തെക്കു-കിഴക്കൻ ഏഷ്യൻ കണക്ടിവിറ്റിക്ക് കൂടുതൽ കരുത്തേകും. നിലവിൽ ബാങ്കോക്ക്-ഡോൺ മുവാങ്, ക്വാലാലംപൂർ, സിംഗപ്പൂർ, മാലി, കൊളംബോ എന്നിവിടങ്ങളിലേക്ക് സർവീസുകളുണ്ട്.

തെക്കൻ, തെക്കു-കിഴക്കൻ ഏഷ്യയിലെ ആറ് വിമാനത്താവളങ്ങളിൽനിന്നായി ആഴ്ചയിൽ 93 സർവീസുകളുണ്ട്. തായ്‌ലാൻഡിലേക്കും ഫാർ ഈസ്റ്റിലെ മറ്റ് കേന്ദ്രങ്ങളിലേക്കുമുള്ള യാത്രാ സൗകര്യങ്ങൾ കൂടുതൽ വിപുലമാകും.

ശീതകാല സമയക്രമത്തിൽ ഗൾഫ് മേഖലയിലെ 13 വിമാനത്താവളങ്ങളിലേക്കും സർവീസുകളുണ്ടാകും. പുതിയ സർവീസുകളുടെ ഭാഗമായി ഫുജൈറ, ദുബായ്, ദമ്മാം, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള ദിവസേനയുള്ള സർവീസുകളും ഗൾഫ് കണക്ടിവിറ്റിക്ക് കൂടുതൽ കരുത്തേകും.

ആഭ്യന്തര സർവീസ് ശക്തിപ്പെടുത്തും

ആഭ്യന്തര മേഖലയിൽ കൊൽക്കത്തയിലേക്കും തിരുവനന്തപുരത്തേക്കും ഇൻഡിഗോ ദിവസേന സർവീസ് നടത്തും. ഇതോടെ പ്രധാന ഗൾഫ് കേന്ദ്രങ്ങളിലേക്കും രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കുമുള്ള കണക്ടിവിറ്റി കൂടുതൽ ശക്തമാകും. ആഭ്യന്തര മേഖലയിൽ 13 വിമാനത്താവളങ്ങളിലേക്കായി ആഴ്ചയിൽ 465 അറൈവലുകളാണുള്ളത്. ആഭ്യന്തര സർവീസ് കണക്കിൽ ബെംഗളൂരുവാണ് ഏറ്റവും മുന്നിൽ.

14.4 % വർദ്ധന

ആഴ്ചയിൽ 1,544 സർവീസുകളാണ് വേനൽകാല ഷെഡ്യൂളിലുള്ളത്. ശീതകാലത്ത് 1,766 ആയി. 14.4 ശതമാനമാണ് വർദ്ധന. ആഭ്യന്തര, രാജ്യാന്തര സർവീസുകളിൽ സമാനമായ വളർച്ചയാണ്. 881 സർവീസുകൾ കൊച്ചിയിൽനിന്ന് പുറപ്പെടുന്നതും 885 സർവീസുകൾ കൊച്ചിയിലേക്കെത്തുന്നതുമാണ്. 32 വിമാനത്താവളങ്ങളിലേക്കായി 28 വിമാനക്കമ്പനികളാണ് സർവീസ് നടത്തുന്നത്. പ്രതിദിനം ശരാശരി 252 വിമാന നീക്കങ്ങളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

യാത്രാനുഭവം കൂടുതൽ മെച്ചപ്പെടുത്താൻ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. വീട്ടിൽനിന്ന് ബാഗേജ് ശേഖരിക്കുന്നതിനുള്ള സൗകര്യവും പ്രത്യേക സഹായം ആവശ്യമായ യാത്രക്കാർക്കായി മെച്ചപ്പെട്ട സൗകര്യങ്ങളുമുണ്ടാകും.

എസ്. സുഹാസ്

സിയാൽ മാനേജിംഗ് ഡയറക്ടർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360