SignIn
Kerala Kaumudi Online
Wednesday, 22 July 2026 9.06 PM IST

ആഴംകുറഞ്ഞ കടലിലും ഇനി ഇന്ത്യൻ പ്രതിരോധം: ‘പുലി നഖ’ ചിഹ്നവുമായി ഐഎൻഎസ്‌ മാൽവൻ

ins-malvan
ഐഎൻഎസ് മാൽവൻ യുദ്ധകപ്പൽ

ബംഗളൂരു: ഇന്ത്യൻ നാവികസേനയുടെ കരുത്ത് വർദ്ധിപ്പിച്ച് ഐഎൻഎസ് മാൽവൻ യുദ്ധകപ്പൽ. മാഹി ക്ലാസ് വിഭാഗത്തിൽപ്പെട്ട രണ്ടാമത്തെ ആന്റി-സബ്‌മറൈൻ യുദ്ധക്കപ്പലായ ഐഎൻഎസ് മാൽവൻ ഔദ്യോഗികമായി കമ്മീഷൻ ചെയ്തു. കർണാടകയിലെ കാർവാർ നാവികത്താവളത്തിൽ നടന്ന ചടങ്ങിൽ എയർ ചീഫ് മാർഷൽ എ പി സിംഗാണ് കപ്പൽ രാജ്യത്തിന് സമർപ്പിച്ചത്. ഈ വർഷം നാവികസേനയുടെ ഭാഗമാകുന്ന ഏഴാമത്തെ യുദ്ധക്കപ്പലാണിത്.

കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് നിർമ്മിച്ച കപ്പലിന്റെ 80 ശതമാനത്തിലധികം ഭാഗങ്ങളും പൂർണമായും തദ്ദേശീയമായാണ് വികസിപ്പിച്ചിരിക്കുന്നത്. ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ കപ്പലെന്ന് ചടങ്ങിൽ എപി സിംഗ് പ്രശംസിച്ചു. വലിയ യുദ്ധക്കപ്പലുകൾക്ക് കടന്നുചെല്ലാൻ പരിമിതികളുള്ള ആഴം കുറഞ്ഞ തീരപ്രദേശങ്ങളിൽ പതിയിരിക്കുന്ന ശത്രുക്കളുടെ അന്തർവാഹിനികളെ കണ്ടെത്തി നശിപ്പിക്കാൻ ലക്ഷ്യമിട്ടാണ് മാൽവൻ രൂപകൽപ്പനചെയ്തിരിക്കുന്നത്. തീരദേശ സുരക്ഷ, അണ്ടർവാട്ടർ നിരീക്ഷണം, ഖനി യുദ്ധം, തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ എന്നിവ ഇതിന് ഫലപ്രദമായി നിർവഹിക്കാൻ കഴിയും.

പരമ്പരാഗത പ്രൊപ്പൽഷനുകൾക്ക് പകരം അത്യാധുനിക വാട്ടർജെറ്റ് സാങ്കേതികവിദ്യയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇത് ശബ്ദം പരമാവധി കുറയ്ക്കാനും ശത്രുക്കൾക്ക് തിരിച്ചറിയാൻ കഴിയാത്തവിധം സ‌ഞ്ചരിക്കാനും സഹായിക്കും. പരമാവധി 25 നോട്ട്സ് വേഗതയുള്ള കപ്പലിന് പതിനാലുദിവസത്തോളം കടലിൽ തുടർച്ചയായി ദൗത്യങ്ങളിൽ ഏർപ്പെടാനാകും.

ആർബിയു-6000 ആന്റി-സബ്‌മറൈൻ റോക്കറ്റ് ലോഞ്ചർ, അഡ്വാൻസ്ഡ് ലൈറ്റ് വെയിറ്റ് ടോർപ്പിഡോകൾ, കടലിൽ മൈനുകൾ വിതറാനുള്ള സംവിധാനം, 30 എംഎം നേവൽ ഗൺ, ആധുനിക റഡാർ എന്നിവ മാൽവനിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെ അന്തർവാഹിനികളുടെ സാന്നിദ്ധ്യവും പാകിസ്ഥാൻ ചൈനയിൽ നിന്ന് വാങ്ങുന്ന പുതിയ ഹാങ്കോർ-ക്ലാസ് അന്തർവാഹിനികളും ഉയർത്തുന്ന വെല്ലുവിളികളെ പ്രതിരോധിക്കാൻ ഐഎൻഎസ് മാൽവനിന് സാധിക്കും.

ഛത്രപതി ശിവാജി മഹാരാജിന്റെ സമ്പന്നമായ സമുദ്ര പൈതൃകത്തിനും സിന്ധുദുർഗ് കോട്ടയ്‌ക്കും പേരുകേട്ട മഹാരാഷ്‌ട്രയിലെ ചരിത്രപ്രസിദ്ധമായ മാൽവൻ നഗരത്തിന്റെ പേരാണ് ഈ കപ്പലിന് നൽകിയിരിക്കുന്നത്. കപ്പലിന്റെ ഔദ്യോഗിക മുദ്ര അഥവാ ക്രസ്റ്റ് നാവികസേന കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഛത്രപതി ശിവജി പ്രയോഗിച്ചതെന്ന് പറയപ്പെടുന്ന ‘വാഘ് നഖ’ അഥവാ പുലിനഖമാണ് മാൽവന്റെ ക്രസ്റ്റിൽ ആലേഖനം ചെയ്തിരിക്കുന്നത്.

English Summary

India has commissioned INS Malvan, a new anti-submarine warfare ship designed to detect and track enemy submarines in shallow coastal waters. The vessel strengthens the Indian Navy's coastal defence capabilities and enhances maritime security with advanced surveillance and combat systems.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIAN NAVY, INS MALVAN, SUBMARINE HUNTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360