ന്യൂഡൽഹി: വസ്ത്രങ്ങൾ വാങ്ങുമ്പോൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ഓരോ ബ്രാൻഡിനും വ്യത്യസ്ത സൈസ് എന്നത്. ഒരു ബ്രാൻഡിലെ മീഡിയം മറ്റൊന്നിലെ ലാർജ് സൈസ് ആയിരിക്കും. ഇത്തരത്തിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. രാജ്യത്തെ എല്ലാ വസ്ത്ര ബ്രാൻഡുകളിലും ഒരേ സൈസ് മാനദണ്ഡം നടപ്പാക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
യൂറോപ്പിലെയും അമേരിക്കയിലെയും മാതൃകയിൽ രാജ്യവ്യാപകമായി ഏകീകൃത സൈസ് ചാർട്ട് നടപ്പാക്കുകയാണ് ലക്ഷ്യം. നിലവിൽ ഓരോ ബ്രാൻഡിനും സ്വന്തം സൈസ് എന്ന നിലയിലാണ് വിപണിയിലെത്തുന്നത്. പ്രത്യേകിച്ച് ഓൺലൈൻ ഷോപ്പിംഗിൽ ഇത് ഉപഭോക്താക്കൾക്ക് വലിയ ആശയക്കുഴപ്പമാണ് സൃഷ്ടിക്കുന്നത്. പലപ്പോഴും ആഗ്രഹിച്ച് വാങ്ങുന്ന വസ്ത്രങ്ങൾ തിരിച്ചയക്കേണ്ട അവസ്ഥയും ഉണ്ടാകാറുണ്ട്.
പുതിയ സംവിധാനം പ്രാബല്യത്തിൽ വന്നുകഴിഞ്ഞാൽ ഈ പ്രശ്നത്തിന് പരിഹാരമാകും. സ്മോൾ, മീഡിയം, ലാർജ് തുടങ്ങിയ സൈസുകൾക്ക് എല്ലാ ബ്രാൻഡുകളിലും ഒരേ അളവ് ഉറപ്പാക്കുന്ന ഏകീകൃത മാനദണ്ഡം നടപ്പാക്കാനാണ് കേന്ദ്ര തീരുമാനം. ഇതിനായി കേന്ദ്ര വസ്ത്രമന്ത്രാലയത്തിന്റെ 'ഇന്ത്യ സൈസ്' പദ്ധതിയുടെ ഭാഗമായി പഠനം ആരംഭിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 26,000ത്തിലധികം ആളുകളുടെ ശരീര അളവുകൾ ത്രീ-ഡി ബോഡി സ്കാനിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ശേഖരിച്ചു കഴിഞ്ഞു. ഇന്ത്യയിലെ ജനങ്ങളുടെ ശരീരഘടനയ്ക്ക് അനുയോജ്യമായ സ്റ്റാൻഡേർഡ് സൈസ് ചാർട്ടാണ് ഇതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയിരിക്കുന്നത്. പുതിയ മാനദണ്ഡം നടപ്പിലാകുന്നതോടെ ഉപഭോക്താക്കൾക്ക് വിവിധ ബ്രാൻഡുകളിൽ ഒരേ സൈസ് കൂടുതൽ വിശ്വാസത്തോടെ തിരഞ്ഞെടുക്കാൻ സാധിക്കും.
The Indian government plans to implement a uniform apparel sizing standard nationwide to address consumer confusion caused by varying brand sizes. Under the Ministry of Textiles' 'India Size' project, over 26,000 people's body measurements were collected via 3D scanning. This initiative aims to create a consistent, standardized size chart tailored for Indian physiques, benefiting shoppers.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |