വിമാനം പറന്നുയരുന്നതിന് തൊട്ടുമുമ്പ് അടിയന്തര സാഹചര്യങ്ങളിൽ ലൈഫ് ജാക്കറ്റ് എങ്ങനെ ഉപയോഗിക്കണം, എമർജൻസി എക്സിറ്റുകൾ എവിടെയൊക്കെയാണ് എന്നൊക്കെ എയർ ഹോസ്റ്റസുമാർ പറഞ്ഞ് നമ്മൾ കേട്ടിട്ടുണ്ടാകും. എന്നാൽ സുരക്ഷയുമായി ബന്ധപ്പെട്ട ഇത്തരം നിർദ്ദേശങ്ങൾ വരാൻ കാരണം 1952 ഏപ്രിൽ 11-ന് നടന്ന ഒരു വിമാനാപകടമാണ്. പ്യൂർട്ടോ റിക്കോയുടെ തീരത്തിന് സമീപം അറ്റ്ലാന്റിക് സമുദ്രത്തിൽ പാൻ ആം കമ്പനിയുടെ ഒരു വിമാനം തകർന്നുവീണ ശേഷമാണ് ഈ സുരക്ഷാ നിയമങ്ങൾ നിലവിൽ വന്നത്. കേട്ടാൽ ഞെട്ടുന്ന മറ്റൊരു കാര്യം കടലിൽ പതിച്ച ഈ വിമാനത്തിന്റെ അവശിഷ്ടങ്ങൾ വർഷങ്ങൾക്ക് ശേഷമാണ് കണ്ടെത്താനായത് എന്നുള്ളതാണ്.
അതേസമയം, 12 വർഷം മുമ്പ് 269 യാത്രക്കാരുമായി കാണാതായ മലേഷ്യൻ എയർലൈൻസ് ഫ്‌ളൈറ്റ് 370 ഉൾപ്പെടെ, കടലിലുണ്ടായ അപകടങ്ങളിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് പാൻ ആം വിമാനത്തിന്റെ കണ്ടെത്തൽ പുതിയ പ്രതീക്ഷയാണ് നൽകുന്നത്.
1952ലെ പാൻ ആം വിമാനാപകടം
1952 ഏപ്രിൽ 11നാണ് 'പാൻ ആം ഫ്‌ളൈറ്റ് 526എ' എന്ന വിമാനം അപകടത്തിൽപ്പെടുന്നത്. പ്യൂർട്ടോ റിക്കോയിലെ സാൻ ജുവാൻ വിമാനത്താവളത്തിൽ നിന്ന് 64 യാത്രക്കാരും അഞ്ച് ജീവനക്കാരുമായി ന്യൂയോർക്കിലേക്ക് പറന്നുയരുകയായിരുന്നു. എന്നാൽ യാത്ര തുടങ്ങി അധികം വൈകാതെ വിമാനത്തിന്റെ മൂന്നാമത്തെയും നാലാമത്തെയും എഞ്ചിനുകൾ ഒന്നൊന്നായി പ്രവർത്തനരഹിതമായി. ഇതോടെ പൈലറ്റിന് വിമാനം അടിയന്തരമായി കടലിൽ ഇറക്കേണ്ടി വന്നു.
സാൻ ജുവാൻ നഗരത്തിൽ നിന്ന് ഏകദേശം 18 കിലോമീറ്റർ അകലെ പ്രക്ഷുബ്ധമായ കടലിലേക്കാണ് വിമാനം ഇടിച്ചിറക്കിയത്. ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ വാൽഭാഗം തകർന്നുവെങ്കിലും പ്രധാന ക്യാബിൻ തകരാതെ വെള്ളത്തിൽ പൊങ്ങിക്കിടന്നു. ഇതിൽ ഏറ്റവും ഞെട്ടിപ്പിക്കുന്ന കാര്യം വിമാനം കടലിലേക്ക് ഇടിച്ചിറക്കിയതിന് ശേഷം യാത്രക്കാർ ആരും തന്നെ തൽക്ഷണം മരിച്ചിരുന്നില്ല എന്നതാണ്. എന്നാൽ മിനിട്ടുകൾക്കകം വിമാനത്തിനുള്ളിലേക്ക് വെള്ളം കയറാൻ തുടങ്ങി.
വിമാനത്തിലെ എമർജൻസി എക്സിറ്റുകളെക്കുറിച്ചോ ലൈഫ് ജാക്കറ്റ് എങ്ങനെ ഉപയോഗിക്കണമെന്നോ ഉള്ള വ്യക്തമായ നിർദ്ദേശങ്ങൾ യാത്രക്കാർക്ക് മുൻകൂട്ടി ലഭിച്ചിരുന്നില്ല. ഭാഷയറിയാത്തതും പരിഭ്രാന്തിയും കാരണം ഭൂരിഭാഗം പേരും സീറ്റുകളിൽ തന്നെ ഭയന്ന് വിറച്ചിരുന്നു.
വെറും മൂന്ന് മിനിട്ടിനുള്ളിൽ വിമാനം പൂർണമായി കടലിൽ മുങ്ങിതാഴ്ന്നു. കോസ്റ്റ് ഗാർഡും വ്യോമസേനയും ചേർന്ന് നടത്തിയ തിരച്ചിലിൽ 17 പേരെ മാത്രമാണ് രക്ഷപ്പെടുത്താൻ സാധിച്ചത്. അപകടത്തിൽപ്പെട്ട 39 പേരുടെ മൃതദേഹങ്ങൾ പിന്നീട് ഒരിക്കലും കണ്ടെത്താനായില്ല.
വിമാനത്തിലെ എഞ്ചിൻ തകരാറിന് കാരണം അറ്റകുറ്റപ്പണികളിലെ വീഴ്ചയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പിന്നീട് കണ്ടെത്തി. തുടർന്ന്, അതുവരെ ഇല്ലാതിരുന്ന പുതിയൊരു നിർദ്ദേശവും അവർ മുന്നോട്ടുവച്ചു. വിമാനം പറന്നുയരുന്നതിന് മുൻപ് സുരക്ഷാ നിർദ്ദേശങ്ങൾ നിർബന്ധമായും കാണിച്ചിരിക്കണം. ഇന്ന് കോടിക്കണക്കിന് യാത്രക്കാർ സുരക്ഷാ നിർദ്ദേശങ്ങൾ സ്ഥിരമായി കാണാറുണ്ടെങ്കിലും പലരും ഇത് കാര്യമായി ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം.
74 വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയ അവശിഷ്ടങ്ങൾ
പതിറ്റാണ്ടുകളായി പാൻ ആം വിമാനത്തിന്റെ അവശിഷ്ടങ്ങൾ അറ്റ്ലാന്റിക് സമുദ്രത്തിന്റെ അഗാധതയിൽ ആർക്കും കണ്ടെത്താനാകാതെ കിടക്കുകയായിരുന്നു. എന്നാൽ ഇക്കഴിഞ്ഞ ജൂൺ രണ്ടിന് സമുദ്ര അടിത്തട്ടിൽ നടത്തിയ തിരച്ചിലിൽ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു. 2,000 അടി ആഴത്തിൽ നിന്നാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
'എയർ/സീ ഹെറിറ്റേജ് ഫൗണ്ടേഷൻ' എന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയുടെ പ്രസിഡന്റും സഹസ്ഥാപകനുമായ റസ് മാത്യൂസിന്റെ നേതൃത്വത്തിൽ നടന്ന തെരച്ചിലിലാണ് കണ്ടെത്തൽ സാദ്ധ്യമായത്. അപകടത്തെക്കുറിച്ച് ആദ്യമായി അറിഞ്ഞപ്പോൾ, ഇത്രയും പ്രാധാന്യമുള്ള ഒരു സംഭവം ആളുകളുടെ ഓർമ്മകളിൽ നിന്ന് മാഞ്ഞുപോയതിൽ തനിക്ക് അമ്പരപ്പ് തോന്നിയെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
2019ലാണ് കാണാതായ വിമാനത്തിനായുള്ള അന്വേഷണം റസ് മാത്യൂസ് ആദ്യമായി ആരംഭിക്കുന്നത്. അപകടവുമായി ബന്ധപ്പെട്ട പഴയ അന്വേഷണ റിപ്പോർട്ടുകൾ സൂക്ഷ്മമായി പരിശോധിച്ച് സാൻ ജുവാൻ തീരത്തെ കടലിനടിയിൽ പലതവണ സർവേകൾ നടത്തി. ഇതിനായി 'നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷനുമായി' സഹകരിച്ച് 2022ലും തിരച്ചിൽ നടത്തിയിരുന്നു.
വർഷങ്ങൾക്ക് ശേഷം, ഡിസ്‌കവറി ചാനലിലെ ഒരു പരിപാടിയുടെ അവതാരകനായ ജോഷ് ഗേറ്റ്സിനെ മാത്യൂസ് കണ്ടുമുട്ടി. തുടർന്ന് വിമാനം വീണ സ്ഥലത്തെക്കുറിച്ച് ലഭ്യമായ കൂടുതൽ വിവരങ്ങൾ ഇരുവരും ചേർന്ന് ശേഖരിക്കുകയും, അപകടസ്ഥലം കണക്കാക്കുന്ന ഭൂപടം തയ്യാറാക്കുകയും ചെയ്തു. എങ്കിലും, അവശിഷ്ടങ്ങൾ കണ്ടെത്തുന്നതിൽ ഏറ്റവും നിർണായകമായത് പ്യൂർട്ടോ റിക്കോയിൽ അപകടത്തെക്കുറിച്ച് നടന്ന ഔദ്യോഗിക ഹിയറിംഗിലെ രേഖകളായിരുന്നു. അപകടസമയത്ത് ആകാശത്ത് പരിശീലനപ്പറക്കൽ നടത്തുകയായിരുന്ന യു.എസ് വ്യോമസേന പൈലറ്റുമാർ തയാറാക്കിയ ഭൂപടവും ഈ കണ്ടെത്തലിന് വഴികാട്ടിയായി.
On April 11, 1952, Pan Am Flight 526A—carrying 64 passengers and 5 crew members from Puerto Rico to New York—suffered engine failures shortly after takeoff and was forced to ditch into the Atlantic Ocean.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |