SignIn
Kerala Kaumudi Online
Thursday, 23 July 2026 3.01 PM IST

സോഷ്യൽ മീഡിയിലെ എല്ലാ വീഡിയോകളും റിയലല്ല; തിരിച്ചറിയാൻ ഈ ഏഴ് കാര്യങ്ങൾ ശ്രദ്ധിക്കൂ

video
പ്രതീകാത്മക ചിത്രം

ദിവസവും നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നത്. എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വരവോടെ ഇതിന്റെ എണ്ണം കൂടിയിട്ടേയുള്ളൂ. പക്ഷേ ഇപ്പോൾ റിയൽ ഏതാണ് വ്യാജം ഏതാണെന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ്. വൈറലാകുന്ന പല വീഡിയോകളും ഇങ്ങനെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു.

ചില വീഡിയോകൾ മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണക്കിന് ആളുകളിലേക്കാണ് എത്തുന്നത്. വസ്തുത പരിശോധിക്കാതെ ഇവ വ്യാപകമായി പങ്കുവയ്ക്കുന്നതിലൂടെ തെറ്റായ വിവരങ്ങളും പ്രചരിക്കുന്നു. പലപ്പോഴും പഴയ വീഡിയോകൾ പുതിയ സംഭവങ്ങളുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുകയോ എഐയുടെ സഹായത്തോടെ ദൃശ്യങ്ങൾ കൃത്രിമമായി സൃഷ്ടിക്കുകയോ ചെയ്യുന്നതും പതിവാണ്. അതിനാൽ സോഷ്യൽ മീഡിയയിൽ കാണുന്ന വൈറൽ വീഡിയോയും വിശ്വസിക്കുന്നതിന് മുൻപ് അതിന്റെ ഉറവിടവും ആധികാരികതയും പരിശോധിക്കേണ്ടതാണ്. എങ്ങനെ വ്യാജ വീഡിയോകൾ തിരിച്ചറിയാമെന്ന് നോക്കിയാലോ?

video
പ്രതീകാത്മക ചിത്രം

ആരാണ് പോസ്റ്റ് ചെയ്തത്?

സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വൈറലായാൽ അത് വിശ്വസിക്കുന്നതിനോ ഫോർവേഡ് ചെയ്യുന്നതിനോ മുൻപ് അതിന്റെ യഥാർത്ഥ ഉറവിടം കണ്ടെത്താൻ ശ്രമിക്കുക. ആരാണ് പോസ്റ്റ് ചെയ്തത് എന്ന് തിരിച്ചറിയണം. സർക്കാർ വകുപ്പുകൾ, ഔദ്യോഗിക ഏജൻസികൾ, അംഗീകൃത വാർത്താ സ്ഥാപനങ്ങൾ, വീഡിയോ പകർത്തിയ വ്യക്തി നേരിട്ട് പങ്കുവച്ച ദൃശ്യങ്ങൾ എന്നിവയ്ക്ക് കൂടുതൽ വിശ്വാസ്യതയുണ്ട്. മറിച്ച് അജ്ഞാത അക്കൗണ്ടുകളിൽ നിന്ന് പങ്കുവയ്ക്കുന്ന വീഡിയോകൾ വിശ്വസിക്കുകയോ ഫോർവേഡ് ചെയ്യുകയോ ചെയ്യരുത്. ഒരു വീഡിയോയുടെ യഥാർത്ഥ ഇറവിടം കണ്ടെത്താൻ പോസ്റ്റിന്റെ തീയതി, അക്കൗണ്ടിന്റെ വിശ്വാസ്യത, വീഡിയോയുടെ വിവരണം, കമന്റുകൾ എന്നിവയും പരിശോധിക്കാം.

video
പ്രതീകാത്മക ചിത്രം

ക്യാപ്ഷൻ കണ്ട് വിശ്വസിക്കരുത്

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിലെ ക്യാപ്ഷൻ കണ്ട് അവ വിശ്വസിക്കരുത്. കൂടുതൽ ആളുകളുടെ ശ്രദ്ധ നേടാനോ ആശയക്കുഴപ്പം സൃഷ്ടിക്കാനോ വേണ്ടി ചിലപ്പോൾ ക്യാപ്ഷനുകൾ തെറ്റിദ്ധരിപ്പിക്കുന്നതായിരിക്കാം. അതിനാൽ ഒരു വീഡിയോ കാണുമ്പോൾ അതിന്റെ ക്യാപ്ഷൻ മാത്രം അടിസ്ഥാനമാക്കി നിഗമനങ്ങളിൽ എത്തരുത്. വീഡിയോ എപ്പോൾ ചിത്രീകരിച്ചു, എവിടെ സംഭവിച്ചു, ആരാണ് പങ്കുവച്ചത്. ക്യാപ്ഷനിൽ പറയുന്ന കാര്യം വീഡിയോയിൽ പറയുന്നുണ്ടോ എന്നിവ കൂടി പരിശോധിക്കണം. പലപ്പോഴും പഴയ വീഡിയോകൾ പുതിയ സംഭവങ്ങളുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നത് പതിവാണ്.

വീഡിയോ പഴയതാണോ എന്ന് പരിശോധിക്കണം

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന എല്ലാ വീഡിയോകളും പുതിയതാണെന്ന് കരുതരുത്. മാസങ്ങൾക്കോ വർഷങ്ങൾക്കോ മുൻപ് ചിത്രീകരിച്ച് ദൃശ്യങ്ങൾ പുതിയ സംഭവങ്ങളുമായി ബന്ധപ്പെടുത്തി വീണ്ടും പ്രചരിപ്പിക്കുന്നത് ഇന്ന് സാധാരണമാണ്. ഇത്തരത്തിലുള്ള വീഡിയോ പലപ്പോഴും ആളുകളെ തെറ്റിദ്ധരിപ്പിക്കുകയോ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുകയോ ചെയ്യുന്നു. അതിനാൽ ഒരു വീഡിയോ കണ്ടാൽ അത് അപ്‌ലോഡ് ചെയ്ത തീയതി, കമന്റുകൾ അതുമായി ബന്ധപ്പെട്ട പോസ്റ്റുകൾ എന്നിവ പരിശോധിക്കണം. പഴയ അപകടങ്ങൾ, പ്രകൃതി ദുരന്തങ്ങൾ എന്നിവ ഇപ്പോൾ നടക്കുന്നതുപോലെയുള്ള വീഡിയോകളും പ്രചരിക്കാറുണ്ട്. അതിനാൽ വീഡിയോയിൽ കാണുന്ന ദൃശ്യത്തിന്റെ ശരിയായ സമയം കണ്ടെത്തണം.

video
പ്രതീകാത്മക ചിത്രം

ഓൺലൈനിൽ കൂടുതൽ പരിശോധന

വൈറൽ വീഡിയോയിൽ വലിയ അപകടമോ സംഘർഷമോ ആണ് കാണിക്കുന്നതെങ്കിൽ അവ വിശ്വസിക്കുന്നതിന് മുൻപ് ഓൺലൈനിലോ മാദ്ധ്യമങ്ങളിലോ പരിശോധിച്ച് ഉറപ്പുവരുത്തണം. വീഡിയോയിൽ കാണുന്ന സ്ഥലം, സംഭവം, തീയതി ബന്ധപ്പെട്ട വ്യക്തികളുടെ പേര് എന്നിവ ഉപയോഗിച്ച് പരിശോധിക്കണം. ഇതിലൂടെ വീഡിയോയിൽ പറയുന്ന അവകാശവാദം ശരിയാണോ എന്ന് മനസിലാക്കാം.

എഡിറ്റ് ചെയ്ത വീഡിയോകൾ

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചെറിയ വീഡിയോ ക്ലിപ്പുകൾ എല്ലായ്പ്പോഴും ഒരു സംഭവത്തിന്റെ പൂർണചിത്രം നൽകണമെന്നില്ല.പലപ്പോഴും ചില ഭാഗങ്ങൾ മനപ്പൂർവം മുറിച്ചുമാറ്റി എഡിറ്റ് ചെയ്ത് തെറ്റായ ധാരണ സൃഷ്ടിക്കുന്നു. അതിനാൽ ഏതാനും സെക്കൻഡുകൾ മാത്രം കാണുന്ന വീഡിയോ അതുപോലെ തന്നെ വിശ്വസിക്കരുത്. വൈറലായ ഇത്തരം വീഡിയോയിൽ സംശയം തോന്നിയാൽ അതിന്റെ മുഴുവൻ വീഡിയോയും കാണുക.

video
പ്രതീകാത്മക ചിത്രം

സ്ഥലവും ചുറ്റുപാടും നിരീക്ഷിക്കുക

ഒരു വീഡിയോ റിയൽ ആണോ വ്യാജമാണോ എന്ന് തിരിച്ചറിയാൻ ആ വീഡിയോയിലെ സ്ഥലവും ചുറ്റുപാടും നിരീക്ഷിക്കുന്നത് നല്ലൊരു ഐഡിയയാണ്. റോഡ്, ബോർഡുകൾ, വാഹനങ്ങളുടെ നമ്പർ, കടകളുടെ പേര്, കെട്ടിടങ്ങൾ എന്നിവ നിരീക്ഷിക്കുക. ഉദാഹരണത്തിന് ഒരു രാജ്യത്ത് നടന്ന സംഭവമാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ മറ്റൊരു രാജ്യത്തിന്റെ വാഹന നമ്പറുകളോ ഭാഷയിലുള്ള ബോർഡുകളോ കണ്ടാൽ അത് സംശയിക്കേണ്ടതാണ്. ഒരു വൈറൽ വീഡിയോ വിശ്വസിക്കുന്നതിന് മുൻപ് അതിലെ ചെറിയ സൂചനകൾ പോലും പരിശോധിക്കുക.

ഫാക്‌ട് ചെക്കിംഗ് വെബ്സൈറ്റുകൾ

വൈറൽ വീഡിയോയിൽ സംശയം തോന്നിയാൽ ഫാക്ട് ചെക്കിംഗ് വെബ്സൈറ്റുകളിൽ പരിശോധിക്കുന്നത് ശീലമാക്കുക. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ചിത്രങ്ങളും വീഡിയോയും ഷെയർ ചെയ്യുന്നതിന് മുൻപ് ഇത്തരം വെബ്സൈറ്റുകളിൽ കൂടി പരിശോധിക്കുക.

English Summary

The article warns about the rise of fake and misleading videos on social media, intensified by AI, making it difficult to discern real content. It advises users to verify viral videos' authenticity and source before sharing. Key steps include checking the poster, not trusting captions solely, confirming video age, cross-referencing online, observing video surroundings, and utilizing fact-checking websites to combat misinformation.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SOCIAL MEDIA FAKE VIDEOS, AI GENERATED VIDEOS, FAKE VIDEO DETECTION, FACT CHECKING TIPS, SOCIAL MEDIA SAFETY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360