SignIn
Kerala Kaumudi Online
Thursday, 22 October 2026 3.55 PM IST

ബോളിവുഡിൽ അധോലോകം വീണ്ടും സജീവമാകുന്നു? ഹിന്ദി സിനിമ നേരിട്ട മുൻ കൊലപാതകങ്ങളും ആക്രമണങ്ങളും

tiger-shroff
ലേറൻസ് ബിഷ്‌ണോയ്, ടൈഗർ ഷ്‌റോഫ്

ന്യൂഡൽഹി: മുംബയ് അധോലോകത്തെ പ്രധാന ഗ്യാങ്ങുകളെല്ലാം തകർന്നതോടെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി തോക്കുകളെല്ലാം നിശബ്ദമായതിന്റെ ആശ്വാസത്തിലായിരുന്നു ബോളിവുഡ്. ഈ സംഘങ്ങളുടെ പ്രധാന വരുമാന സ്രോതസായിരുന്നു ബോളിവുഡ് സിനിമാ വ്യവസായം. എന്നാൽ നടൻ ടൈഗർ ഷ്റോഫിനുനേരെയുണ്ടായ വധശ്രമം അധോലോകം വീണ്ടും സജീവമായെന്ന സൂചനയാണ് നൽകുന്നത്. ഇത്തവണ വടക്കേ ഇന്ത്യൻ സംഘങ്ങളാണ് സജീവമായിരിക്കുന്നതെന്നാണ് വിവരം.

കഴിഞ്ഞ ഞായറാഴ്‌ചയായിരുന്നു നടൻ ജാക്കി ഷ്‌റോഫിന്റെ മകൻ ടൈഗറിനുനേരെ ആക്രമണമുണ്ടായത്. ജൂഹുവിലായിരുന്നു സംഭവം. നടൻ ഫുട്‌ബോൾ മൈതാനത്തുനിന്ന് മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ മൂന്നു പേർ നടൻ സഞ്ചരിച്ച കാറിനുനേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ബിഷ്‌ണോയ് സംഘാംഗമായ അൻമോൽ ബിഷ്‌ണോയ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തി.

ഈ സംഭവത്തോടെ ബോളിവുഡ് സെലിബ്രിറ്റികളുടെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ വീണ്ടും ഉയരുകയാണ്. ഹിന്ദി സിനിമാ വ്യവസായത്തിനുമേൽ അധോലോകത്തിന്റെ കറുത്ത കൈകൾ പിടിമുറുക്കിയിരുന്ന കാലഘട്ടത്തിലേയ്ക്ക് ടൈഗർ ഷ്‌റോഫിനുനേരെയുണ്ടായ ആക്രമണം വീണ്ടും വിരൽ ചൂണ്ടുകയാണ്. വ്യക്തിപരമായ പക, ഭീഷണിപ്പെടുത്തി പണം തട്ടൽ തുടങ്ങിയ കാരണങ്ങളാൽ സെലിബ്രിറ്റികൾ കടുത്ത ഭയത്തിൽ കഴിഞ്ഞിരുന്ന കാലഘട്ടമായിരുന്നു അത്.

ഭയത്തിന്റെയും അക്രമത്തിന്റെയും നൂറ്റാണ്ട്

1990കളുടെ അവസാനവും 2000ത്തിന്റെ തുടക്കവും ബോളിവുഡിലെ അധോലോക പ്രവർത്തനങ്ങൾക്ക് പേരുകേട്ട കാലഘട്ടമായിരുന്നു.

  • മുകേഷ് ദഗ്ഗൽ കൊല (1997): അധോലോക സംഘങ്ങളുടെ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് സിനിമാ നിർമാതാവ് മുകേഷ് ദഗ്ഗൽ വെടിയേറ്റ് മരിക്കുന്നു. സിനിമാ നിർമാണവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഇതിന് കാരണമെന്നാണ് റിപ്പോർട്ടുകൾ.
  • രാജീവ് റായിക്ക് നേരെയുള്ള ആക്രമണം (1997): ഛോട്ടാ ഷക്കീലുമായി ബന്ധമുള്ള ഗുണ്ടകൾ മുംബയിലെ താർദിയോയിലുള്ള ഓഫീസിന് പുറത്ത് ചലച്ചിത്ര നിർമാതാവായ രാജീവ് റായിയെ ആക്രമിച്ചു. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഒരു പൊലീസ് കോൺസ്റ്റബിളിന്റെ പ്രത്യാക്രമണത്തിൽ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചു.
  • ഗുൽഷൻ കുമാറിന്റെ കൊലപാതകം (1997): ടി-സീരീസ് സ്ഥാപകനായ ഗുൽഷൻ കുമാർ വെർസോവയിൽ പട്ടാപ്പകൽ വെടിയേറ്റ് കൊല്ലപ്പെട്ടു. എതിരാളികളുടെ നിർദ്ദേശപ്രകാരം അബു സലീമിന്റെ സംഘമാണ് ഈ കൊലപാതകം നടത്തിയതെന്ന് ആരോപിക്കപ്പെടുന്നു.
  • രാകേഷ് റോഷന് നേരെയുള്ള ആക്രമണം (2000): 'കഹോ നാ... പ്യാർ ഹേ' റിലീസ് ചെയ്ത് ആഴ്ചകൾക്ക് ശേഷം സാന്താക്രൂസിലെ ഓഫീസിന് പുറത്ത് ഛോട്ടാ ഷക്കീലിന്റെ ആളുകൾ രാകേഷ് റോഷനെ ആക്രമിച്ചു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചതിനാൽ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചു.
  • അജിത് ദിവാനി വധം (2001): പണം തട്ടിയെടുക്കാനുള്ള ശ്രമത്തെ എതിർത്തതിന് നടി മനീഷ കൊയ്‌രാളയുടെ സെക്രട്ടറി അജിത് ദിവാണിയെ അബു സലീമിന്റെ സംഘം കൊലപ്പെടുത്തി.
  • ലോറൻസ് ഡിസൂസ ആക്രമണം (2002): ഗുണ്ടാസംഘം ഇജാസ് ലക്‌ഡാവാല നടത്തിയ ആക്രമണത്തിൽ നിന്ന് ചലച്ചിത്ര നിർമാതാവ് ലോറൻസ് ഡിസൂസ അത്ഭുതകരമായി രക്ഷപ്പെട്ടു.
  • 'ലഗാൻ' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം നടൻ ആമിർ ഖാനെയും ചലച്ചിത്ര നിർമാതാവ് അശുതോഷ് ഗോവാരിക്കറെയും തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നു.

അധോലോക സംഘങ്ങൾ തക‌ർന്നതെങ്ങനെ?

90കളിൽ ഗുണ്ടാസംഘങ്ങളിൽ നിന്ന് ബോളിവുഡിന് കടുത്ത സമ്മർദ്ദമാണ് നേരിടേണ്ടി വന്നത്. ഇതിനെത്തുടർന്ന് ചലച്ചിത്ര മേഖലയിലുള്ളവരുടെ ഒരു പ്രതിനിധി സംഘം അന്നത്തെ പൊലീസ് കമ്മീഷണർ എം.എൻ. സിംഗിനെ നേരിൽക്കണ്ട് ബോളിവുഡിനെ മുംബയിൽ നിന്ന് ഹൈദരാബാദിലേക്ക് മാറ്റുമെന്ന് അറിയിച്ചു.

രാഷ്ട്രീയക്കാരുടെയും ചലച്ചിത്ര വ്യവസായരംഗത്തുള്ളവരുടെയും കടുത്ത സമ്മർദ്ദത്തിനൊടുവിൽ അധോലോക സംഘങ്ങളെ അടിച്ചമർത്താൻ മുംബയ് പൊലീസിന് വടിയ‌െടുക്കേണ്ടതായി വന്നു. എൻകൗണ്ടറുകളിലൂടെയും, 'മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്റ്റ്' (എംസിഒസിഎ) കർശനമായി നടപ്പിലാക്കിയതിലൂടെയും അധോലോകത്തിന്റെ സ്വാധീനം കുറയ്ക്കാൻ പൊലീസിന് സാധിച്ചു. പ്രധാന സംഘത്തലവന്മാർ ജയിലിലാവുകയും കൊല്ലപ്പെടുകയും ചെയ്തതോടെ മുംബയിലെ അധോലോകത്തിന്റെ ശക്തി ക്ഷയിച്ചു.

21-ാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ ബോളിവുഡിൽ നിന്ന് പണം തട്ടിയെടുക്കാനായി ദാവൂദ് ഇബ്രാഹിമിന്റെ സംഘം നടത്തിയിരുന്ന ഭീഷണി കോളുകൾ നിലച്ചു. 2002ൽ പോർച്ചുഗലിലെ ലിസ്ബണിൽ അബു സലീം അറസ്റ്റിലായതോടെ അയാളുടെ ഭീകരപ്രവർത്തനങ്ങൾക്കും അന്ത്യമായി. 2015ൽ ഇന്തോനേഷ്യയിലെ ബാലിയിൽ അറസ്റ്റിലാവുകയും ഇന്ത്യയിലേക്ക് നാടുകടത്തപ്പെടുകയും ചെയ്ത ഛോട്ടാ രാജൻ ഇപ്പോൾ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചുവരികയാണ്. ശിവസേന നേതാവിനെ കൊലപ്പെടുത്തിയ കേസിൽ അരുൺ ഗാവ്ലി അറസ്റ്റിലാവുകയും ശിക്ഷിക്കപ്പെടുകയും ചെയ്തതോടെ അയാളുടെ സംഘത്തിന്റെ പ്രവർത്തനങ്ങളും അവസാനിച്ചു. ഇതോടെ ബോളിവുഡിൽ രക്തച്ചൊരിച്ചിലും പണം തട്ടലും കുറച്ചുകാലത്തേയ്ക്ക് നിലച്ചിരുന്നു.

എന്നാൽ 2023 ഓടെ സ്ഥിതിഗതികൾ വീണ്ടും മാറി. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്ന ലോറൻസ് ബിഷ്‌ണോയ് സംഘം നടൻ സൽമാൻ ഖാനുനേരെ തിരിഞ്ഞു. അടുത്തിടെ നിർമാതാവ് രോഹിത് ഷെട്ടിക്ക് പണം ആവശ്യപ്പെട്ടുള്ള ഭീഷണി കോൾ എത്തിയതും അധോലോക സംഘങ്ങൾ ബോളിവുഡിൽ വീണ്ടും സജീവമാകുന്നതിന്റെ സൂചനയാണ്.

English Summary

A reported shooting attack targeting actor Tiger Shroff in Mumbai has renewed concerns about underworld activity in Bollywood. The article revisits major past attacks and killings involving film personalities during the 1990s and early 2000s, when extortion and gang threats were widespread. Police crackdowns weakened these networks, but renewed threats linked to the Lawrence Bishnoi gang have raised fresh security concerns for Bollywood celebrities.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TIGER SHROFF ATTACK, BOLLYWOOD UNDERWORLD THREAT, LAWRENCE BISHNOI GANG, TIGER SHROFF SHOOTING NEWS, BOLLYWOOD UNDERWORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360