SignIn
Kerala Kaumudi Online
Thursday, 11 June 2026 6.09 PM IST

കോടികൾ വാഗ്ദാനം ചെയ്തു, പിന്നാലെ ഭീഷണി; ലൈംഗിക കുറ്റവാളി എപ്സ്റ്റീന്റെ കെണിയിൽ ബിൽ ഗേറ്റ്സ് വീണത് എങ്ങനെ?

bill-gates-

വാഷിംഗ്ടൺ: പ്രായപൂർത്തിയാവാത്ത നിരവധി പെൺകുട്ടികളെയടക്കം ലൈംഗിക പീഡനത്തിന് ഇരയാക്കിയ വിവാദ കുറ്റവാളിയാണ് ജെഫ്രി എപ്സ്റ്റീൻ. നിരവധി പ്രമുഖരാണ് എപ്സ്റ്റീനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കുരുങ്ങിയത്. അതിൽ ഏറ്റവും കൂടുതൽ ഉയർന്നു കേട്ടത് യുഎസ് പ്രസിഡന്റ് ഡൊണാൾ‌ഡ് ട്രംപിന്റെയും മൈക്രോ സോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സിന്റെയും പേരുകളാണ്. ഇപ്പോഴിതാ പൊതുജീവിതത്തിൽ തിനിക്ക് ഉണ്ടായ വിവാദ അദ്ധ്യായത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ലോക കോടീശ്വരനായ ബിൽ ഗേറ്റ്സ്.

യുഎസ് ജനപ്രതിനിധി സഭയുടെ മേൽനോട്ട സമിതിക്ക് മുന്നിലായിരുന്നു ബിൽ ഗേറ്റ്സിന്റെ വിശദീകരണം. ഇന്നലെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ ബിൽ ഗേറ്റ്സ് മനസ് തുറക്കുകയായിരുന്നു. എപ്സ്റ്റീൻ കേസ് കൈകാര്യം ചെയ്തതിലെ വീഴ്ചകളെക്കുറിച്ച് അന്വേഷിക്കുന്ന സർക്കാർ ജനപ്രതിനിധി സഭയ്ക്ക് മുന്നിൽ ഗേറ്റ്സ് സ്വമേധയാ ആണ് ഹാജരായത്.

എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളിൽ പങ്കാളിയാണെന്ന ആരോപണങ്ങൾ ബിൽ ഗേറ്റ്സിനെതിരെ ഇല്ലെങ്കിലും, ജയിൽശിക്ഷ കഴിഞ്ഞിറങ്ങിയ എപ്സ്റ്റീനുമായി ഗേറ്റ്സ് കൂടിക്കാഴ്ചകൾ നടത്തുന്നതിന്റെ ചിത്രങ്ങളും രേഖകളും യുഎസ് നീതിന്യായ വകുപ്പ് ഈ വർഷം ആദ്യം പുറത്തുവിട്ടിരുന്നു. ഇതേത്തുടർന്നാണ് ഗേറ്റ്സിനെ നേരിട്ട് കേൾക്കാൻ സമിതി തീരുമാനിച്ചത്. എപ്സ്റ്റീനുമായുള്ള സൗഹൃദം സ്ഥാപിച്ചത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമാണെന്നും ഗേറ്റ്സ് സമ്മതിച്ചു. അയാളുടെ ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ച് തനിക്ക് യാതൊരു അറിവുമുണ്ടായിരുന്നില്ലെന്നും സമിതിക്ക് മുന്നിൽ ഗേറ്റ്‌സ് വ്യക്തമാക്കി.

jeffrey-epstein-

എന്തുകൊണ്ട് യുഎസ് കോൺഗ്രസ് ബിൽ ഗേറ്റ്സിനെ ചോദ്യം ചെയ്തു

ജെഫ്രി എപ്സ്റ്റീൻ, അയാളുടെ കൂട്ടാളി ഗിസ്‌ലൈൻ മാക്സ്‌വെൽ എന്നിവരുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്നതിൽ ഫെഡറൽ അധികാരികൾക്ക് വീഴ്ച പറ്റിയോ എന്ന് മാസങ്ങളായി യുഎസ് സമിതി അന്വേഷിച്ചുവരികയാണ്. ഈ വർഷം ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട ലക്ഷക്കണക്കിന് രേഖകളിൽ ബിൽ ഗേറ്റ്സിന്റെ പേര് ആവർത്തിച്ച് വന്നതിനെത്തുടർന്ന് സമിതി ചെയർമാൻ ജെയിംസ് കോമർ ഗേറ്റ്സിന്റെ മൊഴിയെടുക്കാൻ തീരുമാനിക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള ഇമെയിൽ സന്ദേശങ്ങൾ, ചാരിറ്റി പ്രോജക്ടുകളെക്കുറിച്ചുള്ള ചർച്ചകൾ, ഒന്നിച്ച് പങ്കെടുത്ത ചടങ്ങുകളുടെ ചിത്രങ്ങൾ എന്നിവയാണ് പുറത്തുവന്ന രേഖകളിലുള്ളത്. സ‌ർക്കാർ തലത്തിൽ എപ്സ്റ്റീനെ സംരക്ഷിക്കാൻ ശ്രമം നടന്നോ, ജയിലിലെ അയാളുടെ ദുരൂഹ മരണം എങ്ങനെ സംഭവിച്ചു തുടങ്ങിയ കാര്യങ്ങളാണ് സമിതി അന്വേഷിക്കുന്നത്.

ബിൽ ഗേറ്റ്സ് എപ്സ്റ്റീൻ ബന്ധം തുടങ്ങിയത് എങ്ങനെ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ ഫ്‌ളോറിഡയിൽ വച്ച് 2008ൽ എപ്സ്റ്റീൻ ശിക്ഷിക്കപ്പെട്ടിരുന്നു. ഇതിന് മൂന്ന് വർഷത്തിന് ശേഷം, 2011ലാണ് താൻ എപ്സ്റ്റീനെ പരിചയപ്പെടുന്നതെന്ന് ഗേറ്റ്സ് പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ആഗോള ആരോഗ്യ പദ്ധതികൾക്കുമായി കോടിക്കണക്കിന് ഡോളറിന്റെ ഫണ്ട് സമാഹരിച്ചു നൽകാൻ തനിക്ക് വലിയ കോടീശ്വരന്മാരുമായി ബന്ധമുണ്ടെന്നാണ് എപ്സ്റ്റീൻ ഗേറ്റ്സിനെ വിശ്വസിപ്പിച്ചിരുന്നത്.

ഗേറ്റ്സ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ വ്യാപകമാക്കാൻ ഭീമൻ തുക ആവശ്യമായിരുന്നതിനാൽ ഈ വാഗ്ദാനങ്ങളിൽ വീണുപോയെന്നും, എപ്സ്റ്റീന്റെ മുൻകാല കുറ്റകൃത്യങ്ങളുടെ വ്യാപ്തി മനസിലാക്കാതെയാണ് അന്ന് പരിചയപ്പെട്ടതെന്നും ഗേറ്റ്സ് സമിതിക്ക് മുന്നിൽ തുറന്നുപറഞ്ഞു.

-epstein-bill-gates

എന്നാൽ ഈ ചർച്ചകളെല്ലാം പിന്നീട് പരാജയപ്പെടുകയും ഫണ്ട് സമാഹരണം നടക്കാതിരിക്കുകയും ചെയ്തതോടെ 2014 ഡിസംബറിൽ എപ്സ്റ്റീനുമായുള്ള എല്ലാ ബന്ധങ്ങളും താൻ പൂർണമായി അവസാനിപ്പിച്ചതായി ബിൽ ഗേറ്റ്സ് വ്യക്തമാക്കി. ഗേറ്റ്സ് ഫൗണ്ടേഷനും എപ്സ്റ്റീന് പണമൊന്നും നൽകിയിട്ടില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

വിവാഹേതര ബന്ധങ്ങൾ വച്ച് എപ്സ്റ്റീൻ ഭീഷണിപ്പെടുത്താൻ ശ്രമിച്ചു
ചോദ്യം ചെയ്യലിൽ ബിൽ ഗേറ്റ്സ് നടത്തിയ ഏറ്റവും ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ എപ്സ്റ്റീന്റെ ബ്ലാക്ക്‌മെയിലിംഗിനെക്കുറിച്ചായിരുന്നു. ബന്ധം അവസാനിപ്പിച്ചതിന് ശേഷം, തന്റെ വ്യക്തിജീവിതത്തിലെ ചില രഹസ്യങ്ങളും വിവാഹേതര ബന്ധങ്ങളും എപ്സ്റ്റീൻ മനസിലാക്കിയതായി ഗേറ്റ്സ് പറഞ്ഞു.

'എന്റെ വ്യക്തിജീവിതത്തിലെ ചില രഹസ്യ വിവരങ്ങളും ഞാൻ വിവാഹജീവിതത്തിൽ വിശ്വസ്തത പുലർത്തിയിരുന്നില്ലെന്ന കാര്യവും എപ്സ്റ്റീൻ അറിഞ്ഞിരുന്നു. ഈ വിവരങ്ങളും ഒപ്പം നിരവധി കള്ളങ്ങളും ചേർത്തുവച്ച്, താനുമായി വീണ്ടും ബന്ധം സ്ഥാപിക്കാൻ എപ്സ്റ്റീൻ എന്നെ സമ്മർദ്ദത്തിലാക്കി.'- ബിൽ ഗേറ്റ്സ് മൊഴി നൽകി. എന്നാൽ ഈ ബ്ലാക്ക്‌മെയിലിംഗ് ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതായും ഗേറ്റ്സ് കൂട്ടിച്ചേർത്തു. ഈ എപ്സ്റ്റീൻ ബന്ധം ബിൽ ഗേറ്റ്സിന്റെയും മുൻഭാര്യ മെലിൻഡ ഫ്രെഞ്ച് ഗേറ്റ്സിന്റെയും വിവാഹമോചനത്തിലേക്ക് നയിച്ച പ്രധാന കാരണങ്ങളിലൊന്നാണെന്ന് മുൻപ് തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.


ചോദ്യം ചെയ്യലിനോട് കടുപ്പിച്ച് ഗേറ്റ്സ്

ബിൽ ഗേറ്റ്സ് ചോദ്യങ്ങളോട് സഹകരിച്ചെങ്കിലും ചില സമയങ്ങളിൽ കടുത്ത പ്രതിരോധം തീർത്തതായി ഡെമോക്രാറ്റിക് പ്രതിനിധി രാജാ കൃഷ്ണമൂർത്തി പറഞ്ഞു. ഗേറ്റ്സ് ചില കാര്യങ്ങളിൽ ഒഴിഞ്ഞുമാറാൻ ശ്രമിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ, മുൻപ് ശിക്ഷിക്കപ്പെട്ട ഒരു ലൈംഗിക കുറ്റവാളിയുമായി ചാരിറ്റി ഫണ്ടിനായി ബന്ധം തുടർന്നത് ഗേറ്റ്സ് വരുത്തിയ വിവേചനശൂന്യമായ തീരുമാനമായിരുന്നു എന്ന് മറ്റ് അംഗങ്ങൾ നിരീക്ഷിച്ചു.

bill-gates-

അന്വേഷണ നിഴലിൽ മുൻ യുഎസ് പ്രസിഡന്റുമാരും

എപ്സ്റ്റീൻ ഫയലുകളിലെ അന്വേഷണം ബിൽ ഗേറ്റ്സിൽ മാത്രം ഒതുങ്ങുന്നതല്ല. മുൻ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റനെ കഴിഞ്ഞ ഫെബ്രുവരിയിൽ സമിതി ആറ് മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. ക്ലിന്റൻ എപ്സ്റ്റീന്റെ സ്വകാര്യ വിമാനത്തിൽ യാത്ര ചെയ്തതിന്റെ രേഖകൾ പുറത്തുവന്നിരുന്നു.

യുഎസ് പ്രസിഡന്റായ ഡൊണാൾഡ് ട്രംപിനും എപ്സ്റ്റീനുമായി 90കളിലും 2000ന്റെ തുടക്കത്തിലും അടുത്ത സൗഹൃദമുണ്ടായിരുന്നു. ട്രംപിനെക്കൂടി ചോദ്യം ചെയ്യണമെന്ന ആവശ്യത്തിൽ ഡെമോക്രാറ്റുകൾ ഉറച്ചുനിൽക്കുകയാണ്. പ്രമുഖ അഭിഭാഷകൻ അലൻ ഡെർഷോവിറ്റ്സ് ഉൾപ്പെടെയുള്ള പ്രമുഖരിലേക്ക് അന്വേഷണം നീളുന്നുണ്ട്.

2019 ഓഗസ്റ്റിൽ ന്യൂയോർക്കിലെ ജയിലിൽ തൂങ്ങിമരിച്ച നിലയിലാണ് എപ്സ്റ്റീനെ കണ്ടെത്തിയത്. ഇരകൾക്ക് നീതി ലഭിക്കുന്നതിനായി മുഴുവൻ എപ്സ്റ്റീൻ ഫയലുകളും പൊതുജനങ്ങൾക്ക് മുന്നിൽ പുറത്തുവിടുന്നതിനെ താൻ അനുകൂലിക്കുന്നതായി ചോദ്യം ചെയ്യലിന് ശേഷം ബിൽ ഗേറ്റ്സ് പ്രതികരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: EXPLAINER, BILLGATES, EPSTEIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360