SignIn
Kerala Kaumudi Online
Thursday, 11 June 2026 3.18 PM IST

മഴക്കാലത്ത് ക്ഷണിക്കാത്ത അതിഥിയായി പാമ്പുകൾ വീട്ടിലെത്തും; അറിയേണ്ടതും ചെയ്യേണ്ടതുമായ കാര്യങ്ങൾ

snake

ഒരു മഴക്കാലം കൂടെ വന്നെത്തിയിട്ടുണ്ട്. തോരാതെ പെയ്യുന്ന മഴയോടൊപ്പം പല അപകടങ്ങളും ഒളിഞ്ഞിരിപ്പുണ്ടെന്ന് മറക്കരുത്. മഴയിൽ നിന്ന് രക്ഷനേടാൻ പൊതുവെ വരണ്ടതും സുരക്ഷിതവുമായ സ്ഥലങ്ങൾ തേടി പാമ്പുകൾ പുറത്തിറങ്ങാറുണ്ട്. പലതും നിങ്ങളുടെ വീട്ടിൽ ഇടംപിടിക്കാൻ സാദ്ധ്യത ഏറെയാണ്.

മഴക്കാലവും പാമ്പുകളും

പാമ്പുകൾ ശീതരക്ത ജീവികളാണ്. ഇവയ്ക്ക് ശരീര താപനില നിയന്ത്രിക്കാൻ കഴിയില്ല. ചുറ്റുപാടുമുള്ള താപനിലയ്ക്ക് അനുസരിച്ച് ഇവയുടെ ശരീരത്തിലെ ചൂടും മാറിക്കൊണ്ടിരിക്കും. അതിനാൽ മഴക്കാലത്ത് ചൂടുള്ള സ്ഥലം ഇവയ്ക്ക് ആവശ്യമാണ്. മാത്രമല്ല വാസസ്ഥലങ്ങളായ മാളങ്ങളിലും പൊത്തുകളിലും ഈ സമയത്ത് വെള്ളം കയറുകയും ചെയ്യുന്നു. ഇതിനെത്തുടർന്നാണ് വീടുകളിലേക്കും മറ്റും ഇവ അഭയം തേടുന്നത്. തവളകൾ,​ എലികൾ തുടങ്ങിയ ജീവികളും മഴക്കാലത്ത് കൂടുതലായി പുറത്തുവരും. ഇവയെ ഭക്ഷണമാക്കാനും പാമ്പുകൾ വരാറുണ്ട്. മഴക്കാലത്ത് പാമ്പ് വീട്ടിലെത്തുന്നത് തടയാൻ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിച്ചാൽ മതി.

snake

വീട്ടിൽ അഭയം തേടാതിരിക്കാൻ

മഴക്കാലമായാൽ പാമ്പുകൾ പൊതുവെ അഭയം തേടുന്നത് കൊഴിഞ്ഞുവീഴുന്ന ഇലകൾ,​ ഉയരമുള്ള പുല്ല്,​ മരക്കഷ്ണം, പടർന്ന ചെടികൾ എന്നിവയിലാണ്. ഇവ നീക്കം ചെയ്ത് എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. വീടിന് ഉള്ളിലേക്ക് കടക്കാൻ കഴിയുന്ന ചെറിയ വിടവുകളും വിള്ളലുകളും മഴക്കാലത്ത് അടയ്ക്കാൻ മറക്കരുത്. വാതിലിനും ജനാലുകൾക്കും താഴെയുള്ള ചെറിയ വിടവ്,​ ചെറിയ ദ്വാരങ്ങൾ എന്നിവ അടച്ചുവയ്ക്കുക. എലികളെ ആഹാരമാക്കാൻ പാമ്പുകൾ വീട്ടിലെത്താറുണ്ട്. അതിനാൽ വീട്ടിൽ നിന്ന് എലികളെ തുരത്താൻ മറക്കേണ്ട. മാലിന്യക്കൂമ്പാരങ്ങൾ വീടിന് അടുത്ത് പാടില്ല. ഇതും പാമ്പ് വരുന്നതിന് കാരണമാകും.

snake

പാമ്പിനെ കണ്ടാൽ എന്ത് ചെയ്യണം

വീടിനുള്ളിൽ പാമ്പിനെ കണ്ടാൽ അതിനെ തുരത്താനോ ഉപദ്രവിക്കാനോ പോകരുത്. ഇത് നിങ്ങളുടെ ജീവന് തന്നെ അപകടമാകും. പാമ്പിനെ കണ്ടാൽ ഉടൻ വന്യജീവി അധികൃതരെ വിവരമറിക്കുകയാണ് വേണ്ടത്. എല്ലാ പാമ്പുകളും ആക്രമണകാരികളല്ലെന്ന് മനസിലാക്കുക.

പാമ്പുകടിയേറ്റാൽ ആദ്യം ചെയ്യേണ്ടത്

പാമ്പുകടിയേറ്റാൽ ആദ്യം പരിഭ്രമിക്കാതിരിക്കാൻ ശ്രമിക്കുക. പരിഭ്രാന്തരായാൽ വിഷം ശരീരത്തിലേക്ക് വളരെ വ്യാപിക്കുന്നതിന് കാരണമാകും. കടിയേറ്റയാളെ അനങ്ങാതെ ഇരുത്തുകയോ കിടത്തുകയോ വേണം. പാമ്പ് കടിച്ചാൽ വിഷം വലിച്ചെടുക്കാൻ ശ്രമിക്കുന്നതോ നേരിട്ട് ഐസ് വയ്ക്കുന്നതോ പോലുള്ള തെറ്റുകൾ ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ആന്റി വെനം ഉപയോഗിച്ച് അടിയന്തര ചികിത്സ ആവശ്യമാണ്. ശരിയായ പരിചരണം ഉറപ്പാക്കണം. പാമ്പുകടിയേറ്റയാളെ പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുക.

snake

  • കടിയേറ്റ ഭാഗം ആദ്യം കഴുകുക. മുറിവ് തിരുമ്മാൻ പാടില്ല.
  • കടിയേറ്റ ഭാഗത്തിന് മുകളിൽ തുണി കെട്ടുകയോ മുറിവിൽ നിന്ന് വിഷം വലിച്ചെടുക്കാൻ ശ്രമിക്കുകയോ ചെയ്യരുത്. അവ സ്ഥിതി കൂടുതൽ വഷളാകും.
  • കടിയേറ്റ ഭാഗം അനക്കരുത്. ഉടൻ തന്നെ ചികിത്സ ഉറപ്പാക്കുക.

വിഷപ്പാമ്പിന്റെ കടിയേറ്റാലുണ്ടാകുന്ന ലക്ഷണങ്ങൾ

  • കടിയേറ്റ സ്ഥലത്ത് അടയാളവും കഠിനമായ വേദനയും വീക്കവും ഉണ്ടാകും.
  • ഓക്കാനം,​ ഛർദി,​ വയറുവേദന
  • ശ്വസിക്കാൻ ബുദ്ധിമുട്ട്,​ കാഴ്ച മങ്ങൽ
  • അമിതമായ രക്തസ്രാവം

ഓരോ പാമ്പിന്റെയും വിഷം വ്യത്യസ്തമാണ്. ചിലയിനത്തിപ്പെടുന്ന പാമ്പുകൾ കടിച്ചാൽ വിഷം കയറില്ല. അതുപോലെ ശരീരത്തിലെത്തുന്ന വിഷം ഓരോ മനുഷ്യനിലും പ്രവർത്തിക്കുന്നതിന്റെ തീവ്രതയും വ്യത്യസ്തമായി വരാറുണ്ടെന്ന് വിദഗ്ധർ പറയുന്നു. ചിലരിൽ പാമ്പ് കടിയേറ്റ് വിഷം ഉള്ളിലെത്തിയാലും ലക്ഷണങ്ങൾ കാണിക്കില്ല. ഇതിന് അൽപസമയമെടുത്തേക്കാം. അത്തരം സാഹചര്യങ്ങളിൽ ചികിത്സ വെെകുന്നത് മരണത്തിന് വരെ കാരണമാകാം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SNAKE, HOME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360