SignIn
Kerala Kaumudi Online
Saturday, 18 July 2026 12.59 PM IST

നിങ്ങൾ പെർഫ്യൂം ഉപയോഗിക്കുന്ന രീതി ശരിയാണോ? അല്ലെങ്കിൽ എത്രയും പെട്ടെന്ന് മാറ്റിക്കോളൂ

perfume
പ്രതീകാത്മക ചിത്രം

പെർഫ്യൂം ഉപയോഗിക്കാത്തവരായി ആരും ഇല്ലെന്നുതന്നെ പറയാം. അത്രയ്ക്ക് ജനകീയമാണ് പെർഫ്യൂമുകൾ. അവനവന്റെ കൈയിലുളള പണമനുസരിച്ച് ഇഷ്ടമുള്ളത് വാങ്ങാം. നൂറിൽ തുടങ്ങി പതിനായിരങ്ങൾ വിലയുള്ള പെർഫ്യൂമുകൾ ഇന്ന് വിപണിയിലുണ്ട്. വൻ വിലകൊടുത്താണ് വാങ്ങുന്നതെങ്കിലും ഉപയോഗിക്കുമ്പോൾ സുഗന്ധം കൂടുതൽ നേരം നിൽക്കുന്നില്ല എന്ന് പരാതി പറയുന്നവർ നിരവധിയാണ്. ശരിയായ രീതിയിൽ ഉപയോഗിക്കാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് നൂറുശതമാനം ഉറപ്പിക്കാം. പെർഫ്യൂം ഉപയോഗിക്കാൻ ശരിയായ ചില രീതികളുണ്ട്. അവ ഏതൊക്കെയെന്ന് പരിശോധിക്കാം.

വസ്ത്രങ്ങൾക്ക് മുകളിലോ ശരീരത്തിൽ എല്ലായിടത്തുമോ പെർഫ്യൂം ഉപയോഗിച്ചാൽ ശരിയായ സുഗന്ധം ലഭിക്കില്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്. പൾസ് പോയിന്റുകൾ എന്നറിയപ്പെടുന്ന കഴുത്ത്, ചെവിക്ക് പിൻവശം, കൈത്തണ്ട, കൈമുട്ടിന്റെ ഉൾഭാഗം എന്നിവിടങ്ങിലേക്ക് പെർഫ്യൂം സ്‌പ്രേചെയ്തുനോക്കൂ. മണക്കുന്നില്ലെന്ന് പിന്നീട് ഒരിക്കലും പറയില്ല. മാത്രമല്ല ദിവസം മുഴുവൻ സുഗന്ധം നിലനിൽക്കുകയും ചെയ്യും. ഇത്രയും ചെയ്താൽ മാത്രം പെർഫ്യൂം ശരിയായ രീതിയിലാണ് ഉപയോഗിക്കുന്നതെന്ന് പറയാനാകില്ല. മറ്റുചില സുപ്രധാന കാര്യങ്ങൾ കൂടി ചെയ്യാനുണ്ട്. എങ്കിലേ പൂർണമാകൂ.

കുളിച്ചുകഴിഞ്ഞാൽ താമസിക്കരുത്

തോന്നുമ്പാേഴല്ല പെർഫ്യൂം ഉപയോഗിക്കേണ്ടത്. കുളികഴിഞ്ഞയുടൻ വേണം സ്‌പ്രേ ചെയ്യാൻ. ഇതിന് വ്യക്തമായ കാരണമുണ്ട്. കുളികഴിഞ്ഞ് ശരീരം നന്നായി തുടച്ച് ഈർപ്പം മാറ്റിയാലും അല്പം ഈർപ്പം ശരീരത്തിലുണ്ടാവും. ഈ സമയം സ്‌പ്രേചെയ്താൽ അതിലെ സുഗന്ധം ശരീരം നന്നായി ആഗിരണം ചെയ്യും. കുളികഴിഞ്ഞ് ബോഡി ലോഷനുകളോ മോയിസ്ചറൈസറുകളോ പുരട്ടുന്ന ശീലമുണ്ടെങ്കിൽ അതുകൂടി പുരട്ടിയശേഷം വേണം പെർഫ്യൂം ഉപയോഗിക്കാൻ. ഇതും സുഗന്ധം കൂടുതൽ സമയം നിലനിൽക്കുന്നതിന് കാരണമാകും. മണമില്ലാത്ത ബോഡിലോഷനുകൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. രണ്ടും വ്യത്യസ്ത ഗന്ധമുള്ളതാണെങ്കിൽ പണി അപ്പടി പാളും.

ശരീരത്തിലെ പൾസ് പോയിന്റുകളിൽ ചൂട് കൂടുതലായതിനാണ് ആ ഭാഗങ്ങളിൽ പെർഫ്യൂം ഉപയോഗിക്കുമ്പോൾ കൂടുതൽ സമയം സുഗന്ധം നിലനിറുത്താനാവുന്നത്. കൈത്തണ്ടയിൽ പെർഫ്യൂം അടിച്ചശേഷം കൈകൾ കൂട്ടിത്തിരുമ്മുന്നത് ചിലരുടെ ശീലമാണ്. സുഗന്ധം വേണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ആ ശീലം എത്രയും പെട്ടെന്ന് മാറ്റിക്കോളൂ. അങ്ങനെ ചെയ്യുന്നതിലൂടെ സുഗന്ധത്തിന്റെ ഘടന മാറുകയും മണം വളരെപ്പെട്ടെന്ന് നഷ്ടമാവുകയും ചെയ്യും.

വസ്ത്രത്തിലാണോ ശരീരത്തിലാണോ?

ശരീരത്തിലാണോ വസ്ത്രത്തിലാണോ പെർഫ്യൂം ഉപയോഗിക്കേണ്ടതെന്നത് മിക്കവർക്കുമുള്ള സംശയമാണ്. രണ്ടിലും ഉപയോഗിക്കാം. നിങ്ങൾ വാങ്ങിയ പെർഫ്യൂം ഏതുരീതിയിൽ ഉപയോഗിക്കേണ്ടതാണെന്ന് അതിൽ സൂചിപ്പിച്ചിട്ടുണ്ടാവും. അതനുസരിച്ച് ഉപയോഗിക്കുക. കൂടുതൽനേരം സുഗന്ധം നിലനിൽക്കുമെന്ന് കരുതി ചിലർ ശരീരത്തിൽ അടിക്കുന്ന പെർഫ്യൂമുകൾ വസ്ത്രങ്ങളിൽ ഉപയോഗിക്കുന്നവരുണ്ട്

ഈ ധാരണ പൂർണമായും തെറ്റാണ്. വസ്ത്രങ്ങളിൽ കറ പിടിക്കാനേ ഇത് ഉപകരിക്കൂ എന്ന് മനസിലാക്കുക. ശരീരത്തിൽ നിന്നും വസ്ത്രത്തിൽ നിന്നും അകലം പാലിച്ചുവേണം പെർഫ്യൂം സ്‌പ്രേചെയ്യാൻ. നാലുമുതൽ ഏഴിഞ്ചുവരെയാണ് പാലിക്കേണ്ട അകലം. അതുപോലെ മുടിയിൽ നേരിട്ട് അടിക്കുന്നതും ഒഴിവാക്കുക. ഇതിലടങ്ങിയിരിക്കുന്ന ആൾക്കഹോൾ മുടിയെ വരണ്ടതാക്കും. അധികം അടിച്ചാൽ കൂടുതൽ മണം കാണും എന്നധാരണയും തെറ്റാണ്. മിതമായ അളവിൽ ഉപയോഗിച്ചാലേ ഗുണമുണ്ടാവൂ.

സൂക്ഷിക്കുന്നതിലും കാര്യമുണ്ട്

വെയിൽ നേരിട്ട് അടിക്കുന്നതോ ചൂടുള്ളതോ ആയ സ്ഥലത്ത് പെർഫ്യൂമുകൾ സൂക്ഷിക്കാതിരിക്കുക. കുളിമുറികളിൽ സൂക്ഷിക്കുന്നതും അരുത്. എപ്പോഴും ഈർപ്പം നിറഞ്ഞ അന്തരീക്ഷമാതിനാൽ പെർഫ്യൂമിന്റെ ഗുണനിലവാരം കുറയും. വാങ്ങിക്കുന്ന പെർഫ്യൂമുകളുടെ ഗുണനിലവാരം ഉറപ്പാക്കണം.വ്യാജ ഉല്പന്നങ്ങൾ ഉപയോഗിച്ചാൽ ചർമ്മത്തിലും മറ്റും പ്രശ്നങ്ങൾ ഉണ്ടാവാനുള്ള സാദ്ധ്യത ഏറെയാണ്. ഒറിജിനലായാലും ചില പെർഫ്യൂമുകൾ ചിലർക്ക് പ്രശ്നമുണ്ടാക്കും. അത്തരത്തിലുള്ള ഒഴിവാക്കുകതന്നെവേണം.

roller-deodorant
പ്രതീകാത്മക ചിത്രം

റോളർ ഡിയോഡറന്റുകളിലും ശ്രദ്ധിക്കാനുണ്ട്

പെർഫ്യൂം ഇഷ്ടമില്ലാത്തവർ റോളർ ഡിയോഡറന്റുകൾ ഉപയോഗിക്കാറുണ്ട്. ശരിയായ ഫലം ലഭിക്കണമെങ്കിൽ കുറേയേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കക്ഷത്തിലാണല്ലോ ഇവ പ്രയോഗിക്കുന്നത്. കുളികഴിഞ്ഞ് കക്ഷം നന്നായി ഉണങ്ങി എന്ന് ഉറപ്പാക്കിയതിനുശേഷം മാത്രം ഉപയോഗിക്കുക. നനവുള്ള ചർമ്മത്തിൽ പുരട്ടിയാൽ ഫലം ഉണ്ടാവില്ല. മൂന്നോ നാലോ തവണമാത്രം മുകളിലേക്കും താഴേക്കും റോളർ പ്രയോഗിക്കുക. കൂടുതൽ പുരട്ടിയാൽ വസ്ത്രങ്ങളിൽ കറപിടിക്കാനും ആ ഭാഗം കട്ടിയാവാനും ഇടയാക്കും.

ഉപയോഗിക്കുന്നതിനുമുമ്പ് കുപ്പി നന്നായി കുലുക്കാൻ മറക്കരുത്. അതുപോലെ പുരട്ടിക്കഴിഞ്ഞാൽ ഉണങ്ങാനായി ഒന്നോ രണ്ടോ മിനിട്ട് സമയം അനുവദിക്കുക. അതിനുമുമ്പ് ഷർട്ട് ധരിച്ചാൽ പുരട്ടിയതെല്ലാം ഷർട്ടിൽ പറ്റിപ്പിടിക്കാനും ഷർട്ട് നാശമാകാനും സാദ്ധ്യത ഏറുന്നു. വൈകുന്നേരം കുളിക്കുമ്പോൾ കക്ഷം നന്നായി കഴുകാനും മറക്കരുത്. വസ്ത്രങ്ങൾ കഴുകുമ്പോൾ കക്ഷത്തിന്റെ ഭാഗം കൂടുതൽ നന്നായി വൃത്തിയാക്കണം. അങ്ങനെ ചെയ്യുന്നതിലൂടെ വസ്ത്രത്തിൽ ഡിയോഡറന്റുകൾ പറ്റിപ്പിടിച്ചിട്ടുണ്ടെങ്കിൽ അവ മാറ്റാനാവും.

English Summary

Perfume is widely used by people, with products available in a wide range of prices. However, many users complain that the fragrance does not last long, even after buying expensive perfumes. Experts say this is often due to incorrect application, and following the right methods can help the scent last longer.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PERFUME TIPS, PERFUME USAGE MISTAKES, HOW TO APPLY PERFUME, PERFUME FRAGRANCE, PERFUME USE MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360