SignIn
Kerala Kaumudi Online
Friday, 28 August 2026 1.33 PM IST

'തടാകത്തിനുള്ളിൽ വീണ്ടുമൊരു തടാകവും പാറത്തുരുത്തും'; അത്ഭുതക്കാഴ്‌ചകൾ സമ്മാനിക്കുന്ന പ്രകൃതിവിസ്‌മയം

volcanic-landscape
ലൂസോണ ദ്വീപിൽ സ്ഥിതിചെയ്യുന്ന ടാൽ അഗ്നിപർവതം

ലോകത്തിലെ ചില ഭാഗങ്ങൾ അങ്ങേയറ്റം വിചിത്രവും അതിശയകരവുമാണ്. നേരിട്ട് കണ്ടാൽതന്നെ അവ യാഥാർത്ഥ്യമാണോയെന്ന് ചിന്തിച്ചുപോകും. അത്തരത്തിലൊരു കാഴ്‌ചയാണ് ഫിലിപ്പീൻസിൽ കാണാനാകുന്നത്. ഫിലിപ്പീൻസിലെ വിശാലമായ തടാകത്തിന് നടുവിൽ ഒരു ദ്വീപുണ്ട്. ആ ദ്വിപിനുള്ളിലായൊരു അഗ്നിപർവത ഗർത്തം. അതിനുള്ളിൽ വീണ്ടുമൊരു തടാകം. അതിനുള്ളിലായൊരു പാറത്തുരുത്തും.

ഫിലിപ്പീൻസിലെ ടാൽ അഗ്നിപർവതത്തോട് ചേർന്നുള്ള പ്രദേശത്താണ് ഈ ഭൂമിശാസ്‌ത്രപരമായ വിസ്‌മയം സ്ഥിതിചെയ്യുന്നത്. ഫിലിപ്പീൻസിലെ ഏറ്റവും വലിയ ദ്വീപായ ലൂസോണിയിലാണ് ടാൽ അഗ്നിപർവതം സ്ഥിതിചെയ്യുന്നത്. ദൂരത്തുനിന്ന് നോക്കുമ്പോൾ വലിയൊരു തടാകത്തിന്റെ നടുവിൽ ഒരു അഗ്നിപർവത ദ്വീപ് സ്ഥിതിചെയ്യുന്നതായി കാണാം. ഈ തടാകമാണ് ടാൽ തടാകം.

തടാകത്തിനുള്ളിലെ തടാകം

പുരാതനകാലത്തുണ്ടായ വലിയ അഗ്നിപർവത സ്‌ഫോടനങ്ങളാണ് ടാൽ തടാകവും ചുറ്റുമുള്ള പ്രദേശങ്ങളും രൂപപ്പെടുത്തിയത്. ടാൽ തടാകത്തിന്റെ നടുവിൽ ഏകദേശം 24 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയിലാണ് വോൽക്കാനോ ഐലന്റ് സ്ഥിതിചെയ്യുന്നത്. എന്നാൽ, അതിശയിപ്പിക്കുന്ന കാഴ്‌ചകൾ ഇവിടെ അവസാനിക്കുന്നില്ല. വോൽക്കാനോ ഐലന്റിനുള്ളിൽ മറ്റൊരു അഗ്നിപർവത ഗർത്തമുണ്ട്. അതിനുള്ളിലാണ് ക്രേറ്റർ ലേക്കെന്ന ചെറിയ തടാകം. ഈ തടാകത്തിനുള്ളിൽ വുൽക്കാൻ പോയിന്റെന്ന ചെറിയ പാറത്തുരുത്തും കാണാം.

ഏറ്റവും മനോഹരമായ ടാൽ കാഴ്‌ചകൾ സമ്മാനിക്കുന്നിടം

ഭൂമിശാസ്‌ത്രത്തിന്റെ ഈ വിചിത്രമായ പാളികൾ തന്നെയാണ് ടാലിനെ ലോകത്തിലെ ഏറ്റവും കൗതുകകരമായ സ്ഥലങ്ങളിലൊന്നാക്കി മാറ്റുന്നത്. ടാഗാതായ് എന്ന സ്ഥലത്തുനിന്നാൽ ടാലിന്റെ ഏറ്റവും മനോഹരമായ ദൃശ്യങ്ങൾ കാണാനാകും. ഉയർന്നുനിൽക്കുന്ന ഈ പ്രദേശത്തുനിന്നാൽ ടാൽ തടാകത്തിന്റെയും വോൽക്കാനോ ഐലന്റിന്റെയും മനോഹരമായ കാഴ്‌ച കാണാം. തെളിഞ്ഞ ദിവസങ്ങളിൽ ഈ കാഴ്‌ച കൂടുതൽ മനോഹരമാണ്.

സന്ദർശകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ടാലിന്റെ മനോഹരമായ കാഴ്‌ചകൾ കാണാനായി നിരവധി സഞ്ചാരികൾ ഇവിടേക്കെത്താറുണ്ടെങ്കിലും വോൽക്കാനോ ദ്വീപുമായി ബന്ധപ്പെട്ട മേഖലകളിൽ അപകടസാദ്ധ്യത കൂടുതലാണ്. ടാൽ ഇപ്പോഴും സജീവമായ അഗ്നിപർവതമായതിനാൽ ഇവിടെയെത്തുന്ന സഞ്ചാരികൾ അധികൃതരുടെ സുരക്ഷാ നിർദേശങ്ങൾ മറികടക്കാൻ പാടില്ല. നിരവധി തവണ ടാൽ പൊട്ടിത്തെറിച്ചിട്ടുണ്ട്. 1911ലെയും 2020ലെയും സ്‌ഫോടനങ്ങൾ വലിയ നാശനഷ്‌ടങ്ങൾക്ക് കാരണമായിരുന്നു.

ടാഗാതായ് ഉൾപ്പെടെയുള്ള ഔദ്യോഗിക വ്യൂ പോയിന്റുകളിൽനിന്നും തടാകത്തിന് ചുറ്റുമുള്ള മറ്റ് പ്രദേശങ്ങളിൽനിന്നും ടാലിന്റെ ഭംഗി ആസ്വദിക്കുന്നതാണ് കൂടുതൽ സുരക്ഷിതമായ മാർഗം. അഗ്നിപർവതത്തിന് സമീപത്തേക്ക് ബോട്ട് യാത്രയോ മറ്റേതെങ്കിലും വിനോദയാത്രയോ ആസൂത്രണം ചെയ്യുന്നുണ്ടെങ്കിൽ പ്രദേശിക അധികാരികളുടെ മുന്നറിയിപ്പുകൾ നിർ‌ബന്ധമായും പരിശോധിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TAAL VOLCANO, NATURE BEAUTY, TRAVEL DESTINATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360