ന്യൂഡൽഹി: പരമ്പരാഗത പ്രതിഷേധ ശൈലിയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു സമരത്തിനാണ് രാജ്യതലസ്ഥാനം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഡൽഹിയിലെ ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രതിഷേധം ഒരു സാധാരണ രാഷ്ട്രീയ സമരമല്ല. കൂട്ടായ്മയ്ക്ക് നൽകിയിരിക്കുന്ന പേരിലെ കൗതുകം കൊണ്ടും സമരത്തിന്റെ അവതരണരീതി കൊണ്ടും സമൂഹമാദ്ധ്യമങ്ങളിൽ ശക്തമായ പിന്തുണയാണ് സിജെപിക്ക് ലഭിക്കുന്നത്. ഇന്ത്യ ഇതുവരെ കണ്ടതിൽ നിന്ന് വ്യത്യസ്തമായുള്ള പ്രതിഷേധമാണ് ഡൽഹിയിൽ അലയടിക്കുന്നത്.
രാഷ്ട്രീയ പശ്ചാത്തലമേതുമില്ലാതെ ഇന്ത്യയുടെ പലഭാഗത്ത് നിന്നുള്ള യുവാക്കൾ പലതവണ ആട്ടിയോടിച്ചിട്ടും ജന്തർ മന്തറിനുമുന്നിൽ വീണ്ടും തടിച്ചുകൂടുന്നതിന് പിന്നിൽ ഒരു ലക്ഷ്യമാണുള്ളതെന്നാണ് അവകാശപ്പെടുന്നത്. രാജ്യത്തെ വിദ്യാഭ്യാസ മേഖല നേരിടുന്ന ശക്തമായ വെല്ലുവിളികൾക്ക് നേരെയുള്ള ചോദ്യങ്ങളാണ് രാഷ്ട്രീയ-മത-സാമുദായിക അകമ്പടികളൊന്നുമില്ലാതെ തങ്ങൾ ഉന്നയിക്കുന്നതെന്നാണ് സിജെപി അദ്ധ്യക്ഷൻ അഭിജീത് ദീപ്കെ വ്യക്തമാക്കുന്നത്.
ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്ത് സമരങ്ങൾക്ക് വിലക്കില്ല. അന്യന്റെ സ്വകാര്യതയിലേക്ക് കടന്നുകയറാതെ, പൊതുമുതൽ നശിപ്പിക്കാതെ നീതിക്ക് വേണ്ടിയുള്ള പോരാട്ടം എക്കാലത്തും സ്വാഗതാർഹമാണ്. പിന്നെ എന്തുകൊണ്ടാണ് നിരാഹാര സമരമെന്ന ഏറ്റവും അഹിംസാപരമായ സമരരീതി അടിച്ചമർത്തപ്പെടുന്നത് എന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്ന ചോദ്യം.
കോക്രോച്ച് ജനതാ പാർട്ടി ഒരു പരമ്പരാഗത രാഷ്ട്രീയ പാർട്ടിയല്ല. സമൂഹത്തിലെ സാധാരണക്കാരുടെ അവഗണനയും ഭരണകൂടത്തിന്റെ അനാസ്ഥയും പ്രതീകാത്മകമായി അവതരിപ്പിക്കാനാണ് ഈ പേര് സ്വീകരിച്ചതെന്നാണ് പ്രവർത്തകർ അവകാശപ്പെടുന്നത്. ഏത് സാഹചര്യത്തിലും അതിജീവിനം നടത്തുന്ന ജീവികളാണ് പാറ്റകൾ. അതുപോലെ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ജീവിക്കുന്ന സാധാരണക്കാരെയാണ് ഈ പേര് പ്രതിനിധീകരിക്കുന്നത് എന്നാണ് സംഘടനയുടെ വിശദീകരണം.
സാധാരണ വാർത്താസമ്മേളനങ്ങളെയും പോസ്റ്ററുകളെയും ആശ്രയിക്കുന്നതിനുപകരം ഇൻസ്റ്റഗ്രാം, യൂട്യൂബ്, എക്സ് തുടങ്ങിയ പ്ളാറ്റ്‌ഫോമുകളിലൂടെയാണ് കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ. വിദ്യാഭ്യാസം, തൊഴിലില്ലായ്മ, മത്സരപരീക്ഷകളിലെ ക്രമക്കേടുകൾ, യുവജനങ്ങളുടെ ഭാവി തുടങ്ങിയവയിലെ അനിശ്ചിതത്വമാണ് സമരം ഉയർത്തിക്കാട്ടുന്നത്. വലിയ വേദികളും നീണ്ട പ്രസംഗങ്ങളും ഒഴിവാക്കി ലളിതമായ സന്ദേശങ്ങളും ദൃശ്യാവിഷ്‌കാരങ്ങളുമാണ് സിജെപിയുടെ സമരരീതി. ഏറ്റവും അഹിംസാപരമായ നിരാഹാരസമരത്തിലൂടെ ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് കൂട്ടായ്മ വ്യക്തമാക്കുന്നത്.
യുവജനങ്ങൾ, വിദ്യാർത്ഥികൾ, സാമൂഹിക പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ രൂപംകൊണ്ട പ്രതിഷേധ കൂട്ടായ്മയായാണ് സിജെപി സ്വയം അവതരിപ്പിക്കപ്പെടുന്നത്. ഇന്ത്യ ടുഡെയുടെ കണക്കുപ്രകാരം കഴിഞ്ഞ അഞ്ചുവർഷത്തിനിടെ നീറ്റ് പരീക്ഷാക്രമക്കേട് കാരണം 93 വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്തത്. പരീക്ഷ എഴുതി റിസൾട്ടിനായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി മുൾമുനയിൽ നിർത്തുന്ന രാജ്യത്തെ പരീക്ഷാ ക്രമക്കേടുകൾക്കെതിര കുട്ടികളും അവരുടെ രക്ഷാകർത്താക്കളും ശബ്ദമുയർത്താൻ തയ്യാറായി നിൽക്കുന്ന സമയത്തായിരുന്നു സിജെപിയുടെ ഉദയം.
ഒരു ഓൺലൈൻ കൂട്ടായ്മയിൽ നിന്നുതുടങ്ങിയ പ്രതിഷേധമാണ് ഇന്ന് രാജ്യവ്യാപകമായി ഏറ്റെടുത്തിരിക്കുന്നത്. കേന്ദ്ര സർക്കാർ ഈ വിഷയം ഏത് തരത്തിൽ കൈകാര്യം ചെയ്യുമെന്നത് ഏറെ ശ്രദ്ധേയമാണ്. വിവിധ രാഷ്ട്രീയ പാർട്ടികൾ സിജെപിക്ക് പിന്തുണയുമായി രംഗത്തെത്തിയ സാഹചര്യത്തിൽ സമരത്തിന്റെ ഭാവി എന്തായിരിക്കുമെന്നതും സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്. സാമൂഹ്യ പ്രവർത്തകൻ സോനം വാങ്‌ചുക്ക് നടത്തുന്ന നിരാഹാര സമരം ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയിൽ നല്ല നാളേയ്ക്കുള്ള നാഴികക്കല്ലാകുമോ എന്ന് കാത്തിരുന്ന് കാണേണ്ടതാണ്.
A unique protest led by the Cockroach Janata Party (CJP) at Delhi's Jantar Mantar has attracted nationwide attention for its unconventional style and strong social media presence. The group says it is not a traditional political party but a youth-led movement highlighting issues such as education reforms, exam irregularities, unemployment, and students' futures.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |