ഗുരുഗ്രാം: വൈദ്യുതിയില്ല, വെള്ളമില്ല, ഇന്റർനെറ്റുമില്ല. ഇൻവെർട്ടറുകളിലെ ചാർജ് തീർന്നതോടെ വീടുകളിലെ ദൈനംദിന പ്രവർത്തനങ്ങൾ പോലും മുടങ്ങി. കുട്ടികൾക്ക് പഠിക്കാനാകുന്നില്ല, വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർ പ്രതിസന്ധിയിൽ, ഫാക്ടറികളിൽ യന്ത്രങ്ങൾ നിലച്ചു. ഹരിയാനയിലെ ഗുരുഗ്രാമിൽ വൈദ്യുതി ജീവനക്കാരുടെ സമരം ജനജീവിതത്തെ താളംതെറ്റിച്ചിരിക്കുകയാണ്.
ഒക്ടോബർ 22ന് ആരംഭിച്ച സമരം 24 വരെ തുടരാനാണ് തീരുമാനം. ഗുരുഗ്രാമിന് പുറമേ ഫരീദാബാദ്, നൂഹ്, സോനിപത്, രേവാരി, ഝജ്ജർ, കർണാൽ, അംബാല തുടങ്ങിയ ജില്ലകളിലും വൈദ്യുതി വിതരണത്തെ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. ഒക്ടോബർ 23ന് ആദ്യ 12 മണിക്കൂറിനുള്ളിൽ വൈദ്യുതി വകുപ്പിന് 3,000ത്തിലധികം പരാതികൾ ലഭിച്ചതായി ഒരു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഗുരുഗ്രാമിൽ മാത്രം പരാതികളുടെ എണ്ണം 5,500 കടന്നതായും റിപ്പോർട്ടുകൾ പുറത്തുവരുന്നു. എന്തുകൊണ്ടാണ് ജീവനക്കാർ സമരം ചെയ്യുന്നത്? വൈദ്യുതി വിതരണം സ്വകാര്യ കമ്പനികൾക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട തർക്കമെന്താണ്, സംഭവത്തിൽ സർക്കാരിന്റെ നിലപാട് എന്താണ് എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കാം.
ജീവനക്കാരുടെ സമരത്തിന്റെ കാരണം
ഹരിയാനയിലെ വൈദ്യുതി വിതരണ മേഖലയിൽ സ്വകാര്യ കമ്പനിക്ക് പ്രവേശനം അനുവദിച്ച സർക്കാർ നടപടിയാണ് ജീവനക്കാരുടെ പ്രതിഷേധത്തിന് കാരണം. ഒക്ടോബർ 19ന് ഹരിയാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ (എച്ച്ഇആർസി) ഗുരുഗ്രാമിലും നൂഹിലും 25 വർഷത്തേക്ക് സമാന്തര വൈദ്യുതി വിതരണ ലൈസൻസ് നൽകാൻ തീരുമാനിച്ചു. ഇലവൻ പവർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് അനുമതി നൽകിയത്. നിലവിൽ സംസ്ഥാനത്തെ വൈദ്യുതി വിതരണത്തിന്റെ പ്രധാന ചുമതല രണ്ട് സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾക്കാണ് ഉത്തര ഹരിയാന ബിജ്ലി വിതരൺ നിഗത്തിനും ദക്ഷിണ ഹരിയാന ബിജ്ലി വിതരൺ നിഗത്തിനുമാണ് നൽകിയിരിക്കുന്നത്.
പുതിയ ലൈസൻസ് പ്രാബല്യത്തിൽ വരുന്നതോടെ ഹരിയാനയിലെ വൈദ്യുതി വിതരണ മേഖലയിലേക്ക് പ്രവേശിക്കുന്ന ആദ്യ സ്വകാര്യ കമ്പനിയായി ഇലവൻ പവർ മാറും. ഒരേ പ്രദേശത്ത് ഒന്നിലധികം വിതരണക്കാർക്ക് പ്രവർത്തിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക. ഭാവിയിൽ ഗുരുഗ്രാമിലെയും നൂഹിലെയും ഉപഭോക്താക്കൾക്ക് വൈദ്യുതി വിതരണക്കാരെ തിരഞ്ഞെടുക്കാനുള്ള സാധ്യതയും വർദ്ധിക്കും. എന്നാൽ ഈ തീരുമാനം പൊതുമേഖലാ വൈദ്യുതി വിതരണ സംവിധാനത്തെ ദുർബലപ്പെടുത്തുമെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ ആശങ്ക.
ജീവനക്കാർ എതിർക്കുന്നത് എന്തുകൊണ്ട്
സ്വകാര്യ കമ്പനികൾക്ക് അനുമതി നൽകുന്നതിലൂടെ ലാഭകരമായ നഗരവ്യവസായ മേഖലകളിലെ ഉപഭോക്താക്കളെ സ്വകാര്യ കമ്പനികൾ സ്വന്തമാക്കുമെന്നും പൊതുമേഖലാ കമ്പനികൾ സാമ്പത്തികമായി തളരുമെന്നുമാണ് ജീവനക്കാരുടെ വാദം. വൈദ്യുതി വിതരണ മേഖലയിൽ ഏകദേശം 40,000 സ്ഥിരം, കരാർ, ഔട്ട്സോഴ്സ് ജീവനക്കാരുടെയും എഞ്ചിനീയർമാരുടെയും തൊഴിൽസുരക്ഷയെക്കുറിച്ചും ആശങ്ക ഉയർന്നിട്ടുണ്ട്.
നഗരങ്ങളിലെയും വ്യവസായ മേഖലകളിലെയും വരുമാനമുള്ള ഉപഭോക്താക്കളെ സ്വകാര്യ കമ്പനികൾ കേന്ദ്രീകരിക്കുമ്പോൾ ഗ്രാമീണകാർഷിക മേഖലയിലേക്ക് വൈദ്യുതി എത്തിക്കുന്നതിന്റെ സാമ്പത്തിക ബാധ്യത പൊതുമേഖലാ സ്ഥാപനങ്ങൾക്ക് മാത്രമായി ശേഷിക്കാമെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.
വൈദ്യുതിയില്ലാതെ വലയുന്ന ജനങ്ങൾ
സമരം തുടങ്ങിയതോടെ ഗുരുഗ്രാമിലെ നിരവധി മേഖലകളിൽ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. ഇൻവെർട്ടറുകളുടെ ബാറ്ററി തീർന്നതോടെ വെള്ളമെത്തിക്കുന്ന മോട്ടോറുകൾ പ്രവർത്തിക്കാതായി. വീടുകളിലെ ടാങ്കുകളിൽ വെള്ളമുണ്ടെങ്കിലും പമ്പുകൾ പ്രവർത്തിപ്പിക്കാനാകാത്തതിനാൽ വീടുകളിലേക്ക് വെള്ളമെത്താത്ത സാഹചര്യവുമുണ്ടായി.
പ്രവേശന പരീക്ഷകൾക്കും സർക്കാർ മത്സരപ്പരീക്ഷകൾക്കും തയ്യാറെടുക്കുന്ന വിദ്യാർത്ഥികളുടെ പഠനത്തെയും പ്രതിസന്ധി ബാധിച്ചു. വൈദ്യുതി വകുപ്പിന്റെ 1912 ഹെൽപ്ലൈനിൽ പരാതി നൽകാൻ ശ്രമിച്ചെങ്കിലും ഏറെനേരം കാത്തിരുന്ന ശേഷം ഫോൺ ബന്ധം വിച്ഛേദിക്കപ്പെട്ടു. വൈദ്യുതി മുടക്കം നീണ്ടതോടെ പല പ്രദേശങ്ങളിലും ജനങ്ങൾ തെരുവിലിറങ്ങി. രാജേന്ദ്ര പാർക്ക്, ഭീംഗഢ് ഖേരി, ഗുരുഗ്രാം റെയിൽവേ സ്റ്റേഷന് സമീപമുള്ള മേഖലകൾ എന്നിവിടങ്ങളിൽ വ്യാഴാഴ്ച വൈകിട്ടോടെ പ്രതിഷേധം നടന്നു. വൈദ്യുതിയില്ലാതെ വെള്ളം പമ്പ് ചെയ്യാനാകുന്നില്ലെന്നും വീടുകളിൽ കുടിവെള്ളം പോലും ലഭിക്കുന്നില്ലെന്നും പ്രതിഷേധക്കാർ പരാതിപ്പെട്ടു.
സ്വകാര്യ കമ്പനികൾ വന്നാൽ വൈദ്യുതി വിതരണം മെച്ചപ്പെടുമോ? ഇതാണ് ഇപ്പോൾ ഹരിയാനയിൽ ഉയരുന്ന പ്രധാന ചോദ്യം. വൈദ്യുതി വിതരണ മേഖലയിൽ സ്വകാര്യ കമ്പനികൾക്ക് അവസരം നൽകുന്നത് സേവനനിലവാരം മെച്ചപ്പെടുത്തുമോ, അതോ പൊതുമേഖലാ സംവിധാനത്തെ ദുർബലപ്പെടുത്തുമോ? സ്വകാര്യ കമ്പനികൾ തമ്മിലുള്ള മത്സരം വൈദ്യുതി വിതരണത്തിലെ കാര്യക്ഷമത വർദ്ധിപ്പിക്കുമെന്നും വൈദ്യുതി മുടക്കം കുറയ്ക്കാൻ പ്രേരണയാകുമെന്നും അനുകൂലിക്കുന്നവർ വാദിക്കുന്നു. വൈദ്യുതി ലഭ്യമല്ലെങ്കിൽ വരുമാനം കുറയുമെന്നതിനാൽ സേവനം മെച്ചപ്പെടുത്താൻ സ്വകാര്യ കമ്പനികൾ കൂടുതൽ ശ്രദ്ധിക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
A strike by electricity employees in Haryana has disrupted power supply across eight districts, including Gurugram, leaving residents without electricity, water and internet while affecting businesses and factories. The protest follows the Haryana Electricity Regulatory Commission’s decision to grant a 25-year parallel electricity distribution licence to private company Eleven Power Private Limited for Gurugram and Nuh.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |