SignIn
Kerala Kaumudi Online
Monday, 19 October 2026 12.56 PM IST

ദുബായിലെ പ്രവാസികളറിയാൻ; അധികം വൈകാതെ റോഡിനടിയിലൂടെ നിങ്ങൾ യാത്ര ചെയ്യും

transportation
എഐ ചിത്രം

ദുബായ്: പൊതുഗതാഗത സംവിധാനങ്ങളിൽ എക്കാലത്തും വിസ്‌മയം സൃഷ്‌ടിച്ചിട്ടുള്ള നഗരമാണ് ദുബായ്. നിലവിൽ ഡ്രൈവറില്ലാ വാഹനങ്ങൾ ഓടുന്ന ദുബായിൽ വരും വർഷങ്ങളിൽ വലിയ മാറ്റങ്ങളാണ് വരാൻ പോകുന്നത്. ജനസംഖ്യയും റോഡുകളിലെ തിരക്കും കണക്കിലെടുത്ത് ഭൂമിക്കടിയിലൂടെയുള്ള ഗതാഗത വിപ്ലവത്തിന് ഒരുങ്ങുകയാണ് ദുബായ്.

തിരക്കേറിയ റോഡുകൾക്കടിയിലായി ചരക്കുകളും മറ്റ് സേവനങ്ങളുമായി ബന്ധപ്പെട്ട വാഹനങ്ങളാകും സഞ്ചരിക്കുക. ഇതുകൂടാതെ മിനിട്ടുകൾകൊണ്ട് യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന പറക്കുന്ന ടാക്‌‌സികളും ഉടനെത്തും. ദശലക്ഷക്കണക്കിന് താമസക്കാർ, തൊഴിലാളികൾ, സന്ദർശകർ എന്നിവരെത്തുന്ന ദുബായ് എമിറേറ്റിലെ ഈ ത്രിമാന ഗതാഗത ശൃംഖല യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്.

ഭൂമിക്കടിയിലൂടെയുള്ള ഗതാഗത വിപ്ലവം

നഗരത്തിലെ സ്ഥലവിനിയോഗ രീതിയെത്തന്നെ അടിമുടി മാറ്റാൻ സഹായിക്കുന്ന ഭൂഗർഭ ഗതാഗത സംവിധാനമാണിത്. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്‌ക്കാനും താമസ - വാണിജ്യ - വ്യാപാര മേഖലകളെ പരസ്‌പരം ബന്ധിപ്പിക്കാനും ഇത് സഹായിക്കും. ഇതുമായി ബന്ധപ്പെട്ട് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) പഠനം നടത്തിവരികയാണ്.

ദുബായ് ലൂപ്പ്, ദുബായ് മെട്രോ ബ്ലൂ ലൈൻ, പുതുതായി പ്രഖ്യാപിച്ച 34 ബില്യൺ ദിർഹം ചെലവ് വരുന്ന ദുബായ് മെട്രോ ഗോൾഡൻ ലൈൻ തുടങ്ങിയ പ്രധാന ഗതാഗത പദ്ധതികളെ അടിസ്ഥാനമാക്കിയാണ് ഈ പുതിയ സംരംഭം വിഭാവനം ചെയ്‌തിരിക്കുന്നത്. ദുബായിൽ നടന്ന മുഹമ്മദ് ബിൻ റാഷിദ് ലീഡർഷിപ്പ് ഫോറം 2026ൽ ആർടിഎ ഡയറക്‌ടർ ജനറലും ബോർഡ് ഓഫ് എക്‌സിക്യൂട്ടീവ് ഡയറക്‌ടേഴ്‌സ് ചെയർമാനുമായ മത്താർ അൽ തായർ ആണ് ഈ ദീർഘകാല കാഴ്‌ചപ്പാട് അവതരിപ്പിച്ചത്. ഭൂഗർഭതലം, ഉപരിതലതലം, ആകാശതലം എന്നിങ്ങനെ പരസ്‌പരം ബന്ധിപ്പിക്കപ്പെട്ട മൂന്ന് തലങ്ങളിലായി നഗരത്തിലെ ഗതാഗത സംവിധാനത്തെ പുനഃരൂപകൽപ്പന ചെയ്യുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇതൊരു സാധാരണ റോഡ് ടണലോ ഭൂഗർഭ റെയിൽവേ സ്റ്റേഷനോ മാത്രമല്ല. ദുബായിയുടെ അടിയിലുള്ള സ്ഥലത്തെ നഗര അടിസ്ഥാന സൗകര്യങ്ങളുടെ മറ്റൊരു തലമാക്കി മാറ്റുക എന്നതാണ് ഇതിന്റെ ആശയം. സാമ്പത്തിക പ്രവർത്തനങ്ങളെ പിന്തുണയ്‌ക്കുന്നതിനൊപ്പം ഉപരിതലത്തിലുള്ള ഭൂമിയെ കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കാനും ഇത് സഹായിക്കും. നിലവിലുള്ള റോഡുകളിലെ തിരക്ക് കുറയ്‌ക്കാനും കാൽനട യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാകുകയും ചെയ്യും. നിലവിൽ പദ്ധതി പഠനഘട്ടത്തിലാണ്. ഇതിനായുള്ള പാതകൾ, ചെലവ്. നടപ്പിലാക്കാൻ വേണ്ട സമയം എന്നിവയൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

traffic
പ്രതീകാത്മക ചിത്രം

ദുബായ് ലൂപ്പ്

ദുബായിയുടെ ഭൂഗർഭ ഗതാഗത പദ്ധതികളെക്കുറിച്ചുള്ള കാഴ്‌ചപ്പാടുകൾ വ്യക്തമാക്കുന്ന സംരംഭങ്ങളിലൊന്നാണ് ദുബായ് ലൂപ്പ്. ആർടിഎയും ദി ബോറിംഗ് കമ്പനിയും തമ്മിലുള്ള സഹകരണത്തിലൂടെ വികസിപ്പിച്ചെടുക്കുന്ന തുരങ്കങ്ങളെ അടിസ്ഥാനമാക്കിയുള്ള ഗതാഗത സംവിധാനമാണിത്. തിരക്കേറിയ ഇടങ്ങളിൽ ഭൂഗർഭ തുരങ്കത്തിലൂടെ യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുക എന്നതാണ് ഈ ആശയത്തിന്റെ കാതൽ.

ഏതെല്ലാം റൂട്ടുകളിലാണ്, എത്ര യാത്രക്കാരെ ഉൾക്കൊള്ളാൻ സാധിക്കും, നിലവിലുള്ള പൊതുഗതാഗത സംവിധാനങ്ങളുമായി ഇത് എങ്ങനെ സംയോജിപ്പിക്കുന്നു എന്നിവയെ ആശ്രയിച്ചായിരിക്കും ഇതിന്റെ നേട്ടങ്ങൾ പറയാനാവുക. ഈ ഭൂഗർഭ ഗതാഗത പദ്ധതികൾ, ദുബായിലെ താമസക്കാരുടെ ദൈനംദിന ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നേക്കാം. പ്രത്യേകിച്ച് കുടുംബമായി താമസിക്കുന്നവർക്ക് സ്‌കൂൾ, ആശുപത്രികൾ, ഷോപ്പിംഗ് കേന്ദ്രങ്ങൾ, തൊഴിലിടങ്ങൾ എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ കൂടുതൽ എളുപ്പമാകും.

നഗരത്തിലെ ലോജിസ്റ്റിക്‌സ് രംഗത്ത് പുതിയ രീതികൾ ഇതിലൂടെ വന്നേക്കാം. നഗരാസൂത്രണത്തിലും ഇതിന് വലിയ സ്വാധീനം ചെലുത്താനാകും. ഗതാഗത സംവിധാനങ്ങൾ ഭൂമിക്കടിയിലേക്ക് മാറ്റുന്നതോടെ, നിലവിലുള്ള റോഡിലൂടെ നടപ്പാതകൾ, സൈക്കിൾ പാതകൾ, മറ്റ് സാമൂഹിക സൗകര്യങ്ങൾ എന്നിവ വികസിപ്പിക്കാൻ അവസരം ലഭിക്കും.

11 ദശലക്ഷം റോഡ് യാത്രകൾ

പകൽ സമയത്ത് 60 ലക്ഷത്തിലധികം ആളുകളാണ് ദുബായിൽ സഞ്ചരിക്കുന്നത്. 2040ഓടെ ഇത് ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായിലെ റോഡുകളിൽ ആകെ 11 ദശലക്ഷത്തിലധികം യാത്രകൾ നടക്കുന്നുണ്ട്. അതായത് ഒരു മിനിട്ടിൽ ഏകദേശം 7,000 യാത്രകൾ. നഗരത്തിലെ ജനസംഖ്യയും സാമ്പത്തിക പ്രവർത്തനങ്ങളും സന്ദർശകരുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, കാര്യക്ഷമമായ ഗതാഗത സംവിധാനം നിലനിർത്തുക എന്നത് വലിയൊരു വെല്ലുവിളിയാണെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.

mattar-al-tayer
മത്താർ അൽ തായർ

തുടരുന്ന വികസനം

നിലവിൽ യുഎഇയിലുള്ള പരിവർത്തനത്തിന് പിന്നിൽ 20 വർഷത്തിന് മുമ്പെടുത്ത തീരുമാനങ്ങളാണെന്ന് അൽ തായർ ചൂണ്ടിക്കാട്ടി. 2005ന് മുമ്പ് ദുബായ് അതിവേഗ വികസനത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാൽ, നഗരവികസനത്തിനൊപ്പം സഞ്ചരിക്കാൻ അവിടത്തെ അടിസ്ഥാന ഗതാഗത സൗകര്യങ്ങൾക്ക് സാധിച്ചിരുന്നില്ല.

ഗതാഗതക്കുരുക്ക്, യാത്രാസൗകര്യങ്ങളിലെ പരിമിതികൾ, സാമ്പത്തിക നഷ്‌ടങ്ങൾ, റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ എന്നിവ കണക്കിലെടുത്ത് രണ്ട് മാസത്തിനുള്ളിൽ സമഗ്ര ഗതാഗത പഠനം തയ്യാറാക്കാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്‌ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്നോട് നിർദേശിച്ച കാര്യം അൽ തായർ സ്‌മരിച്ചു.

ഒരു മാസത്തിനുള്ളിൽ തന്നെ 75 ബില്യൺ ദിർഹം പ്രാരംഭ ബഡ്‌ജറ്റോടെ ആർടിഎ (റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി) രൂപീകരിച്ചു. ഈ തീരുമാനമാണ് നിലവിൽ കാണുന്ന ദുബായ് മെട്രോ, പ്രധാന ഹൈവേ ശൃംഖലകൾ, പാലങ്ങൾ, തുരങ്കങ്ങൾ, സംയോജിത പൊതുഗതാഗത സംവിധാനങ്ങൾ എന്നിവയുടെ വികസനത്തിന് അടിത്തറ പാകിയത്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ആർടിഎ നടപ്പിലാക്കിയ പദ്ധതികൾ ദുബായുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിലേക്ക് 156 ബില്യൺ ദിർഹം സംഭാവന നൽകി. ആഗോളതലത്തിൽ വലിയ പ്രതിസന്ധികൾ നേരിട്ട സമയത്തും ദുബായ് ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നത് തുടർന്നു. ആഗോള സാമ്പത്തിക പ്രതിസന്ധി നിലനിന്നിരുന്ന 2009ലാണ് ദുബായ് മെട്രോ പ്രവർത്തനം ആരംഭിച്ചത്. കൊവിഡ് കാലത്താണ് റൂട്ട് 2020 സർവീസ് തുടങ്ങിയതെന്നും അൽ തായർ പറഞ്ഞു.

ഏത് പ്രതിസന്ധി ഘട്ടത്തിലും ദുബായിലെ വികസന പ്രവർത്തനങ്ങൾ ഇനിയും തുടരുമെന്നാണ് ചരിത്രം ഓർമപ്പെടുത്തിയതിലൂടെ അദ്ദേഹം ലക്ഷ്യമിട്ടത്. അതിനാൽ വരും വർഷങ്ങളിൽ ലോകത്തെ തന്നെ അതിശയിപ്പിക്കും വിധമുള്ള മാറ്റങ്ങളാകും വരാൻ പോവുന്നത്.

English Summary

Dubai is planning a major transport transformation with underground mobility networks, flying taxis, and new metro projects. The proposed system aims to reduce traffic congestion, improve connectivity, and support the emirate’s growing population. The underground transport initiative is still under study, with routes, costs, and implementation timelines yet to be announced.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DUBAI UNDERGROUND TRANSPORT, DUBAI FLYING TAXI, DUBAI LOOP PROJECT, DUBAI METRO GOLDEN LINE, DUBAI UNDERGROUND TRANSPORT PADHATHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360