SignIn
Kerala Kaumudi Online
Wednesday, 08 July 2026 2.38 PM IST

പാകിസ്ഥാന് ചിന്തിക്കാൻ പോലും കഴിയാത്ത മുന്നേറ്റവുമായി ഇന്ത്യ, നുഴഞ്ഞുകയറ്റക്കാരെ ഇനി റോബോട്ടുകൾ കൈകാര്യം ചെയ്യും

-humanoid-in-defence-opar
ഹ്യൂമനോയിഡ് റോബോട്ട് മാതൃകകൾ

ന്യൂഡൽഹി: തീവ്രവാദ വിരുദ്ധ പോരാട്ടങ്ങൾക്കും മുൻനിര സൈനിക നീക്കങ്ങൾക്കും നിലവിൽ ഇന്ത്യയടക്കം മിക്ക രാജ്യങ്ങളും മനുഷ്യരെത്തന്നെയാണ് ഉപയോഗിക്കുന്നത്. എന്നാൽ എഐ സാങ്കേതികവിദ്യയുടെ വികസനത്തോടെ ഇതിൽ മാറ്റംവരികയാണ്. റഷ്യ- യുക്രെയിൻ യുദ്ധത്തിൽ മനുഷ്യനിയന്ത്രിതമായ ഡ്രോൺ ആയുധങ്ങൾ ഉപയോഗിച്ചിരുന്നു. ഇതിൽനിന്നും ഒരുപടി മുന്നേറി ഹ്യൂമനോയിഡ് റോബോട്ടുകളെ നിർണായക സൈനിക നീക്കങ്ങൾക്ക് ഉപയോഗിക്കാൻ തയ്യാറെടുക്കുകയാണ് ഇന്ത്യ. 2050ഓടെ ഈ മേഖലയിൽ മികച്ച മുന്നേറ്റമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

തയ്യാറാക്കുന്നത് ഡിആർ‌ഡിഒ

കഴിഞ്ഞവർഷം പൂനെയിൽ നടന്ന നാഷണൽ വർക്‌ഷോപ് ഓൺ അഡ്‌വാൻസ്ഡ് ലെഗ്‌ഡ് റോബോടിക്‌സിൽ ഇതിന്റെ ഒരു പരീക്ഷണരൂപം ഡിഫൻസ് റിസർച്ച് ആൻ‌ഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) അവതരിപ്പിച്ചിരുന്നു. ഹ്യൂമനോയിഡ് റോബോട്ടുകൾ വരുന്നു എന്നതിനർത്ഥം പൂർണമായും മനുഷ്യ സൈനികരെ പിൻവലിക്കുന്നു എന്നല്ല ഇന്ത്യൻ സൈന്യത്തിലുണ്ടാകുന്ന വലിയ മാറ്റത്തിന്റെ 'പരിവർത്തന ദശകം' എന്ന സംരംഭത്തിന്റെ തുടക്കമാണിത്.

ഹ്യൂമൻ മെഷീൻ ടീമിംഗ് (എച്ച്എം‌ടി)

മനുഷ്യ സൈനികർ നേരിട്ട് നിയന്ത്രിക്കുന്ന അപകടകരമായ ഇടങ്ങളിലെ ഓപ്പറേഷനുകളിൽ മനുഷ്യ നിയ‌ന്ത്റണത്തിലുള്ള ഹ്യൂമനോയിഡുകൾ പരിശോധനയും പോരാട്ടവുമടക്കം നടത്തും. ഹ്യൂമൻ മെഷീൻ ടീമിംഗ് (എച്ച്എം‌ടി) എന്ന ഭാവി ആശയമാണ് വരുംനാളുകളിൽ നടപ്പാക്കാൻ പോകുന്നത്. ഇതിനായി ഡിആർഡിഒയുടെ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് എസ്റ്റാബ്ളിഷ്‌മെന്റ് (എഞ്ചിനീയേഴ്‌സ്) എന്ന ലാബിലാണ് ഇവയെ രൂപകൽപന ചെയ്യുന്നത്. ഇവയുടെ സ്വയം നിയന്ത്രണം, മൊബിലിറ്റി, ബാലൻസ് എന്നിവയിൽ വിവിധ പരീക്ഷണങ്ങൾ നടക്കുകയാണിപ്പോൾ.

കൊടുംകാടുകൾ, കുത്തനെയുള്ള പർവതനിരകൾ, തിരക്കേറിയ നഗരപ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിൽ വീലുകളുള്ള റോബോട്ടുകൾക്ക് പ്രവർത്തിക്കാൻ പ്രയാസമായതിനാൽ മനുഷ്യരെപ്പോലെ ഇരുകാലുകളിൽ ആകും ഈ സംവിധാനത്തിന്റെയും സഞ്ചാരം. വാതിൽ തുറക്കുക, തടസങ്ങൾ നീക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ ഇവ ചെയ്യും. മനുഷ്യർ വിവിധ മിഷനുകളിൽ പ്രവർത്തിക്കുമ്പോൾ ഇത്തരം ഘട്ടങ്ങളിൽ അപകടങ്ങൾ സംഭവിക്കാറുണ്ട്. എന്നാൽ ഹ്യൂമനോയിഡ് റോബോട്ടുകളുടെ കാര്യത്തിൽ ആ പേടിവേണ്ട.

മനുഷ്യരെപോലെ ചലനങ്ങൾ

മനുഷ്യരെപോലെയുള്ള ചലനങ്ങൾ റോബോട്ടുകൾക്ക് ലഭിക്കുക എന്നത് വലിയ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇതിനായി ഡിആർഡിഒ സംഘം കഠിനശ്രമത്തിലാണ്. സ്വന്തം സ്ഥാനവും ചലനവും മോണിട്ടർ ചെയ്യാൻ പ്രൊപ്രിയോസെപ്‌റ്റീവ് സെൻസറുകളും ചുറ്റുമുള്ള പരിസ്ഥിതി നിരീക്ഷിക്കാൻ എക്‌സ്‌റ്റെറോസെപ്‌റ്റീവ് സെൻസറുകളും ഇവക്കുണ്ട്. അറിവില്ലാത്ത മേഖലയിൽ മുന്നേറാൻ കൃത്യമായ ഡിജിറ്റൽ മാപ്പുകൾ തയ്യാറാക്കുന്ന സൈമൾട്ടേനിയസ് ലോക്കലൈസേഷൻ ആൻഡ് മാപ്പിംഗ് (സ്‌ലാം) എന്ന സംവിധാനവും ഇതിലുണ്ട്. മനുഷ്യരുടെ മേൽനോട്ടത്തിൽ നന്നായി പ്രവർത്തിക്കാനാണ് ഈ സാങ്കേതിക വിദ്യകൾ.

റോബോട്ടുകളെ ഉപയോഗിച്ച് പ്രതിരോധ മേഖലയെ ശക്തമാക്കുകയല്ല മനുഷ്യ സൈനികരും എഐ അധിഷ്‌ഠിത സംവിധാനങ്ങളും ഒരുമിച്ച് മികവോടെ പ്രവർത്തിക്കുന്ന മോഡലാണ് ഇന്ത്യൻ സൈന്യം ലക്ഷ്യമിടുന്നത്. 2050ഓടെ മനുഷ്യ സഹായത്തിനായി ഭാരമേറിയ യുദ്ധോപകരണങ്ങളും ആയുധങ്ങളും ലക്ഷ്യസ്ഥാനത്ത് എത്തിക്കാനും ലോജിസ്റ്റിക്‌സ് ജോലികളും നിരീക്ഷണവും ഒപ്പം പ്രയാസകരമായ സ്ഥലങ്ങളിൽ ജോലിചെയ്യുന്നതുമാണ് ഹ്യൂമനോയിഡ് റോബോട്ടുകളിലൂടെ ഉദ്ദേശിക്കുന്നത്.

English Summary

Humanoid robots for counter terrorism oparations. Drdo is devoloping advanced robots for indian army which will be used by 2050.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HUMANOID ROBOT, DRDO MADE, INDIAN DEFENCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360