ന്യൂഡൽഹി: അതിർത്തികളിലുടനീളം സ്ഥിരമായി നിരീക്ഷണം നടത്താൻ തദ്ദേശീയമായി ആകാശക്കപ്പൽ (എയർഷിപ്പ്) പദ്ധതി വികസിപ്പിക്കാനുള്ള നീക്കവുമായി ആഭ്യന്തര മന്ത്രാലയം. ഭൂമിയുടെ ഉയർന്ന അന്തരീക്ഷ പാളിയായ സ്‌ട്രാറ്റോസ്‌ഫിയറിൽ ആണ് ആകാശകപ്പൽ വിന്യസിക്കുകയെന്നാണ് വിവരം. കേന്ദ്ര പ്രതിരോധ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ ഇക്കൊല്ലം ഫെബ്രുവരിയിൽ പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു.
ഭൂമിയിൽ നിന്ന് 20 കിലോമീറ്റർ ഉയരത്തിൽ സ്ഥിരമായി നിൽക്കുന്ന തരത്തിലാണ് ആകാശക്കപ്പൽ ഡിസൈൻ ചെയ്യുക. അതിർത്തികളിലുടനീളം 24 മണിക്കൂറും ഇന്റലിജൻസ്, നിരീക്ഷണ, രഹസ്യാന്വേഷണ സേവനങ്ങൾ നൽകുന്നു. ആശയവിനിമയത്തിനും ഇത് സഹായിക്കുന്നു.
ശത്രുവിനെ ഇലക്ട്രോണിക് രീതിയിൽ നിരീക്ഷിക്കാനുള്ള ഉപകരണങ്ങളും ആകാശകപ്പലിലുണ്ടാവും. ശത്രുപ്രദേശത്തിന്റെ ഉള്ളിലേക്ക് ആഴത്തിൽ നോക്കാനും സഹായിക്കും. ക്യാമറ, രാത്രി കാഴ്ച ഉപകരണങ്ങൾ, തെർമൽ ഇമേജിംഗ് എന്നിവ ഉപയോഗിച്ച് ചലനം ട്രാക്ക് ചെയ്യാൻ കഴിയുന്ന ഒരു ഇലക്ട്രോ ഒപ്‌ട്രോണിക് ഉപകരണ പേലോഡും ഈ ആകാശക്കപ്പലിൽ ഉണ്ടായിരിക്കും.
മെയ്ക്ക്-ഐ പദ്ധതി പ്രകാരമാണ് ഇത് വികസിപ്പിക്കുന്നത്. ഗവേഷണ വികസന ഫണ്ടിന്റെ 70 ശതമാനം സർക്കാരിൽ നിന്ന് ലഭിക്കും. ഡിഫൻസ് അക്വിസിഷൻ നടപടിക്രമം-2020 അനുസരിച്ച് മെയ്ക്ക്-ഐ പദ്ധതികൾ സർക്കാർ ധനസഹായത്തോടെയാണ് നടത്തുന്നത്.
പരമ്പരാഗത ഉപഗ്രഹങ്ങളെ അപേക്ഷിച്ച് വിക്ഷേപിക്കാനും പ്രവർത്തിപ്പിക്കാനും വിലകുറവാണെന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. ഒരു ഉപഗ്രഹത്തിൽ നിന്ന് വ്യത്യസ്തമായി ഇത് തുടർച്ചയായി നിലയുറപ്പിച്ചിരിക്കുന്ന രീതിയിലാണ് വികസിപ്പിക്കുന്നത്. ഇന്ത്യയെ കൂടാതെ, അമേരിക്ക, ചൈന, യുകെ, ജപ്പാൻ, ജർമ്മനി, ഫ്രാൻസ്, റഷ്യ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും ഈ സംവിധാനം വികസിപ്പിക്കാനുള്ള പണിപ്പുരയിലാണ്.
India is developing an indigenous airship system for continuous border surveillance. Deployed in the stratosphere at around 20 km altitude, it will provide 24-hour intelligence, communication, and monitoring capabilities. Equipped with advanced sensors and cameras, the project is being developed under the Make-I initiative with government funding support.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |