ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധർമ്മേന്ദ്ര പ്രധാൻ നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ രാജിവച്ചതോടെ രാജ്യത്ത് പലയിടത്തും ഇത്തരം സംഭവങ്ങൾ ചർച്ചയാകുന്നുണ്ട്. കേരളത്തിൽ പിഎസ്‌സി പരീക്ഷയിലെ ക്രമക്കേട് ഇപ്പോൾ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിലാണ്. പഞ്ചാബിലും റിക്രൂട്ട്‌മെന്റ് പരീക്ഷകളുടെ ചോദ്യപേപ്പർ ചോരുകയും നിയമനത്തിൽ അഴിമതിയുണ്ടെന്നും ആരോപണം ഉയർന്നിരുന്നു. ബിജെപിയും ശിരോമണി അകാൽദളും കോൺഗ്രസും വിഷയത്തിൽ പഞ്ചാബ് ഭരിക്കുന്ന ആം ആദ്‌മി പാർട്ടി സർക്കാരിനെ പ്രതിക്കൂട്ടിലാക്കുകയാണ്. എന്നാൽ മുഖ്യമന്ത്രി ഭഗവന്ത് മൻ ഇത്തരം ആരോപണങ്ങളെ എല്ലാം തള്ളി.
തന്റെ നാലര വർഷത്തെ ഭരണത്തിനിടെ ഒരു പരീക്ഷയിലും ചോദ്യപേപ്പർ ചോർച്ച ഉണ്ടായില്ല എന്നാണ് മനിന്റെ വാദം. ഫരീദ്‌കോട്ടിലുണ്ടായ സംഭവം വച്ചാണ് പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെ വിമർശിക്കുന്നത്. എന്നാൽ അവിടെ ഒരു വിദ്യാർത്ഥി ഇലക്‌ട്രോണിക് ഉപകരണം ഉപയോഗിച്ച് കോപ്പിയടിക്കാൻ ശ്രമിക്കുക മാത്രമാണ് ഉണ്ടായതെന്നും സംഭവത്തെ പ്രതിപക്ഷം തെറ്റായി അവതരിപ്പിക്കുകയാണെന്നുമാണ് അദ്ദേഹം പറയുന്നത്.
കോക്രോച്ച് ജനതാ പാർട്ടിയുടെ 36 ദിവസം നീണ്ട ശക്തമായ സമരത്തിന്റെ തുടർച്ചയായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവച്ചത് ചൂണ്ടിക്കാട്ടിയാണ് ബിജെപി ഭഗവന്ത് മൻ സർക്കാരിനെ എതിരിടുന്നത്. 'ധർമ്മേന്ദ്ര പ്രധാൻ ഇതിനകം രാജിവച്ചുകഴിഞ്ഞു. ഉത്തരവാദിത്വം, ധാർമ്മികത എന്നിവയുടെ ഉന്നത മൂല്യങ്ങൾ അദ്ദേഹം കാണിച്ചുതന്നു.മനീഷ് സിസോദിയയും അരവിന്ദ് കേജ്‌രിവാളും പറഞ്ഞത് അവരുടെ ഭാഗത്ത് ചോദ്യപേപ്പർ ചോർച്ചയുണ്ടായാൽ രാജിവയ്‌ക്കുമെന്നാണ്. പഞ്ചാബിലിന്ന് ആറോ ഏഴോ ചോദ്യപേപ്പർ ചോർച്ചയുണ്ടായിട്ടുണ്ട്.'- ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവാല പറഞ്ഞു. പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി ഹർജോത് സിംഗ് ബെയ്‌ൻസിനെ നാണമില്ലാത്തയാൾ എന്നും അദ്ദേഹം വിശേഷിപ്പിച്ചു.
പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി ഹർജോത് സിംഗിന്റെ രാജി ഈയിടെ ആവശ്യപ്പെട്ടത് മുൻ കേന്ദ്രമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവാണ്. നിയമസഭയിൽ മത്സരിക്കാൻ വേണ്ടി കേന്ദ്രമന്ത്രിസ്ഥാനം ഒഴിഞ്ഞയാളാണ് ബിട്ടു. അവർ ചോദ്യപേപ്പർ ചോർത്തി അത് വിറ്റു. എന്തിന് അത്യാവശ്യമായ ജോലികൾ ചെയ്യുന്ന ശുചീകരണ തൊഴിലാളികളെ പോലും സ്ഥിരപ്പെടുത്തുകയോ അവർക്ക് നേരെ ജോലികൊടുക്കുകയോ ചെയ്‌തില്ല. പഞ്ചാബ് വിദ്യാഭ്യാസമന്ത്രി രാജി വയ്‌ക്കണം.' ബിട്ടു ആവശ്യപ്പെട്ടു.
പഞ്ചാബ് ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ്, 12-ാം ക്‌ളാസ് ഇംഗ്ളീഷ് പരീക്ഷ, ഫാർമസി ഓഫീസർ പരീക്ഷ തുടങ്ങി ആറ് പരീക്ഷകൾക്കുള്ള ചോദ്യപേപ്പർ ചോർന്നെന്ന് ശിരോമണി അകാലിദളും ആരോപിക്കുന്നു. ഹരിയാന മുഖ്യമന്ത്രിയടക്കം ഈ ആരോപണങ്ങൾ പഞ്ചാബ് സർക്കാരിനുനേരെ ഉയർത്തി എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ ജെൻസിയ്‌ക്ക് ഉൾക്കാഴ്‌ചയും ഊർജവുമുണ്ടെന്ന് പറഞ്ഞത് കഴിഞ്ഞയാഴ്‌ചയാണ്. എന്നാൽ സ്വന്തം മന്ത്രിസഭയെ പിന്തുണച്ചു. 'നീറ്റ് പരീക്ഷ പാസായ 882 കുട്ടികളെ ആദരിക്കുന്ന ചടങ്ങിൽ രണ്ടിടത്ത് ചോദ്യപേപ്പർ ചോർച്ചയുണ്ടായെന്ന് മൻ സ്ഥിരീകരിച്ചു. ഒരു ബ്‌ളൂടൂത്ത് പേന ഉപയോഗിച്ച് അവർ ചോദ്യപേപ്പറുകൾ ഡിജിറ്റലായി സ്‌കാൻ ചെയ്‌ത് പുറത്തേക്കയക്കുകയായിരുന്നു. അവിടെനിന്നും അവർക്ക് വേണ്ട ഉത്തരങ്ങൾ ലഭിച്ചു. പക്ഷെ പരീക്ഷയാരംഭിച്ച് പത്ത് മിനിട്ടിനകം തന്നെ അവരെ പിടികൂടി. ഒരു ചോദ്യപേപ്പറിന് മൂന്ന് മുതൽ അഞ്ച് ലക്ഷം വരെ നൽകുമെന്ന് പറഞ്ഞവരുണ്ട് അവരെയും പിടികൂടി ജയിലിലാക്കി.'-ഭഗവന്ത് മൻ പറഞ്ഞു.ആകെ 21പേരെയാണ് സംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്‌തത്.
അതേസമയം ഡൽഹിയിൽ കേന്ദ്ര സർക്കാരിനെ വിറപ്പിച്ച സിജെപിയ്‌ക്ക് നേരെ പഞ്ചാബിലെ ചോദ്യപേപ്പർ ചോർച്ചയിൽ നടപടിയെടുക്കുമോ എന്ന ചോദ്യം വന്നിരുന്നു. ഇതിന് സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെ മറുപടിയും നൽകിയിട്ടുണ്ട്. സംഘടനയുടെ ഭാവി കാര്യങ്ങൾ പിന്നാലെ അറിയിക്കും എന്നാണ് അഭിജീത് വ്യക്തമാക്കിയത്. 'ഞങ്ങൾ അക്കാര്യങ്ങളും അഭിസംബോധന ചെയ്യും. ഇപ്പോൾ അതിനായി ആലോചിക്കുകയാണ്. ഭാവി കാര്യങ്ങൾ വൈകാതെ അറിയിക്കാം.'- അദ്ദേഹം വ്യക്തമാക്കി. പഞ്ചാബിലെ വിദ്യാർത്ഥികളെ ബാധിച്ച ഈ പ്രശ്‌നം സിജെപിയടക്കം സംഘടനകൾ ഏറ്റെടുക്കുമോ എന്നത് വരുംദിവസങ്ങളിലറിയാം.
Following the resignation of former Union Education Minister Dharmendra Pradhan over the NEET question paper leak controversy, examination irregularities have come under renewed national scrutiny.Meanwhile, Punjab has also witnessed allegations of recruitment exam paper leaks and corruption in appointments, fueling concerns over the integrity of public recruitment processes
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |