സനാ: സൗദി അറേബ്യയ്‌ക്ക് പിന്തുണ നൽകുകയോ ബാബ് എൽ മന്ദേബ് കടലിടുക്കിൽ ഇടപെടുകയോ ചെയ‌്‌താൽ അമേരിക്കയെയും അവർക്ക് താൽപര്യമുള്ള ഇടങ്ങളെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പുമായി ഹൂതികൾ. 'സൗദിയുടെ വ്യോമാക്രമണങ്ങൾക്കോ അതിന് പിന്തുണ നൽകുന്നതിനോ അമേരിക്ക ശ്രമിക്കുകയാണെങ്കിൽ, ഞങ്ങൾക്ക് ചുറ്റുമുള്ള അമേരിക്കയുടെ ഏത് താൽപര്യമുള്ളയിടവും ഞങ്ങൾ ലക്ഷ്യമിടും.' ഹൂതി സൈനിക ഉപദേഷ്‌ടാവ് അബെദ് മുഹമ്മദ് അൽ തവർ പറഞ്ഞു,
ചെങ്കടലിലേക്കുള്ള പ്രവേശനകവാടമായ ബാബ് എൽ മന്ദേബ് ഇറാൻ പിന്തുണയുള്ള ഹൂതികൾ പിടിച്ചെടുത്തതിന് പിന്നാലെയാണ് സൗദിക്ക് അമേരിക്കൻ പിന്തുണ നൽകുന്നതും ചർച്ചയായത്. 2022ൽ സൗദിയും യമനിലെ ഹൂതികളും തമ്മിലുണ്ടാക്കിയ വെടിനിർത്തൽ കരാർ പൊളിഞ്ഞതിന് പിന്നാലെയാണ് ഹൂതി സൈനിക ഉപദേഷ്‌ടാവിന്റെ പ്രസ്‌താവന. ഹൊർമൂസ് കടലിടുക്കിൽ ഇറാൻ പിടിമുറുക്കിയതോടെ ചരക്കുഗതാഗതം തകരാറിലായ സൗദിയെ വീണ്ടും പ്രതിരോധത്തിലാക്കുന്നതാണ് ബാബ് എൽ മന്ദേബ് ഹൂതികൾ പിടിച്ചെടുത്തത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമായ സൗദിക്ക് ഇതോടെ തലവേദന ഇരട്ടിയായി.
പിന്നാലെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സഹായം തേടി. യമനിൽ നിലവിലുള്ള സൗദി പിന്തുണയുള്ള സർക്കാരും അമേരിക്കയോട് സഹായാഭ്യർത്ഥന നടത്തിയിരുന്നു. അമേരിക്ക പിന്തുണയ്‌ക്കുമോ എന്നത് വ്യക്തമാകും മുൻപ് അത്തരം നടപടിയുണ്ടായാൽ ബാബ് എൽ മന്ദേബ് അമേരിക്കൻ കപ്പലുകൾക്ക് പൂർണമായും വിലക്ക് ഏർപ്പെടുത്തുമെന്നാണ് ഹൂതികൾ പറയുന്നത്. ഇറാൻ തങ്ങളുടെ സൗഹൃദ, സഹോദര രാജ്യമാണെന്നും അവർ പക്ഷെ തങ്ങളെ നിയന്ത്രിക്കാറില്ലെന്നും ഹൂതികൾ പറയുന്നു. തീരുമാനങ്ങളെടുക്കാൻ തങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടെന്നാണ് ഹൂതികളുടെ വാദം.
2022ലെ വെടിനിർത്തൽ കരാറിൽ നിന്ന് സൗദി പിന്മാറാൻ കാരണം സനയിലെ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഇറാൻ വിമാനം ലാൻഡ് ചെയ്യാൻ ഹൂതികൾ അനുവദിച്ചതായിരുന്നു. തുടർന്ന് സൗദി വിമാനത്താവളത്തിന്റെ പാതയിൽ വ്യോമാക്രമണം നടത്തി. ഇതിന് തിരിച്ചടി നൽകിയ ഹൂതികൾ ചെങ്കടലിലെ തീരമടക്കം പിടിച്ചടക്കുകയും വൈകാതെ ബാബ് എൽ മന്ദേബ് കൈപ്പിടിയിലാക്കുകയുമായിരുന്നു.
Yemen’s Houthi movement has warned that it would target the United States and American interests if Washington supports Saudi Arabia or intervenes in the Bab el-Mandeb Strait. Houthi military adviser Abed Mohammed Al-Thawr said any US involvement in Saudi airstrikes or support for them would make American interests in the region potential targets.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |