ലണ്ടൻ: മരവിക്കുന്ന തണുപ്പൊക്കെ പഴങ്കഥ ചൂടിൽ വെന്തുരുകുന്ന നാടായി മാറിയിരിക്കുകയാണ് യൂറോപ്പ്. ചരിത്രത്തിലെ തന്നെ ഏറ്റവും ചൂടേറിയ കാലഘട്ടത്തിലൂടെയാണ് യൂറോപ്പ്യൻ രാജ്യങ്ങൾ കടന്നുപോകുന്നത്. അത്യപൂർവമായ കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന ജനജീവിതം തന്നെ സ്തംഭിച്ച അവസ്ഥയാണുള്ളത്. പല പ്രദേശങ്ങളിലെയും സ്കൂളുകളും ഓഫീസുകളും കടുത്ത ചൂടിനെത്തുടർന്ന് അടച്ചുപ്പൂട്ടിയിരിക്കുകയാണ്. വീടിനുള്ളിൽ തന്നെ ആളുകൾ മരിച്ചുവീഴുന്ന സാഹചര്യമാണുള്ളതെന്ന് അന്തർദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
'ഹീറ്റ് ഡോം', 'ഒമേഗ ബ്ലോക്ക്' എന്നീ അന്തരീക്ഷ പ്രതിഭാസങ്ങളെ തുടർന്നാണ് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിൽ യൂറോപ്പിലെ ജനങ്ങൾ ബുദ്ധിമുട്ടുന്നത്. എന്താണ് ഈ പ്രതിഭാസം? ഇതെങ്ങനെ യൂറോപ്യൻ രാജ്യങ്ങളെ ബാധിക്കുന്നു? ചൂടുള്ള വായുവിനെ പുറത്തുകടക്കാനാകാത്ത വിധത്തിൽ തടഞ്ഞുവയ്ക്കുന്ന പ്രതിഭാസമാണ് ഇവ. അന്തരീക്ഷത്തിലെ വായുവിനെ ഉയർന്നുപൊങ്ങുന്നതിൽ നിന്നും, സ്വയം തണക്കുന്നതിൽ നിന്നും ഇത് തടയുന്നു. മേഘരൂപീകരണം ഇല്ലാതാകുകയും ഭൗമോപരിതലത്തിലെ ചൂട് ക്രമാതീതമായി വർദ്ധിക്കുകയും ചെയ്യുന്ന പ്രതിഭാസമാണ് യൂറോപ്പിന് ഭീഷണിയായി മാറുന്നത്.
ജൂൺ 21 മുതലുള്ള കണക്ക് പ്രകാരം ഇതുവരെ ആയിരത്തോളം മരണങ്ങളാണ് യൂറോപ്പിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണസംഖ്യ ഇനിയും ഉയരാൻ ഉഷ്ണതരംഗം കാരണമായേക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. ജർമനിയിൽ കഴിഞ്ഞ ദിവസം റെക്കോർഡ് താപനിലയാണ് (41.7 ഡിഗ്രി സെൽഷ്യസ്) രേഖപ്പെടുത്തിയത്. ഫ്രാൻസ്, ബ്രിട്ടൻ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, നെതർലൻഡ്സ് എന്നീ രാജ്യങ്ങളിലെ ജനങ്ങൾ കൊടുംചൂടിൽ വലയുകയാണ്. ഇതിനുപുറമെ സ്‌പെയിൻ, ഇറ്റലി, ഗ്രീസ്, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങൾ ശക്തമായ കാട്ടുതീ ഭീഷണിയിലുമാണ്. റോം, വെനീസ്, മിലാൻ ഉൾപ്പെടെയുള്ള 18 ഇറ്റാലിയൻ നഗരങ്ങളിൽ നിലവിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ലോകാരോഗ്യ സംഘടന ഈ കൊടുംചൂടിനെ വിശേഷിച്ചത് നിശബ്ദ കൊലയാളി എന്നാണ്. പല സ്ഥലങ്ങളിലും കഴിഞ്ഞ ദിവസങ്ങളിലെ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. ജനജീവിതത്തെ താറുമാറാക്കിയ കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് യൂറോപ്പിൽ ഇതുവരെ 1500ഓളം മരണങ്ങൾ റിപ്പോർട്ട് ചെയ്തിച്ചുണ്ട്. ഇതിൽ 1300 മരണങ്ങൾ ഫ്രൻസിലാണ്. യൂറോപ്പിലെ പല നദികളും വറ്റി വരണ്ടു. വെള്ളമുള്ള നദികളിൽ ചൂടിൽ നിന്ന് ആശ്വാസം തേടാനെത്തുന്നവർ വർദ്ധിച്ചതോടെ മുങ്ങി മരണങ്ങളും പതിവായി. 65 വയസിന് മുകളിലുള്ള നിരവധിപേരാണ് കൊടുംചൂട് സഹിക്കാനാകാതെ വീടിനുള്ളിലും കെയർഹോമുകളിലും ദിവസവും മരിക്കുന്നതെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
യൂറോപ്യൻ വീടുകൾ, ജോലിസ്ഥലങ്ങൾ, സ്കൂളുകൾ എന്നിവ കൂടിയ താപനിലയ്ക്ക് അനുസരിച്ച് നിർമിച്ചതല്ലാത്തതിനാൽ കാലാവസ്ഥാ വ്യതിയാനം കടുത്ത പ്രതിസന്ധിയാണ് ഈ രാജ്യങ്ങളിൽ സൃഷ്ടിക്കുന്നത്. യൂറോപ്പിന്റെ അത്യാധുനിക അടിസ്ഥാന സംവിധാനങ്ങൾക്കും ഉഷ്ണതരംഗം ഭീഷണിയാണ്. ജർമനിയിലെ പ്രശസ്തമായ 'ഓട്ടോബാൻ' ഹൈവേയിലെ കോൺക്രീറ്റ് പാളികൾ കൊടുംചൂടിൽ വിണ്ടുകീറിയതിനെ തുടർന്ന് ഗതാഗതത്തെ പൂർണമായി ബാധിച്ചിട്ടുണ്ട്. ചൂടിനെത്തുടർന്ന് റെയിൽവേ ട്രാക്കുകളിലെ ലോഹങ്ങൾ വളയുകയും ട്രെയിൻ ഗതാഗതം റദ്ദാക്കുകയും ചെയ്തു.
കടുത്ത ചൂട് കാറ്റിനെ തുടർന്ന് നിരവധി വീടുകകൾക്ക് കേടുപാടുകൾ സംഭവിക്കുകയും വൈദ്യുതി വിതരണം തടസപ്പെടുകയും ചെയ്തു. ഊർജ ഉപഭോഗം കുതിച്ചുയരുന്ന സാഹചര്യമാണ് പലയിടത്തുമുള്ളത്. ഉഷ്ണതരംഗം കിഴക്കൻ യൂറോപ്പിലേക്കും യുക്രെയ്നിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.
ഉയർന്ന താപനില മനുഷ്യശരീരത്തിൽ നിരവധി മാറ്റങ്ങളാണ് വരുത്തുന്നത്. കടുത്ത സമ്മർദ്ദമാണ് ചൂടിനെ നേരിടുന്ന മനുഷ്യശരീരം അഭിമുഖീകരിക്കുന്നത്. ശരീരം തണുപ്പിക്കുന്നതിനായി ഹൃദയം കൂടുതൽ കഠിനാധ്വാനം ചെയ്യുന്നു. നിർജലീകരണം തടയുന്നതിനായി വൃക്കങ്ങൾ അധിക ജോലി ചെയ്യേണ്ടി വരുന്നു. നീണ്ടുനിൽക്കുന്ന നിർജലീകരണം ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കും. ഹൃദയ സംബന്ധമായ അസുഖമുള്ളവർ, പ്രമേഹ രോഗികൾ, ആസ്ത്മയുള്ളവർ തുടങ്ങിയ അവസ്ഥയിലുള്ളവർക്ക് കടുത്ത ചൂട് കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം.
ചികിത്സ വൈകിയാൽ മരണനിരക്ക് കൂടുതലുള്ള ഒരു മെഡിക്കൽ അടിയന്തരാവസ്ഥയാണ് ഹീറ്റ് സ്ട്രോക്ക് എന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തലകറക്കം, ക്ഷീണം, പേശീവലിവ്, ആശയക്കുഴപ്പം എന്നിവ ഹീറ്റ് സ്ട്രോക്കിന്റെ ആദ്യ ലക്ഷണങ്ങളാകാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |